കൂരാലി: ജനപ്രതിനിധിയായി സത്യപ്രതിജ്ഞ ചെയ്യേണ്ടിയിരുന്ന എലിക്കുളം പഞ്ചായത്ത് ഓഫിസിലേക്ക് ജോജോ ചീരാംകുഴിയുടെ ചേതനയറ്റ ശരീരമെത്തിയപ്പോൾ പ്രിയപ്പെട്ടവർക്കെല്ലാം അത് വേദനയായി. സഹപ്രവർത്തകനായി ഒപ്പമുണ്ടാകുമെന്ന് കരുതിയിരുന്ന ജോജോക്ക് വിട ചൊല്ലാൻ എലിക്കുളത്തെ ജനപ്രതിനിധികളെല്ലാമുണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ജോജോ ചീരാംകുഴിയുടെ മൃതദേഹം പഞ്ചായത്ത് ഓഫിസിൽ പൊതുദർശനത്തിന് എത്തിച്ചത്.
കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നതിനാൽ പഞ്ചായത്ത് അംഗമായി സത്യപ്രതിജ്ഞ ചെയ്യാനായിരുന്നില്ല. നേരത്തേ കോൺഗ്രസിൽനിന്ന് പഞ്ചായത്ത് അംഗമായിട്ടുള്ള ജോജോ ഇത്തവണ സീറ്റ് ലഭിക്കാത്തതിനാൽ കോൺഗ്രസിലെ സ്ഥാനങ്ങൾ രാജിവെച്ച് സ്വതന്ത്രനായി മത്സരിച്ചാണ് 306 വോട്ടിെൻറ ഭൂരിപക്ഷത്തിൽ ജയിച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന ഇദ്ദേഹം വിജയവാർത്ത അറിയുന്നത് ആശുപത്രിക്കിടക്കയിലാണ്. പിന്നീട് കോവിഡ് നെഗറ്റിവായെങ്കിലും മറ്റ് അസുഖങ്ങൾ മൂർച്ഛിച്ചതിനാൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച ഉച്ചക്കാണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ ആശുപത്രിയിൽനിന്ന് മൃതദേഹം ആദ്യമെത്തിച്ചത് എലിക്കുളം പഞ്ചായത്ത് ഓഫിസിലേക്കായിരുന്നു. ഇവിടെ ഒരുമണിക്കൂർ പൊതുദർശനത്തിന് വെച്ചു. പഞ്ചായത്ത് പ്രസിഡൻറ് എസ്. ഷാജി, വൈസ് പ്രസിഡൻറ് സിൽവി വിത്സൺ, പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ കക്ഷി പ്രവർത്തകർ എന്നിവരെല്ലാം അന്ത്യാഞ്ജലി അർപ്പിച്ചു.
തോമസ് ചാഴികാടൻ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് നിർമല ജിമ്മി, വൈസ് പ്രസിഡൻറ് ടി.എസ്. ശരത്, ജില്ല പഞ്ചായത്ത് അംഗം ജോസ്മോൻ മുണ്ടയ്ക്കൽ, കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ, മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, യൂത്ത്ഫ്രണ്ട് എം സംസ്ഥാന പ്രസിഡൻറ് സാജൻ തൊടുക തുടങ്ങി നിരവധി പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.