മട്ടാഞ്ചേരി: കളരി എന്ന ആയോധന കലയെ കൊച്ചിയിൽ ജനകീയമാക്കുന്നതിൽ മുൻപന്തിയിൽ നിന്ന ഫോർട്ട്കൊച്ചി തുരുത്തിയിൽ കൊളങ്കരക്കകത്ത് കെ.എം. അബ്ദുൽ ഗഫൂർ ഗുരുക്കൾ ഇനി ഓർമ. ആയിര കണക്കിന് ശിഷ്യൻമാരുള്ള ഗഫൂർ ജില്ലയിൽ തന്നെ കളരിപ്പയറ്റ് അസോസിയേഷൻ രൂപവത്കരണത്തിന് നേതൃത്വം നൽകിയ വ്യക്തി കൂടിയാണ്. തെക്കൻ കളരിയുടെ പ്രചാരണത്തിനും ഗഫൂറിന്റെ പ്രവർത്തനങ്ങൾ ഏറെ വിലപ്പെട്ടതാണ്.
അതുകൊണ്ടാണ് ചെന്നൈയിൽ സാഫ് ഗെയിംസ് നടന്ന വേളയിൽ ഉദ്ഘാടന ചടങ്ങിന് കൊഴുപ്പു കൂട്ടാൻ കേരളത്തിന്റെ തനത് കലയായ കളരി തന്നെ വേണമെന്ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജയലളിത ആവശ്യപ്പെട്ടപ്പോൾ സംഘാടകർക്ക് മുന്നിൽ ആദ്യം എത്തിയ പേര് ഗഫൂർ ഗുരുക്കളുടെതായിരുന്നു. ഗഫൂറിന്റെയും ശിഷ്യരുടെയും പ്രകടനം കണ്ട ജയലളിത ഗുരുക്കളെ സ്റ്റേജിലെത്തി അഭിനന്ദിച്ചു.
കെ.ആർ.നാരായണൻ രാഷ്ടപതിയായിരിക്കെ ഡൽഹിയിൽ റിപ്പബ്ളിക് ദിന ചടങ്ങിൽ കളരിക്ക് ക്ഷണിച്ചതും ഗഫൂറിനെയും ശിഷ്യൻന്മാരേയുമായിരുന്നു. ലക്ഷദ്വീപിലും കേന്ദ്ര സർക്കാരിന്റെ ചടങ്ങിൽ കളരി അവതരിപ്പിക്കാൻ ഗഫൂറിനും സംഘത്തിനും അവസരം ലഭിച്ചു.
പിന്നീട് ഇന്ത്യക്ക് പുറത്തു നിന്നും ഗഫൂറിനെ തേടി അവസരങ്ങളെത്തി. സ്പെയിനിലെ ബാഴ്സലോണയിൽനിന്ന് ക്ഷണം ലഭിച്ചപ്പോൾ മകൻ കെ.ജി. ഹനീഫയെ അയച്ചു. പത്താം വയസിലാണ് ഗഫൂർ ഗുരുക്കൾ കളരിയിലേക്ക് കാൽ വെച്ചത്. ആദ്യ ഗുരു പിതാവായിരുന്നു. പിന്നെ കൊച്ചിയിൽ ആദ്യമായി മുഹമ്മദ് ബാവ ഉസ്താദ് കളരി ആരംഭിച്ചപ്പോൾ കുറച്ചു കാലം അദ്ദേഹത്തിന്റെ കീഴിൽ കളരി അഭ്യസിച്ചു. കളരിയുടെ പതിനെട്ടടവും പഠിച്ചത് ദുൽ ഫുക്കർ കളരിയിലെ കെ.കെ. ബാവ ഉസ്താദിന്റെ കീഴിലായിരുന്നു.
പിന്നീട് ദുൽഫുക്കർ കളരിയുടെ ചുമതല ഗഫൂറിനായി . ഇതിനിടെ തമിഴ് നാട്ടിലെ ചോട്ടാ സ്വാമിയിൽ നിന്ന് രണ്ടു വർഷം കളരി അഭ്യസിച്ചു. മുൻ മുഖ്യമന്ത്രിയായിരുന്ന തമിഴ് സിനിമയിലെ എം.ജി.രാമചൻ ,എം.എൻ നമ്പ്യാർ എന്നിവർ ഈ സമയം കളരി പഠിക്കാൻ അവിടെ എത്തുമായിരുന്നു.
എറണാകുളം ജില്ല കളരിപ്പയറ്റ് അസോസിയേഷൻ സെക്രട്ടറി, ജില്ല ബോക്സിങ് അസോസിയേഷൻ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൊച്ചിൻ കാർണിവൽ കമ്മിറ്റിയുടെ ആദ്യ കാല ഭാരവാഹിയുമായിരുന്നു ഗഫൂർ. ഗഫൂർ ഗുരുക്കളുടെ മരണം കൊച്ചിയിലെ കായിക പ്രേമികളെ ആകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.