ദുബൈ: കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിയുടെ നിര്യാണത്തിൽ യു.എ.ഇയിലും അനുശോചനം. രാഷ്ട്രീയത്തിൽ സജീവമായ കാലഘട്ടം മുതൽ ഏറ്റവും അടുത്ത് ഇടപഴകിയ നേതാക്കളിൽ ഒരാളാണ് സതീശൻ പാച്ചേനിയെന്ന് ഒ.ഐ.സി.സി ഗ്ലോബൽ സെക്രട്ടറിയും ഒ.എ.സി.സി ഇൻകാസ് മിഡിലീസ്റ്റ് കൺവീനറുമായ അഡ്വ. ഹാഷിക്ക് തൈക്കണ്ടി അനുസ്മരിച്ചു. 2017ൽ ഷാർജയിൽ പരിപാടിയുമായി ബന്ധപ്പെട്ട് വന്നപ്പോൾ ദുബൈയിൽ സ്വീകരണം നൽകാൻ ആലോചിച്ചിരുന്നു. എന്നാൽ, അദ്ദേഹം ഷാർജയിൽനിന്ന് ദുബൈയിലേക്ക് വരാൻ കൂട്ടാക്കിയില്ല. പിന്നീട് നാട്ടിൽ എത്തിയപ്പോഴാണ് കാരണം പറഞ്ഞത്. ഷാർജയിലെ പരിപാടിക്ക് വന്നതിനാൽ മറ്റെവിടെയും പോകരുതെന്ന് സംഘാടകർ പറഞ്ഞതിനാലാണത്രേ അദ്ദേഹം ദുബൈയിലേക്ക് വരാതിരുന്നത്. അത്ര നിഷ്കളങ്കനായ നേതാവായിരുന്നു പാച്ചേനി.
കണ്ണൂർ ഡി.സി.സിയുടെ ആവശ്യങ്ങൾക്കായി ഗൾഫിലേക്ക് വരുന്നു എന്നു പറഞ്ഞെങ്കിലും പലവിധ കാരണങ്ങളാൽ നടക്കാതെ പോയി. സ്വന്തം വീടുതന്നെ പണയപ്പെടുത്തി ഡി.സി.സി ഓഫിസ് നിർമിക്കാൻ പണം കണ്ടെത്തിയ നേതാവാണെന്നും ഹാഷിക്ക് അനുസ്മരിച്ചു.
ആദർശനിഷ്ഠമായ ജീവിതത്തിലൂടെ വലിയ ജനവിഭാഗത്തിന്റെ നേതാവായി മാറിയ സതീശൻ പാച്ചേനിയുടെ അകാലത്തിലുള്ള വിയോഗം കോൺഗ്രസിനും സംശുദ്ധ രാഷ്ട്രീയം മുറുകെപ്പിടിക്കുന്ന കേരളജനതക്കും ആഘാതമാണെന്ന് ഇൻകാസ് യു.എ.ഇ ജനറൽ സെക്രട്ടറി മുഹമ്മദ് ജാബിർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.