ആ വല്ലരിയിൽ നിന്ന് ഒരിലകൂടി കൊഴിഞ്ഞു പോയി. 1987 ജൂൺ 1ന് പിറന്ന മാധ്യമം ദിനപത്രത്തിന്റെ മുഖ്യസംവിധായകനായ അസ്സയിൻ കാരന്തൂർ നമ്മെയെല്ലാം വിട്ടേച്ച് തന്റെ നാഥന്റെ പക്കലേക്ക് യാത്രയായി. മാധ്യമത്തിന് കണ്ണും കാതും കരളും മനസ്സും മസ്തിഷ്കവും സർവത്രയും സമർപ്പിച്ച് രാവും പകലും ദത്തശ്രദ്ധനായി കാത്തിരുന്ന അദ്ദേഹം മാധ്യമത്തിൽ നിന്ന് അടുത്തൂൺ പറ്റി പിരിയുന്നതുവരെ ഞങ്ങളുടെ എല്ലാമായിരുന്നു. ഒരു ദിവസം പോലും അദ്ദേഹം ലീവെടുത്തില്ല. കാലത്ത് ഓഫിസിലെത്തി രാത്രി വൈകുംവരെ അദ്ദേഹം പലരെയും ശ്രദ്ധിച്ച് അച്ചടി തീരുന്നതുവരെ കാത്തിരിക്കുമായിരുന്നു. ഭക്ഷണ സമയങ്ങളിലൊഴിച്ച് അദ്ദേഹത്തിന് വിശ്രമമില്ല. എഡിറ്റർ ഇൻചാർജായ ഒ. അബ്ദുറഹ്മാനും എക്സിക്യൂട്ടീവ് എഡിറ്ററായ ഒ. അബ്ദുല്ലയും വൈകുന്നേരം എത്തുമ്പോഴേക്ക് വാർത്തകളൊക്കെ ഏകദേശ ധാരണയിലായി അവർക്ക് മുന്നിൽ സമർപ്പിക്കാൻ അദ്ദേഹം തയാറാക്കിയിരിക്കും.
പിന്നീട് ഡെസ്ക് മീറ്റിങ് കഴിഞ്ഞും അദ്ദേഹത്തിന് പണിതന്നെ. ടൈപ്സെറ്റിങ് മെഷീനിൽ അച്ചടിച്ച് ബ്രോമെയ്ഡ് പേപ്പറിൽ വാറോല പോലെ നീണ്ടുവലിച്ചു വരുന്ന വാർത്തകൾ ഓരോന്നും കട്ട് ചെയ്ത് കുറെയെടുക്കും. അദ്ദേഹത്തിന്റെ കീശയിലും കുറെ ടേബിളിലും വെച്ച് പിന്നീട് പശതേച്ച് ഒട്ടിക്കലായി. അങ്ങനെ ഓരോ വാർത്തയും വെള്ളക്കടലാസിൽ ചേരുംപടി ചേർത്ത് കാമറയിലേക്ക് കൊണ്ടുപോയി കൊടുക്കും. അവിടെനിന്ന് നെഗറ്റീവ് ഫിലിം എടുത്തു കൊണ്ടുവരുന്നതും അസ്സയിൻ തന്നെ. തുടർന്ന് പ്ലേറ്റിടുകയാണ് പണി. അതും പൂർത്തിയായിക്കിട്ടുമ്പോഴേക്കും രാത്രി 10 മണി കഴിഞ്ഞിരിക്കും.
പിന്നെ ധൃതിയിൽ പ്രസ്സിൽ കയറ്റി അച്ചടിക്കുകയായി. അവിടെയും അദ്ദേഹത്തിന്റെ ശ്രദ്ധ പതിയണം. ആദ്യം കൈയിൽ കിട്ടുന്ന പത്രം മുഴുക്കെ കണ്ണോടിച്ച് അതിൽ ഒപ്പ് ചാർത്തിയാൽ മാത്രമെ അച്ചടി തുടങ്ങൂ. അപ്പോഴേക്കും തിരുവനന്തപുരത്തേക്കുള്ള രാത്രി എക്സ്പ്രസ് ട്രെയിനിന് സമയമായിട്ടുണ്ടാകും. ആദ്യം കിട്ടിയ എഡിഷൻ കെട്ടുമായി ഓട്ടമാണ് വണ്ടിയിൽ കയറ്റാൻ. അൽപം വൈകിയാൽ വണ്ടി മിസ്സായതുതന്നെ. ഇങ്ങനെ ഓരോ എഡിഷനും അദ്ദേഹം ശ്രദ്ധിക്കുമായിരുന്നു.
