കോഴിക്കോട്: മേയർഭവനിൽ യു.ഡി.എഫ് കൗൺസിലർമാർ കയറി ആക്രമണം നടത്തിയെന്നാരോപിച്ച് എൽ.ഡി.എഫ് അംഗങ്ങൾ നഗരത്തിൽ പ്രതിഷേധ മാർച്ച് നടത്തി. സംസ്കാരശൂന്യത പ്രകടിപ്പിക്കുന്ന യു.ഡി.എഫ് അംഗങ്ങളോട് തെരുവുപട്ടികളോടെന്ന പോലെ സമീപനം സ്വീകരിക്കേണ്ട അവസ്ഥവന്നെന്ന് പരിപാടിയിൽ സംസാരിച്ച സി.പി.എം സംസ്ഥാന കൗൺസിൽ അംഗം എ. പ്രദീപ്കുമാർ പറഞ്ഞു.
മേയർ ഭവനിൽ കയറി അക്രമം കാണിച്ച യു.ഡി.എഫ് കൗൺസിലർമാരുടെ വീടുകളിൽ അതേ രീതിയിൽ പ്രതികരിക്കേണ്ടിവരും. പി.കെ. നാസർ അധ്യക്ഷതവഹിച്ചു. മേയർ ഡോ. ബീന ഫിലിപ്പ്, ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, മുക്കം മുഹമ്മദ്, പി.ടി. ആസാദ്, എൻ.സി. മോയിൻ കുട്ടി, എം.പി. സൂര്യനാരായണൻ തുടങ്ങിയവർ സംസാരിച്ചു. മുതലക്കുളത്ത് നിന്നാണ് മാർച്ച് ആരംഭിച്ചത്.
കോഴിക്കോട്: പഞ്ചാബ് നാഷനൽ ബാങ്കിലെ കോർപറേഷൻ അക്കൗണ്ടിൽ നിന്ന് 15 കോടി ചോർന്ന സംഭവമുൾപ്പെടെ കോർപറേഷൻ ഭരണകൂടത്തിന്റെ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ യു.ഡി.എഫ് സംഘടിപ്പിക്കുന്ന ധർണ ഡിസംബർ ആറിന് രാവിലെ കോർപറേഷൻ ഓഫിസിനുമുന്നിൽ നടക്കും.
യു.ഡി.എഫ് ജില്ല കമ്മിറ്റി വിളിച്ചുചേർത്ത കോർപറേഷൻ തല യു.ഡി.എഫ് നേതൃയോഗം പരിപാടി തയാറാക്കി. ബാങ്കിലെ അഴിമതിയിലേക്ക് നയിച്ചത് കോർപറേഷൻ ഭരണകൂടത്തിന്റെ കൃത്യവിലോപവും അനാസ്ഥയുമാണ്.
ഇതിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് ബാങ്കിന് മുന്നിലേക്ക് ഇടതുമുന്നണി നടത്തുന്ന സമരം. ഇത് പരിഹാസ്യമാണ്. അഴിമതി ഇ.ഡിയും ആർ.ബി.ഐയും അന്വേഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജനവാസ കേന്ദ്രങ്ങളായ കോതി, ആവിക്കൽതോട് പ്രദേശങ്ങളിൽ എസ്.ടി.പി അടിച്ചേൽപ്പിക്കാനുള്ള നീക്കത്തെ ജനപക്ഷത്തുനിന്ന് ചെറുക്കും. ജില്ല ചെയർമാൻ കെ. ബാലനാരായണൻ അധ്യക്ഷതവഹിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു.
മുസ് ലിം ലീഗ് ജില്ല പ്രസിഡന്റ് ഉമർ പാണ്ടികശാല, യു.ഡി.എഫ് ജില്ല കൺവീനർ എം.എ. റസാക്ക്, കെ.സി. ശോഭിത, കെ. മൊയ്തീൻകോയ, എം.എ. മജീദ്, എസ്.കെ. അബൂബക്കർ, കെ.വി. കൃഷ്ണൻ, സി.ടി. സക്കീർ, പി. ഇസ്മായിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.