തിരുവനന്തപുരം: ആക്ഷേപഹാസ്യത്തിന്റെ മൂർച്ചകൊണ്ട് മുറിവേൽപ്പിക്കുമായിരുന്നെങ്കിലും വിമർശിക്കപ്പെട്ടവരുടെ കൂടി സൗഹൃദവലയത്തിൽ നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു അന്തരിച്ച മുതിർന്ന മാധ്യമപ്രവർത്തകൻ ഇ. സോമനാഥ്. ഭൗതികശരീരം തിരുവനന്തപുരം പ്രസ്ക്ലബിന് മുന്നിൽ പൊതുദർശനത്തിന് െവച്ചപ്പോൾ എത്തിയ വിവിധ തുറകളിൽ നിന്നുള്ളവർ ആ സൗഹൃദത്തിന്റെ ഊഷ്മളത സാക്ഷ്യപ്പെടുത്തുന്നു.
സ്വതസിദ്ധശൈലികൾകൊണ്ട് എന്നും അദ്ദേഹം വ്യത്യസ്തനായിരുന്നു. 'ആയിക്കോട്ടീശ്വരാ'എന്നീ പദപ്രയോഗങ്ങൾ അവയിൽ ചിലത് മാത്രം. രണ്ട് ദിവസം മുമ്പാണ് അപകടമുണ്ടായതും മസ്തിഷ്ക മരണം സംഭവിച്ചതും. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ മരണത്തോട് മല്ലടിക്കുമ്പോൾ അദ്ദേഹത്തിെൻറ മടങ്ങിവരവിനായുള്ള പ്രാർഥനയിലായിരുന്നു സുഹൃത്തുക്കൾ. വെള്ളിയാഴ്ച രാവിലെ പന്ത്രണ്ടോടെ മരണം ഉറപ്പിച്ചു.
മലയാള മനോരമയുടെ സീനിയർ സ്പെഷൽ കറസ്പോണ്ടന്റായി മാസങ്ങൾക്ക് മുമ്പ് വരെ സേവനമനുഷ്ഠിച്ച സോമനാഥ് പക്ഷെ അതിന് ശേഷവും വിശ്രമിച്ചിരുന്നില്ല. കോട്ടയം, ഇടുക്കി, കണ്ണൂർ, കൊല്ലം, ഡൽഹി, തിരുവനന്തപുരം യൂനിറ്റുകളിൽ പ്രവർത്തിച്ചു. പല പുസ്തകങ്ങളുടെയും വിവർത്തനത്തിന്റെയും വായനയുെടയും ലോകത്തായിരുന്നു. രാഷ്ട്രീയം, പരിസ്ഥിതി തുടങ്ങിയ മേഖലകളിൽ കേരളം കണ്ട ഏറ്റവും മികച്ച മാധ്യമപ്രവർത്തകരിൽ ഒരാളായിരുന്നു.
അതുല്യമായ ശൈലിയിൽ അദ്ദേഹം എഴുതിയ രാഷ്ട്രീയലേഖനങ്ങളും പംക്തികളും ഏറെ ശ്രദ്ധിക്കപ്പെട്ടു. 'സോമേട്ടൻ'എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. 'ആഴ്ചക്കുറിപ്പുകൾ'എന്ന പേരിൽ മലയാള മനോരമ എഡിറ്റോറിയൽ പേജിൽ ദീർഘകാലം എഴുതിയ പ്രതിവാര രാഷ്ട്രീയപംക്തിയിലെ ലേഖനങ്ങൾ കേരളമാകെ ചർച്ച ചെയ്യപ്പെട്ടു. 'നടുത്തളം'നിയമസഭാവലോകനങ്ങൾ സൂക്ഷ്മനിരീക്ഷണം കൊണ്ടും മൂർച്ചയേറിയ ആക്ഷേപഹാസ്യശരങ്ങൾ കൊണ്ടും എന്നും വ്യത്യസ്തമായിരുന്നു.
വിമർശനാത്മകമായി ആണെങ്കിൽ പോലും അദ്ദേഹത്തിെൻറ ആ കുറിപ്പുകളിൽ പേര് പരാമർശിക്കപ്പെടാൻ ആഗ്രഹിക്കാത്ത നിയമസഭാംഗങ്ങളും കുറവായിരുന്നു. ഔദ്യോഗിക കാലയളവിനിടെ വെറും അഞ്ചുദിവസം മാത്രമാണ് സോമനാഥ് നിയമസഭാ അവലോകനത്തിനായി സഭയിലെത്താതിരുന്നത്. നിയമസഭാ റിപ്പോർട്ടിങ്ങിൽ പതിറ്റാണ്ടുകൾ പിന്നിട്ട അപൂർവത കണക്കിലെടുത്ത് സാമാജികർക്ക് മാത്രമായി അനുവദിച്ച നിയമസഭയിലെ മീഡിയാ റൂമിൽ പ്രത്യേക ചടങ്ങിലൂടെ ഇക്കഴിഞ്ഞ ആഗസ്റ്റിൽ സോമനാഥിനെ ആദരിച്ചിരുന്നു. സ്പീക്കറും മന്ത്രിമാരും എം.എൽ.എമാരും നേരിട്ടെത്തിയാണ് സോമനാഥിനെ ആദരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.