പൊന്നാനി: അന്യം നിന്നുപോകുന്ന പാടി പറയൽ കലയെ ജനകീയമാക്കിയ എ.യു. കുഞ്ഞുമുഹമ്മദ് ഉസ്താദ് ഇനി ഓർമ മാത്രം. മൂന്നര പതിറ്റാണ്ടുകാലമായി പാടി പറയൽ കലയിൽ സജീവമായിരുന്ന അദ്ദേഹം കോവിഡ് ബാധിതനായാണ് മരണമടഞ്ഞത്. മോയിൻകുട്ടി വൈദ്യരുടെയും മറ്റു മാപ്പിള കവികളുടെയും മാലപ്പാട്ടുകൾ പാടി അവയുടെ തനിമയൊട്ടും ചോരാതെ ആസ്വാദകരിലേക്ക് എത്തിക്കുന്ന പാടിപ്പറയൽ എന്ന കലാരൂപം പുതുതലമുറക്ക് കേട്ടുകേൾവി മാത്രമാണ്.
ഒരു പതിറ്റാണ്ടു മുമ്പുവരെ റമദാൻ രാവുകളിൽ ഇസ്ലാമിക ചരിത്ര കഥകൾ പാടി പറഞ്ഞിരുന്ന പ്രധാന കലാകാരനായിരുന്നു വ്യാഴാഴ്ച മരിച്ച പൊന്നാനിക്കാരനായ എ.യു. കുഞ്ഞിമുഹമ്മദ് ഉസ്താദ്. ബദർ, ഉഹ്ദ്, ഹുനൈൻ, ഫത്ഹു മക്ക, താജുൽ അഖ്ബാർ തുടങ്ങിയ ചരിത്ര പാട്ടുകൾ ഇമ്പമാർന്ന ഇശലുകളിൽ സാധാരണക്കാർക്ക് മനസ്സിലാകുംവിധം 35 വർഷത്തിലധികമായി പാടി പറയുന്ന കുഞ്ഞുമുഹമ്മദ് ഉസ്താദ് തിരക്കേറിയ കലാകാരനായിരുന്നു.
ചരിത്ര സംഭവങ്ങൾ ഉൾകൊള്ളുന്ന കിസ്സപ്പാട്ടുകൾ അർഥസഹിതം മണിക്കൂറുകളോളമാണ് ഇദ്ദേഹം ആസ്വാദകരിലേക്കെത്തിച്ചിരുന്നത്.
ഇൗ കലാരൂപത്തിനെ ഒരു കാലത്ത് ജനകീയമാക്കിയതും ഇദ്ദേഹമായിരുന്നു. മർഹൂം മോയിൻകുട്ടി വൈദ്യരുടെ ശിഷ്യപരമ്പരയിൽപ്പെട്ട എടമുട്ടം ഷാഹുൽഹമീദ് എന്ന ബദർ ഹാജിയുടെ ശിഷ്യനാണ്.
കേരള മാപ്പിള കലാ സാഹിത്യ അക്കാദമിയുടെ മാട്ടത്ത് ഉസ്താദ് അവാർഡിന് അർഹത നേടിയ അദ്ദേഹം ഒട്ടനവധി ചരിത്ര പാരമ്പര്യത്തിെൻറ ഉടമയാണ്. റമദാൻ രാവുകളെ സജീവമാക്കിയിരുന്ന അദ്ദേഹം കോവിഡ് ബാധിതനായി റമദാനിൽ തന്നെയാണ് വിട പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.