കുന്ദമംഗലം: വേഷത്തിലും നടപ്പിലും വാക്കിലും തനിനാടൻ ലാളിത്യവും കളിയിലും കാര്യത്തിലും സാധാരണക്കാരന്റെ മനസ്സുമായി നടന്ന പത്രപ്രവർത്തകനാണ് ഇന്നലെ വിടപറഞ്ഞ അസയിൻ കാരന്തൂർ. മാധ്യമം ദിനപത്രത്തിൽ മൂന്നു പതിറ്റാണ്ടിലധികം കാലം പത്രപ്രവർത്തനം ലഹരിയായി കൊണ്ടുനടക്കുമ്പോഴും നാട്ടിൽ നിറഞ്ഞുനിന്ന പൊതുപ്രവർത്തകൻകൂടിയായിരുന്നു അദ്ദേഹം.
തന്റെ കഴിവുകളെ പൊതുനന്മക്കായി നീക്കിവെക്കുന്നതിന് മടിയില്ലാത്ത ആൾ. നാട്ടിലെ സാധാരണക്കാരുടെ പ്രശ്നങ്ങൾ അധികാരികളെ അറിയിക്കാനും ആനുകൂല്യങ്ങൾ ലഭിക്കാൻ അവരെ സഹായിക്കാനും മുൻപന്തിയിലായിരുന്നു.
പുരോഗമന പ്രസ്ഥാനത്തിന്റെ കൂടെയും കുറച്ചുകാലമുണ്ടായിരുന്നു. അയഞ്ഞ ഷർട്ടും കോതിയൊതുക്കാത്ത മുടിയും നിഷ്കളങ്കമായ ചിരിയും 'അസയിൻക്ക'യെ വേറിട്ടുനിർത്തി. വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ നല്ലൊരു ഫുട്ബാൾ കളിക്കാരനായ അദ്ദേഹം പിന്നീട് 'ഫുട്ബാൾ ഫ്രണ്ട്' പോലെയുള്ള പ്രസിദ്ധീകരണങ്ങളിൽ കളി എഴുത്തുകാരനായാണ് പത്രപ്രവർത്തന ലോകത്ത് പ്രവേശിച്ചത്.
കുറച്ചുകാലം കൃഷിവകുപ്പിൽ ഉദ്യോഗസ്ഥനുമായിരുന്നു. സർക്കാർ ജോലി വിട്ട് മാധ്യമപ്രവർത്തനത്തിന് ഇറങ്ങിത്തിരിച്ചത് ഒപ്പം കൊണ്ടുനടന്ന ആദർശങ്ങൾക്ക് ബലം പകരുന്നതിനുവേണ്ടി ആയിരുന്നു.
1980 കാലത്ത് കുന്ദമംഗലത്ത് പ്രവർത്തിച്ചിരുന്ന ജയ ട്യൂട്ടോറിയലിൽ അധ്യാപകനായിരുന്നതിനാൽ അസ്സയിൻ മാസ്റ്റർ എന്ന പേരിലാണ് നാട്ടിൽ അറിയപ്പെട്ടിരുന്നത്. അന്ത്യോപചാരമർപ്പിക്കാൻ നിരവധി പേർ വീട്ടിലെത്തി. അദ്ദേഹത്തെ മാധ്യമപ്രവർത്തനത്തിലെ ഗുരുവായി കരുതുന്ന പ്രമുഖരുൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് എത്തി. മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, എഡിറ്റർ വി.എം. ഇബ്രാഹിം, ജോ. എഡിറ്റർ പി.ഐ. നൗഷാദ്, സി.ഇ.ഒ പി.എം. സ്വാലിഹ്, അസോസിയേറ്റ് എഡിറ്റർ യാസീൻ അശ്റഫ്, മലപ്പുറം ചീഫ് റീജനൽ മാനേജർ ഇബ്റാഹിം കോട്ടക്കൽ, ഐ.പി.ടി സെക്രട്ടറി ടി.കെ. ഫാറൂഖ്, മീഡിയവൺ മാനേജിങ് എഡിറ്റർ സി. ദാവൂദ്, എക്സിക്യുട്ടിവ് എഡിറ്റർ പി.ടി. നാസർ, ശൈഖ് മുഹമ്മദ് കാരകുന്ന്, ഹുസൈൻ മടവൂർ, മുതിർന്ന മാധ്യമപ്രവർത്തകരായ ഒ. അബ്ദുല്ല, എൻ.പി. രാജേന്ദ്രൻ, ടി.പി. ചെറൂപ്പ, പി.കെ. പാറക്കടവ്, കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് എം. ഫിറോസ്ഖാൻ, സെക്രട്ടറി പി.എസ്. രാകേഷ്, ഇ. അബൂബക്കർ, ഒ.എം.എ. സലാം, ഹമീദ് മാസ്റ്റർ, നാസറുദ്ദീൻ എളമരം, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി തുടങ്ങി നിരവധിപേർ അന്ത്യോപചാരമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.