മാധ്യമം ഡെപ്യൂട്ടി എഡിറ്ററായിരുന്ന അസ്സൈൻ കാരന്തൂർ സർവതല സ്പർശിയായ ഒരു അതുല്യ പ്രതിഭ എന്ന് പറഞ്ഞാൽ പോര, ഒരു വഴികാട്ടിയും നിസ്വാർഥ സേവകനും സ്വയം ഒരു പ്രസ്ഥാനവും ജാടകളില്ലാത്ത ശുദ്ധ മനുഷ്യനുമായിരുന്നു. ഒന്നും പ്രതീക്ഷിക്കാത്ത, ഒന്നിനും കണക്ക് പറയാത്ത ശുദ്ധ മനസ്കൻ. നാട്ടുകാർക്ക് പ്രിയങ്കരൻ. ആർക്ക് എന്ത് ഫോറം പൂരിപ്പിക്കണമെങ്കിലും അസ്സൈൻ വേണം.

നാട്ടുകാർക്കെല്ലാം എന്ത് പഠിക്കണം, എവിടെ പഠിക്കണം എന്നെല്ലാം പറഞ്ഞു തരുന്ന ആശാൻ. അസ്സൈൻക്ക പഠിച്ചത് കുന്നമംഗലം ഹൈസ്കൂളിൽ. അന്നേ മൂപ്പർ നല്ല ഒറിജിനൽ തങ്കപ്പെട്ട കെ.എസ്.യുക്കാരൻ. കോഴിക്കോട് ദേവഗിരി കോളജിൽനിന്ന് പ്രീഡിഗ്രിയും ബി.എസ്.സിയും നേടി. നാട്ടിലെ കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിട്ടും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പറഞ്ഞു മോഹിപ്പിച്ചു പറ്റിച്ചത് വിഷമമായി. അങ്ങനെ പന്തം അടയാളത്തിൽ സ്വതന്ത്രനായി മത്സരിച്ചു. യു.ഡി.എഫുകാർ അന്നേ ജമാഅത്തുകാരൻ എന്ന മുദ്രകുത്തി ഒറ്റപ്പെടുത്തി.

മാതൃഭൂമി വാരാന്ത പതിപ്പിൽ അസ്സൈൻ കാരന്തൂർ, കോയ കുന്നമംഗലവുമായി ചേർന്ന് ലോറിക്കാരുടെ ജീവിതം ആദ്യമായി എഴുതി. ‘ഭാരം കയറ്റി ഓടുന്ന ജീവിതങ്ങൾ’ എന്ന ഫീച്ചർ പക്ഷേ ഭൂമറാങ്ങായി. അന്ന് ഏറ്റവും കൂടുതൽ ലോറിക്കാർ കാരന്തൂർ, കുന്ദമംഗലം, പതിമംഗലം ഭാഗത്തായിരുന്നു. അവരുടെ ദൂര ട്രിപ്പുകൾക്കിടയിൽ വയനാടൻ ചുരത്തിലെ ലോറിക്കാരുടെ വിശ്രമ കേന്ദ്രം വിവാദമായിരുന്നു.

കാരന്തൂരിലെ കുട്ടികളെ കളി പഠിപ്പിച്ചവൻ, ഫുട്ബാൾ ഭ്രാന്ത് മൂത്ത കളി ആശാൻ, ഇടക്ക് റഫറി. കളി മാത്രമല്ല കളി എഴുത്തും. അന്ന് വീക്ഷണം വാരിക വളരെ പ്രചാരമുള്ളതായിരുന്നു. ഞങ്ങൾ വീക്ഷണത്തിലും ഫുട്ബാൾ ഫ്രണ്ട് മാസികയിലും എഴുതി തുടങ്ങി. ഫുട്ബാൾ ഫ്രണ്ട് പ്രതിനിധി ആയി പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴേ പ്രസ് പാസ്സും വാങ്ങി നാഗ്ജി ഫുട്ബാൾ പ്രസ് ഗാലറിയിലിരുന്ന് കാണാൻ ഭാഗ്യം വന്നത് എനിക്കാണ്. ചായ, വട ഫ്രീ കിട്ടും. പക്ഷേ ഞാൻ പാസ് അസ്സൈൻകാക്ക് കൊടുത്തു. ഏറ്റവും അർഹൻ കളി കാണട്ടെ. അദ്ദേഹം നാഗ്ജി കണ്ടു, എഴുതി.

