കോഴിക്കോട്: ചാറ്റൽ മഴ നനയാതിരിക്കാൻ വിരിച്ച നീല മേലാപ്പിന് ചുവട്ടിൽ അവനായൊരുങ്ങിയ ഖബറിടം രാവിലെ മുതൽ കാത്തു നിൽപാണ്. ഓമനത്തം മാറാത്ത പിഞ്ചുമോന്‍റെ ചലനമറ്റ ശരീരം ഏറ്റുവാങ്ങാൻ... പൊലീസും മാധ്യമ പ്രവർത്തകരും അവിടവിടെ വട്ടം കൂടി നിൽക്കുന്നു. ഓർമകളിൽ 2018ലെ നിപകാലം മിന്നി മറിയുന്നു.
കണ്ണംപറമ്പ് പള്ളിയുടെ മിനാരങ്ങളും അറബിക്കടലിലെ തിരമാലകളും ഈ നാടിന് വേണ്ടി പ്രാർഥിക്കും പോലെ.... ഈ കളിചിരി മാറാത്ത മകന്‍റെ ജീവനെടുത്ത കൊലയാളി വൈറസ് ഈയൊരു മരണത്തിൽ അവസാനിക്കണേ എന്ന പ്രാർഥന, ഈ നിപ മരണം അവസാനത്തേതായിരിക്കണേ എന്ന പ്രാർഥന...
കറുത്ത ഞായറാഴ്ചയുടെ മൂകമായ പകൽ. മഴ മങ്ങിയ കരച്ചിലായി വീണ വഴിയിലൂടെ അവന്റെ മൃതദേഹവുമായി ആംബുലൻസ് കുതിച്ചു വന്നു. പൊലീസ് വിജനമാക്കിവെച്ച വഴികൾ അവന് കണ്ണീർപൂക്കൾ അർപ്പിച്ചു. കണ്ണംപറമ്പ് ശ്മശാനത്തിന്റെ കവാടത്തിലേക്ക് കയറി ആംബുലൻസ്. അകലങ്ങളിൽ നിന്ന് ആരൊക്കയോ അവന്റെ അവസാനയാത്രാരംഗങ്ങൾ ഒപ്പിയെടുക്കുന്നു. മാലാഖമാരെ പോലെ പി. പി.ഇ കിറ്റ് ധരിച്ച ആരോഗ്യപ്രവർത്തകർ അവെൻറ അന്ത്യപരിപാലനങ്ങളിൽ മുഴുകുന്നു.
2018 ലെ നിപ ദുരന്തത്തിൽ മരിച്ചയാളുടെ ഖബറിനരികിലേക്ക് അവന്റെ പിഞ്ചുദേഹം ആരോഗ്യപ്രവർത്തകർ ആദരപൂർവം എത്തിച്ചു. അതിന് അടുത്ത് വിരലിലെണ്ണാവുന്ന ബന്ധുക്കൾ അകലം പാലിച്ച് പൊന്നുമോനായി മയ്യിത്ത് നിസ്കരിച്ചു. 12.15 ഓടെ അവനെ മണ്ണിനടിയിലൊളിപ്പിച്ച് അവർ കൈകൂപ്പി
. അച്ചടക്കം പാലിച്ച് നിരയൊപ്പിച്ച് കിടക്കുന്ന മീസാൻ കല്ലുകൾ അവന് സലാം ചൊല്ലുന്നപോലെ. അകലെ കണ്ണീരൊഴുക്കി നിന്ന മനുഷ്യൻമാർ കരളുരുകി പ്രാർഥിച്ചു. കടൽ വിങ്ങുന്ന കരയെ ആശ്വസിപ്പിച്ചു.....
അവൻ മരിച്ച ഉടൻ സാമൂഹികമാധ്യമത്തിൽ ഒഴുകിയ ചിത്രം അറബിക്കടലിെൻറ തീരത്തോട് ചേർന്ന് നേർത്ത പുഞ്ചിരിയുമായിരിക്കുന്നതായിരുന്നു. ആ പുഞ്ചിരി ഇനിയും ഈ അറബിക്കടലിന്റെ ഓരം ചേർന്നു കിടന്നോട്ടെ.... ഓർമകളിൽ അവൻ പ്രാർഥനയായി മാറട്ടെ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.