ഇന്ന് അന്തരിച്ച മാധ്യമം മുൻ ഡെപ്യൂട്ടി എഡിറ്റർ അസ്സയിൻ കാരന്തൂരിനെ മാധ്യമപ്രവർത്തകൻ രവി മേനോൻ അനുസ്മരിക്കുന്നു
എന്റെ ആദ്യത്തെ ''കളിയെഴുത്ത്'' ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയെക്കുറിച്ചായിരുന്നു. `അലി; റിംഗിലെ അത്ഭുത പ്രതിഭാസം'' എന്ന തലക്കെട്ടിൽ ആ ലേഖനം അടിച്ചുവന്നത് കണ്ണൂരിൽ നിന്നിറങ്ങിയിരുന്ന ``ഫുട്ബാൾ ഫ്രണ്ട്' മാസികയിൽ, നാലരപ്പതിറ്റാണ്ടോളം മുൻപ്.
ആ പതിപ്പിലെ മൂന്നു നാലു ബൈലൈനുകൾ ഇന്നുമുണ്ട് അന്നത്തെ ഒൻപതാം ക്ലാസുകാരന്റെ ഓർമ്മയിൽ -കെ. കോയ, എ.എൻ. രവീന്ദ്രദാസ്, ഒ. ഉസ്മാൻ... പിന്നെ അസ്സയിൻ കാരന്തൂരും. ഫുട്ബാൾ ഫ്രണ്ട് മാസിക നേരത്തെ കളിക്കളം വിട്ടു. പിന്നാലെ കോയക്കയും. ഇപ്പോഴിതാ അസൈൻക്കയും ''പവലിയനിലേക്ക്'' മടങ്ങിയിരിക്കുന്നു.
പൂർവ്വാശ്രമത്തിലെ കളിയെഴുത്തുകാരനായ അസ്സയിൻ കാരന്തൂരിനെ എത്രപേർ ഓർക്കുന്നുണ്ടെന്നറിയില്ല. ഫുട്ബാളായിരുന്നു ഇഷ്ടവിനോദമെങ്കിലും അത്‌ലറ്റിക്‌സ്, ക്രിക്കറ്റ്, വോളിബാൾ തുടങ്ങി മിക്ക ഇനങ്ങളെക്കുറിച്ചും എഴുതിക്കണ്ടിട്ടുണ്ട് അദ്ദേഹം. കളിയുടെ സാങ്കേതികതകളിലേക്ക് കടന്നുചെന്നുകൊണ്ടുള്ള ഗവേഷണാത്മകമായ ആ വിലയിരുത്തലുകൾ ഗൂഗിൾ-പൂർവ കാലത്ത് അമൂല്യം തന്നെയായിരുന്നു.
ഫുട്ബാൾ ഫ്രണ്ടിന്റെ ആ വർഷത്തെ വാർഷികപ്പതിപ്പിലാണ് അസ്സയിൻക്കയുടെ കറുത്ത താടിയോടെയുള്ള ചിത്രം ആദ്യം കണ്ടത്. നേരിൽ സംസാരിച്ചത് അദ്ദേഹം പിൽക്കാലത്ത് മാധ്യമത്തിൽ ന്യൂസ് എഡിറ്ററായ ശേഷവും. എന്തേ കളിയെഴുത്ത് തുടർന്നില്ല എന്ന ചോദ്യത്തിന് നിശ്ശബ്ദമായ ഒരു ചിരിയായിരുന്നു മറുപടി. 'അന്നത്തെ ആവേശം ഇപ്പൊ തോന്നുന്നില്ല' -അദ്ദേഹം പറഞ്ഞു. 'പിന്നെ പത്രത്തിന്റെ പ്രൊഡക്ഷൻ ജോലിയുടെ തിരക്കുകൾക്കിടയിൽ മറ്റൊന്നും എഴുതാൻ സമയം കിട്ടാറുമില്ല''.
എങ്കിലും കേരളകൗമുദിയിലെ സ്പോർട്സ് ലേഖനങ്ങൾ വായിച്ച് ഇഷ്ടപ്പെട്ടാൽ വിളിച്ചുപറയാൻ മറക്കാറില്ല അസ്സയിൻക്ക. നാഗ്ജി ട്രോഫി നടക്കുമ്പോൾ സമയമുണ്ടാക്കി കാണികൾക്കിടയിൽ വന്നിരിക്കാനും. ``ഗാലറിയിലിരുന്ന് കളി കണ്ടാലേ ഹരമുള്ളൂ; പ്രത്യേകിച്ച് കോഴിക്കോട്ട്..''-- അസ്സയിൻക്ക പറയും.
എഴുത്തിലേക്ക് പിച്ചവെച്ചു കടന്നുവന്ന സ്‌കൂൾ കുട്ടിക്ക് വലിയൊരു പ്രചോദനമായിരുന്നു അന്നത്തെ അസ്സയിൻ കാരന്തൂരിന്റെ ലേഖനങ്ങൾ. അതുകൊണ്ടുതന്നെ അസ്സയിൻക്കയുടെ വേർപാട് എനിക്ക് വേദനാജനകം. ആദരാഞ്ജലികൾ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.