ഇങ്ങനെ രാവും പകലും പത്രത്തിന്റെ പോക്കും വരവും ശ്രദ്ധിച്ചു കൊണ്ടിരുന്ന ഒരാളായിരുന്നു അദ്ദേഹം. ടൈപ്സെറ്റിങ് ഡി.ടി.പിയിലേക്ക് മാറിയത് കുറെ കൊല്ലം കഴിഞ്ഞാണ്. അവിടെയും അദ്ദേഹത്തിന്റെ ശ്രദ്ധ പൂർവാധികം ശക്തിയോടെ എത്തിപ്പെട്ടിരുന്നു. അദ്ദേഹം ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഒരാവേശം തന്നെയായിരുന്നു.
അതിനിടെയായി മാധ്യമത്തിൽ വന്ന ഒരു ലേഖനം ഞങ്ങൾക്ക് പ്രശ്നം സൃഷ്ടിച്ചു. 'ആട് തേക്ക് മാഞ്ചിയം' -വെയ് രാജാ വെയ്' എന്നതായിരുന്നു ആ തുടർ ലേഖനം. പി.ടി. നാസറിന്റെതായിരുന്നു ആ ലേഖനം. ലേഖനത്തിൽ പരാമർശിക്കപ്പെട്ട വിഷയത്തിലകപ്പെട്ട ഒരു 'ആട് തേക്ക് മാഞ്ചിയക്കാരൻ മാധ്യമത്തിനെതിരിൽ കേസ് കൊടുത്തു. ഞങ്ങളറിയാതെ കേസ് നടത്തി ഞങ്ങൾക്കെതിരിൽ വിധി വന്നു.
14 കോടി രൂപ പ്രസ്തുത വ്യക്തിക്ക് നഷ്ടപരിഹാരത്തിനായി വിധിച്ചു. കേസ് വിധി നടത്തിപ്പിനായി 'മാധ്യമം' ഓഫിസിൽ പൊലീസ് വന്നു. വസ്തു കണ്ടുകെട്ടാനായിരുന്നു വന്നത്. ഓഫിസിൽ ഞാനിരിപ്പുണ്ട്. പ്രസ്സിൽ അസ്സയിനും. കണ്ടുകെട്ടാൻ വന്ന പൊലീസുകാരോട് ഞാൻ പറഞ്ഞു: ഇവിടെ രണ്ടു പ്രോപ്പർട്ടി മാത്രമെയുള്ളൂ മൂവബിളും ഇമ്മൂവബിളുമായിട്ട്. 'മൂവബ്ൾ ഈ ഞാനും ഇമ്മൂവബിൾ അസ്സയിൻ കാരന്തൂരും.' ഞങ്ങളെ വേണമെങ്കിൽ കൊണ്ടുപോയിക്കോ. മറ്റൊന്നും ഞങ്ങളുടെതല്ല.' ഇതുകേട്ട് പൊലീസുകാർ അന്തംവിട്ടു.
അപ്പോൾ ഞാൻ പറഞ്ഞു. ഈ കെട്ടിടവും സ്ഥാപനവും ഒരു ചാരിറ്റബിൾ ട്രസ്റ്റിന്റെതാണ്. അതിൽ കൈവെക്കാൻ കോടതി പറഞ്ഞിട്ടില്ല. ഇത് കേട്ടതോടെ പൊലീസും പരിവാരവും തിരിച്ചു പോയി. ഈ സംഗതി ഓർത്തുപോയത് അസ്സയിൻ എന്ന 'ജംഗമസ്വത്തി'ന്റെ അകാലവിയോഗം ഓർത്തപ്പോഴാണ്. അല്ലാഹു അദ്ദേഹത്തിന് സ്വർഗപ്രാപ്തി നൽകട്ടെ. അദ്ദേഹം വളർത്തിയെടുത്ത ജീവനക്കാരും സ്ഥാപനവും മാധ്യമവും അതിന്റെ എല്ലാ അവാന്തര വിഭാഗങ്ങളും അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖം രേഖപെടുത്തുന്നു. അദ്ദേഹം കത്തിച്ചുവെച്ച മാർഗദീപം കൂടുതൽ കൂടുതൽ പ്രശോഭിതമാകട്ടെ!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.