പണ്ട് ടിപ്പു സുൽത്താൻ തമ്പടിച്ചു എന്ന് പറയുന്ന കാരന്തൂർ കശ്മീർ കുന്നിന്റെ ഉച്ചിയിലാണ് ഞങ്ങളുടെ പുൽ മൈതാനം. അവിടെ കളിക്കാൻ വരുന്നവർ തമ്മിൽ മിക്കവാറും തർക്കങ്ങളുണ്ടാവും. അത് പരിഹരിക്കുന്നത് അസ്സൈൻക്കയാണ്. കൃഷി വകുപ്പിലെ ഒന്നാന്തരം ജോലിയും അനുകൂല്യങ്ങളും ഉപേക്ഷിച്ചു അതിന്റെ പകുതിയിലും കുറഞ്ഞ തുകക്ക് ഇറങ്ങി പുറപ്പെടാൻ പ്രചോദനം ജേർണലിസത്തോടുള്ള പാഷൻ തന്നെയാണ്. ഇൻബോൺ ജേർണലിസ്റ്റ് എന്ന് ആരെയെങ്കിലും വിളിക്കാമെങ്കിൽ ഇദ്ദേഹത്തെയാണ്. ഞങ്ങളുടെയൊക്കെ ജേർണലിസം ലൈഫിന്റെ വഴികാട്ടിയായിരുന്നു അദ്ദേഹം.

1987ൽ മാധ്യമം തുടങ്ങുമ്പോൾ തന്നെയാണ് അസ്സൈൻക്ക വെള്ളിമാടുകുന്നിലെ യഥാർഥ വെള്ളിനക്ഷത്രമായി, ഡസ്കിന്റെ എപ്പോഴും ചിരിക്കുന്ന മുഖമായി മാറുന്നത്. അയഞ്ഞ ഷർട്ടും ഡബിൾ മുണ്ടും ഉടുത്തു സൗമ്യമായി മാധ്യമത്തിന് വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതം. ലീഗ് ടൈംസിൽ കൃഷിയും സ്പോർട്സും എഴുതിയിരുന്നു. കെ.എസ്.ആർ.ടി.സിയിൽ മാധ്യമത്തിൽ വന്നിറങ്ങുന്ന അസ്സൈൻക്ക സമയം നോക്കാതെ ജോലി ചെയ്തു. അതായത് വളരെ നേരത്തെ വരും, വളരെ വൈകി പോകും.

ലൈം ലൈറ്റിലേക്ക് വരാതെ അണിയറയിൽ ഇരുന്ന് പത്രം തയാറാക്കുന്ന, അക്ഷരാർഥത്തിൽ ഊണിലും ഉറക്കിലും പത്രത്തിൽ കുളിച്ചു കളിച്ച മനുഷ്യൻ. ഉന്നതസ്ഥാനങ്ങളിൽ ഉള്ളവരേക്കാൾ പത്രം നെഞ്ചേറ്റിയ ഈ മനുഷ്യൻ ഇല്ലായിരുന്നെങ്കിൽ പത്രം ഹൃദയംകൊണ്ട് ഏറ്റുവാങ്ങിയ ആയിരക്കണക്കിന് പ്രവർത്തകരുടെ ആഗ്രഹം പൂവണിയുമായിരുന്നോ എന്ന് സംശയമാണ്. എഡിറ്റർമാർക്ക് ധൈര്യമായി ഉറങ്ങാൻ കഴിഞ്ഞത് ഇദ്ദേഹം ആ കസേരയിൽ ഉണർന്നിരുന്നതുകൊണ്ടാണെന്ന് പറയാറുണ്ട്.

പുതിയവരെയും ട്രെയിനികളെയും വലുപ്പ, ചെറുപ്പ വ്യത്യാസമില്ലാതെ പരിഗണിക്കും. കുറ്റം പറയാനില്ലാത്ത ജീവിതം. മാധ്യമത്തിൽനിന്ന് റിട്ടയർ ആയ അസ്സൈൻക്ക സത്യത്തിൽ വിരമിക്കുകയല്ല, അന്നേ മരിക്കുകയായിരുന്നു. ഒരു കൂട്ടുകാരൻ കൂടി ഉണ്ടായിരുന്നു അദ്ദേഹത്തിന്. ഒരു ഹവായി ചെരുപ്പ്. ദേവഗിരിയിൽ നിന്ന് ബി.എസ്.സി ബിരുദവുമായി പുറത്തിറങ്ങിയശേഷം കളമശ്ശേരിയിലെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു. പിന്നീട് അക്കാലത്തെ എല്ലാ ബിരുദധാരികളെയും പോലെ ഒരു ട്യൂട്ടോറിയൽ പ്രസ്ഥാനവും പൊതുപ്രവർത്തനവുമായി കഴിഞ്ഞു. പത്രപ്രവർത്തനത്തിൽ മൈസൂർ യൂനിവേഴ്സിറ്റിയിൽനിന്ന് കോഴ്സ് ചെയ്ത ശേഷമാണ് കൃഷിവകുപ്പിൽ ജോലി ലഭിച്ചത്.

