കോഴിക്കോട്: ജില്ലയിലെ ആദ്യകാല ഫുട്ബാൾ താരങ്ങളിലെ മുൻനിര പേരുകാരിലൊരാളായിരുന്നു തിങ്കളാഴ്ച അന്തരിച്ച അറക്കലകം കുഞ്ഞിക്കോയ എന്ന ഗോളിക്കുഞ്ഞി. ഏത് മിന്നലാക്രമണങ്ങളെയും ക്രോസ്ബാറിന് കീഴിൽ നെഞ്ച് വിരിച്ചുനിന്ന ഗോൾകീപ്പറായിരുന്നു ഇദ്ദേഹം.
എല്ലാ കോഴിക്കോട്ടുകാരനെയും പോലെ കാൽപന്തുകളി സിരകളിൽ അലിഞ്ഞ കുഞ്ഞിക്കോയ ചെറുപ്രായത്തിൽതന്നെ പന്തുകളിയിൽ സജീവമായിരുന്നു. സിറ്റി കംപാനിയൻസ്, മലബാൾ ഹണ്ടേഴ്സ്, ഡയനാമോസ് തുടങ്ങിയ ടീമുകളുടെ ഗോൾവല കാത്ത കുഞ്ഞിയെ പിന്നീട് പ്രമുഖ ടീമായ ഇൻഡിപ്പെൻഡൻസ് ഏറ്റെടുക്കുകയായിരുന്നു.
ജില്ല ലീഗിൽ ഇൻഡിപ്പെൻഡൻസിന് വേണ്ടി തകർപ്പൻ പ്രകടനമായിരുന്നു ഇദ്ദേഹത്തിന്റേത്. ജില്ല ടീമിലും കളിച്ചിരുന്നു. അമ്പതുകളുടെ ആദ്യ പകുതി മുതൽ 1966 വരെ സജീവമായി കളിക്കളത്തിലുണ്ടായിരുന്നു. 1963 മുതൽ '66 വരെയായിരുന്നു ഇൻഡിപെൻഡൻസിൽ കളിച്ചത്. '66ൽ കളി നിർത്തി. ഉയരക്കുറവിനെ ശാരീരികമായ മെയ്വഴക്കം കൊണ്ട് മറികടന്ന താരമായിരുന്നു കുഞ്ഞിക്കോയ. എന്നാലും ഉയരം മാനദണ്ഡമായതിനാൽ ഉയരങ്ങളിലെത്താൻ കഴിയാത്ത താരമായിരുന്നു അദ്ദേഹം. തമിഴ്നാട്ടിലെ ക്ലബുകൾക്ക് വേണ്ടി അതിഥിതാരമായും കളിച്ചിരുന്നു.
1989ൽ മാനാഞ്ചിറ മൈതാനത്ത് മുൻതാരം സെയ്ത് മുഹമ്മദിനായി ധനശേഖരണാർഥം നടന്ന പ്രദർശന മത്സരത്തിൽ കേരളത്തിന്റെ വെറ്ററൻസ് ടീമിലും കളിച്ചു.
ജൂനിയർ കേരള വനിത ടീമിനെതിരെ അണിനിരന്ന കേരളാ വൈറ്ററൻസ് ടീമിൽ സെയ്ത് മുഹമ്മദ്, ഒളിമ്പ്യൻ റഹ്മാൻ, വിക്ടർ മഞ്ഞില, അപ്പാമണി, എം.ആർ.സി. കൃഷ്ണൻ, നടരാജൻ, സി.പി.എം. ഉസ്മാൻ കോയ, സി. ഉമ്മർ, മലപ്പുറം മൊയ്തീൻകുട്ടി, ലെഫ്റ്റ് ഔട്ട് കുഞ്ഞി എന്നിവർക്കൊപ്പമാണ് ഗോളിക്കുഞ്ഞി കളിക്കാനിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.