തൊടുപുഴ: ചേലക്കുളം അബുൽ ബുഷ്റ മുഹമ്മദ് മൗലവിയുടെ വേർപാടിൽ മനംനൊന്ത് തൊടുപുഴയും. തൊടുപുഴയിലെ കേന്ദ്ര മസ്ജിദായ കാരിക്കോട് നൈനാർ പള്ളിയിൽ ചീഫ് ഇമാമായും മുനവ്വിറുൽ ഇസ്ലാം കോളജ് പ്രിൻസിപ്പലായും സേവനമനുഷ്ടിച്ച ചേലക്കുളം ഉസ്താദുമായി നാടിന് പതിറ്റാണ്ടുകളുടെ ഊഷ്മള ബന്ധമാണുണ്ടായിരുന്നത്.
നൈനാർ പള്ളിയുടെ മിഹ്റാബിനും മുനവ്വിറുൽ ഇസ്ലാം ദർസ്ഗാഹിനും ഉസ്താദിനെക്കുറിച്ച് ഓർത്തെടുക്കാൻ ഒരുപാടുണ്ട്. അദ്ദേഹത്തിന്റെ അടുക്കൽനിന്ന് വിജ്ഞാനം നേടി പണ്ഡിത ബിരുദധാരികളായി പുറത്തിറങ്ങിയവർ മാത്രമല്ല അദ്ദേഹത്തിന്റെ സമ്പാദ്യം. കാരിക്കോട് ദേശത്തെ മുതിർന്നവരായ 90 ശതമാനം ആളുകളുടെയും ഗുരുവും വഴികാട്ടിയുമായിരുന്നു. ഒരിക്കലെങ്കിലും ഉസ്താദിന്റെ ക്ലാസുകളിൽ ഇരുന്നിട്ടില്ലാത്ത ഒരാളും ആ തലമുറയിൽ ഇല്ല. കാരിക്കോട്ടെ ഓരോ വീടും അദ്ദേഹത്തിന് സുപരിചിതമായിരുന്നു. മുനവ്വിറിന്റെ ഇപ്പോഴത്തെ അമരക്കാരൻ സെയ്ത് മുഹമ്മദ് ഉസ്താദ് അദ്ദേഹത്തിന്റെ ശിഷ്യനാണ്. വർഷത്തിൽ ഒന്നോ രണ്ടോ തവണ അദ്ദേഹം കാരിക്കോട്ടെത്തി ബന്ധങ്ങൾ പുതുക്കി മടങ്ങിയിരുന്നു. ഉസ്താദിന്റെ വിയോഗം കാരിക്കോടിനും നൈനാർ പള്ളിക്കും കനത്ത നഷ്ടമാണെന്ന് തൊടുപുഴ താലൂക്ക് ഇമാം കൗൺസിൽ ചെയർമാനും നൈനാർ പള്ളി ചീഫ് ഇമാമുമായ നൗഫൽ കൗസരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.