അനീതിക്കെതിരെ പ്രതികരിക്കുന്ന വിപ്ലവകാരിയല്ല അദ്ദേഹം. തന്റെ സൗമ്യഭാവത്താൽ ഏത് അനീതിയെയും വകഞ്ഞുമാറ്റുന്ന നീതിമാൻ എന്നേ പറയാനാവൂ. ഗൾഫിൽ പോകാൻ നല്ല അവസരമുണ്ടായിരുന്നു. സഹോദരങ്ങൾ ദുബൈയിലുണ്ട്. അവരുടെ ക്ഷണവുമുണ്ട്. പക്ഷെ പണമുണ്ടാക്കാനല്ല, താൻ സ്നേഹിക്കുന്ന, തന്നെ സ്നേഹിക്കുന്നവരുള്ള നാടും പത്രവും വിടാനായില്ല. ഒടുവിൽ കുഴഞ്ഞുവീണതും കാരന്തൂർ ടൗണിൽ പ്രഭാതസവാരിക്കിടെ. ലക്ഷക്കണക്കിന് വാർത്തകൾ കണ്ട ആ കണ്ണുകൾ അടഞ്ഞുവെന്ന് വിശ്വസിക്കാൻ വാർത്ത സ്നേഹികൾക്ക് ഇത്തിരി പ്രയാസമുണ്ടാവും.

കൊടുവള്ളി കൊയപ്പ ഫുട്ബാൾ ട്രോഫിയാണ് ഞങ്ങളുടെ അങ്കം. അതിനായി ടീമിനെ ഒരുക്കും. തോൽക്കും. ഒരേയൊരു തവണ കാരന്തൂർ ടീം ട്രോഫി നേടിയത് അസ്സൈൻക്ക എന്ന ശക്തിയുടെ പിൻബലംകൊണ്ടാണ്.

അദ്ദേഹത്തിന് അറിയാത്ത മേഖലകളില്ല. പൊതുവിജ്ഞാനത്തിന്റെ, വ്യക്തിത്വവികാസത്തിന്റെ പാഠങ്ങൾ എത്ര പേരെ പഠിപ്പിച്ചു. ഇല്ല, ഒരു കണക്കുമില്ല. ലീവെടുക്കാത്ത ജീവനക്കാരനായിരുന്നു. കുടുംബത്തേക്കാൾ പത്രപ്രവർത്തനത്തെ കാമിച്ച യോഗി എന്ന് ആരോ എഴുതിയത് നൂറു ശതമാനം ശരി. ഇളയ സഹോദരന്റെ കല്യാണദിവസം മാധ്യമത്തിലേക്ക് മുങ്ങിക്കളഞ്ഞ വിരുതൻ എന്നും പറയാം. പത്രത്തിന്റെ വാഹനത്തിൽ രാത്രി മൂന്നുമണിക്ക് പത്ര കെട്ടുകളോടൊപ്പം വരുമ്പോൾ കാണുന്നവരെയെല്ലാം കയറ്റും. ആക്സിഡന്റായി രക്തത്തിൽ കുളിച്ചു കിടന്ന കുടുംബത്തെ പത്ര വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചത് ഒരു സംഭവം മാത്രം. ഒരു പത്രപ്രവർത്തകന്റെ ഏറ്റവും വലിയ ഗുണം ആ വേഗതയാണ്. അത് അസ്സൈൻക്കയുടെ രക്തത്തിൽ അലിഞ്ഞുചേർന്നിരിക്കുന്നു.

