ചെങ്ങന്നൂർ: മെഡിക്കൽ കോളജിൽ മരിച്ച വയോധികൻ്റെ ബന്ധുക്കൾ വിവരമറിയുന്നത് നാലാം ദിനം. തീവ്ര പരിചരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചയാളുടെ വിവരം അന്വേഷിച്ചെത്തിയ ബന്ധുക്കൾക്ക് ലഭിച്ച മറുപടി ണാലു ദിവസം മുന്നെ മരിച്ചെന്നും മൃതദേഹം മോർച്ചറിയിലുണ്ടെന്നുമാണ്. ചെങ്ങന്നൂർ മുളക്കുഴ പെരിങ്ങാല കൗണോടിയിൽ വീട്ടിൽ കെ.ടി. തങ്കപ്പൻ (68) ൻ്റെ മരണവിവരമാണ് നാലാം ദിനം അന്വേഷിച്ചെത്തിയ ബന്ധുക്കൾ അറിഞ്ഞത്.
തങ്കപ്പൻ്റെ ഭാര്യ ചന്ദ്രിക കോവിഡ് ബാധിച്ചതിനെത്തുടർന്ന് ചെങ്ങന്നൂരിലെ മുളക്കുഴ സെഞ്ച്വറി ആശുപത്രിയിലെ സെക്കൻ്റ് ലൈൻ ട്രീറ്റ് മെൻ്റ് സെൻ്ററിൽ ആയിരുന്നു. അവിടെ വെച്ച് കട്ടിലിൽ നിന്ന് താഴെ വീണുപരിക്കേൽക്കുകയും, ഏഴാം തീയതി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ഈ സമയം ഭർത്താവ് തങ്കപ്പനായിരുന്നു കുട്ടിരുന്നത്. എന്നാൽ 9-ാം തീയതി തങ്കപ്പന് ദേഹാസ്വസ്ഥ്യം ഉണ്ടാവുകയും മകൻ ജിത്തുവിനെ അമ്മക്ക് കൂട്ടിരിക്കുവാൻ വരുത്തുകയും ചെയ്തു.
ഇതിനിടയിൽ തങ്കപ്പന്‍റെ സ്ഥിതി വഷളായതിനെത്തുടർന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.നേരത്തെ, തങ്കപ്പൻ കോവിഡ് ബാധിതനായിരുന്നെങ്കിലും പിന്നീട് നെഗറ്റീവായിരുന്നു. 10-ാം തീയതി ഐ.സി.യു വിൽ പ്രവേശിപ്പിച്ച തങ്കപ്പനെപ്പറ്റി പിന്നീട് ഒരു വിവരവും ലഭിച്ചിരുന്നില്ല .14-ാം തീയതി വൈകിട്ട് ബന്ധുവായ വിജയൻ ഐ.സി.യുവിൽ ചെന്ന് വിവരം അന്വേഷിച്ചപ്പോഴാണ് തങ്കപ്പൻ മരിച്ചിട്ട് നാലു ദിവസം കഴിഞ്ഞെന്നും, മോർച്ചറിയിലേക്ക് മാറ്റിയെന്നും അറിയാൻ കഴിഞ്ഞത്.
തങ്കപ്പന്‍റെ ബന്ധുക്കളുടെ ഫോൺ നമ്പർ ഇല്ലെന്നും മേൽവിലാസം അറിയില്ല എന്നുമുള്ള വിചിത്രമായ മറുപടിയാണ് ആശുപത്രി അധികൃതർ വിവരം അറിയിക്കാത്തിന് കാരണമായി പറയുന്നത്. ചെങ്ങന്നൂരിൽ നിന്നുമുള്ള റഫറൻസ് ലറ്റർ, ആധാർ കാർഡ്, റേഷൻകാർഡ് എന്നീ രേഖകൾ എല്ലാം ഹാജരാക്കിയ ശേഷമാണ് ചന്ദ്രികക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശനം അനുവദിച്ചത്. ഇതു സംബന്ധിച്ച് രേഖകൾ പോലീസ് ഔട്ട് പോസ്റ്റിലും നൽകിയിട്ടുണ്ട്.
പോസ്റ്റുമോർട്ടത്തിനു ശേഷം തങ്കപ്പൻ്റെ മൃതദേഹം പെരിങ്ങാലയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഇവരുടെ മൂത്ത മകൻ ജിതിൻ വിദേശത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.