മുംബൈ കൗമുദിയിൽ ആയിരിക്കുമ്പോൾ ഒരു നാൾ ഡ്യുട്ടി കഴിഞ്ഞ് രാത്രി പ്രസ് ക്ലബിലേക്ക് ഇറങ്ങിയതായിരുന്നു. അവിടെവെച്ചാണ് ആ സ്കൂപ് കിട്ടിയത്. അരുൺ ഷൂരിയെ ഇന്ത്യൻ എക്സ്പ്രസ് പുറത്താക്കിയിരിക്കുന്നു. എന്റെ പത്രം പ്രസ്സിൽ പോയിക്കഴിഞ്ഞു. ചൂടോടെ വാർത്ത അസ്സൈൻകാക്ക് ഫോണിൽ കൈമാറി. ചന്ദ്രികക്കും നൽകി. ഇന്ത്യയിലെ രണ്ടേ രണ്ടു പത്രങ്ങളിൽ മാത്രമാണ് വിവാദമായി മാറിയ പ്രസ്തുത വാർത്ത പിറ്റേന്ന് സ്ഥലം പിടിച്ചത്. രാവിലെ സോഴ്സ് തിരക്കി പ്രമുഖ പത്രക്കാരൊക്കെ വിളിച്ചതായി അസ്സൈൻക്ക പറഞ്ഞു. തിരൂരങ്ങാടിയിൽ താമസിക്കുന്ന കാലത്തു വാർഡ് മെമ്പർ കുഞ്ഞീരുമ്മ ടീച്ചർ കഥ പറഞ്ഞു. അയൽപ്പക്കത്തു ഒരു വീട്ടിൽ ഒരു പയ്യനെ ചങ്ങലക്കിട്ട് വെച്ചതിന്റെ ദയനീയ കഥ. ഞാൻ പോയി കണ്ടു. എന്ത് ചെയ്യാം എന്റെ കൈയിൽ അപ്പോൾ പത്രമില്ല. ഉടൻ അസ്സൈൻക്കയെ വിളിച്ചു. പിറ്റേന്ന് രാവിലെത്തന്നെ ഇബ്രാഹിം കോട്ടക്കൽ വീട്ടുപടിക്കൽ. ഒന്നാം പേജിൽ ടോപ് സ്റ്റോറി. അടുത്ത ദിവസം രാവിലെ വിളിച്ചു ഉണർത്തുന്നത് ആലപ്പുഴയിൽനിന്നുള്ള ഡോക്ടർ സുരേഷ് കുമാറാണ്. അദ്ദേഹം വന്നു പയ്യനെ ചങ്ങല അഴിച്ചു കൊണ്ടുപോയി.

രണ്ടു മാസത്തിനകം ആ പയ്യൻ രോഗം മാറി കാണാൻ വന്നു. ഒരു എക്സ് ക്ലൂസീവ് കൊടുക്കേണ്ടി വന്നാലെന്താ, അസ്സൈൻകക്കൊപ്പം പങ്ക് വെച്ച മനഃസംതൃപ്തി എത്ര വില കൊടുത്താലും കിട്ടാത്തതായിരുന്നു എനിക്ക്. പി.എസ്.എം.ഒ കോളജിലെ പ്രൊഫ. കുഞ്ഞീരുമ്മ ടീച്ചർ നന്ദി പറഞ്ഞുകൊണ്ടേയിരുന്നു. ഇല്ലായ്മകൾ ആരെയും അറിയിക്കാത്ത ഇങ്ങനെയൊരാൾ ഉണ്ടായിരുന്നു എന്ന് മാത്രമേ ഇനി പറയാൻ കഴിയൂ. നാം അദ്ദേഹത്തെ സ്നേഹിക്കുന്നുവെങ്കിൽ അദേഹത്തിന്റെ കുടുംബത്തെ സ്നേഹിക്കുക.

ദൈവം എന്ന് എല്ലാവരും വിളിച്ചുവന്നിരുന്ന ഒരു സഹപാഠി ഉണ്ടായിരുന്നു. കാരന്തൂരിൽ നിന്ന് കുന്നമംഗലം വരെയും തിരിച്ചുമുള്ള രണ്ടു കിലോമീറ്റർ നടത്തസംഘത്തിൽ ദലിതനായ ആ ദൈവവും ഉണ്ടാവും. സ്കൂൾ കാലത്തിനുശേഷം ദൈവം കൂലിപ്പണിക്ക് പോയി. ഒരു ദിവസം പീടികത്തിണ്ണയിൽ കുത്തേറ്റ് പിടയുന്ന ദൈവത്തെയാണ് ഞങ്ങൾ കണ്ടത്. ആരും അടുത്തേക്ക് ചെല്ലാനോ രക്ഷപ്പെടുത്താനോ തയാറാവാത്ത സാഹചര്യത്തിൽ ദൈവത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ മുന്നിൽ അസ്സൈൻക്ക തന്നെയായിരുന്നു.

മുഖംമൂടിയും ജാടയും ഇല്ലാത്ത അസ്സൈൻക്കയുടെ ലളിതവും ശുദ്ധവുമായ ജീവിതം വല്ലാത്ത മാതൃകയാണ്. ജാതി മത ഭേദമില്ലാതെ എല്ലാവരെയും കൂട്ടുകാരാക്കിയിരുന്നു എന്നതിനാൽ നാടിന്റെ ഒന്നടങ്കം സ്നേഹം കിട്ടി. കാലത്ത് വായനശാല ഒരു നടത്തം. അവിടെ ആകുമ്പോൾ എല്ലാ പത്രങ്ങളും ലഭിക്കും. അതൊക്കെ വാരി വിഴുങ്ങി മിൽമ പാലും വാങ്ങി വീട്ടിലേക്ക് മടങ്ങുകയാണ് അദ്ദേഹത്തിന്റെ ശൈലി. അസ്സൈൻക്ക എന്ന പ്രതിഭയുടെ ഓർമകൾ എന്നുംനിലനിൽക്കും.

Tags:    
News Summary - Assain Karanthoor memoir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.