ഡോ. ക്രിസ്റ്റി ഫെർണാണ്ടസ്

സാധാരണക്കാരനിൽ തുടക്കം; ഊർജസ്വലതയുടെ കരുത്തായി ക്രിസ്റ്റി

കൊച്ചി: സാധാരണക്കാരന്‍റെ ജീവിതപരിസരത്തുനിന്ന് വളർന്ന് ഔദ്യോഗിക മണ്ഡലത്തിലും തുടർന്ന് രാഷ്ടീയ പോരാട്ടത്തിലും ഊർജസ്വലതയുടെ പ്രതീകമായി നിറഞ്ഞ വ്യക്തിത്വമായിരുന്നു തിങ്കളാഴ്ച അന്തരിച്ച ഡോ. ക്രിസ്റ്റി ഫെർണാണ്ടസ്. വന്ന വഴികൾ മറക്കാത്ത നാട്ടിൻപുറത്തുകാരനായാണ് സുഹൃത്തുക്കൾ അദ്ദേഹത്തെ ഓർത്തെടുക്കുന്നത്. കഠിന പ്രയാസങ്ങളിലൂടെ വളർന്നുവന്ന ഗ്രാമീണൻ എന്നാണ് ക്രിസ്റ്റി സ്വയം വിശേഷിപ്പിച്ചിരുന്നത്. രാഷ്ടീയം ക്രിസ്റ്റിയുടെ രീതികളോട് പൊരുത്തപ്പെടുന്ന മേഖലയായിരുന്നില്ല എന്ന് അടുത്തറിയാവുന്ന ചിലരെങ്കിലും പറയും.

നിശ്ചയദാർഢ്യവും ഇച്ഛാശക്തിയും കഠിനാധ്വാനവും കൈമുതലാക്കിയാണ് ഓരോ ഉയരവും കീഴടക്കിയത്. ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും തുടർന്ന് ഐ.എ.എസും നേടി കേന്ദ്രത്തിലെ വിവിധ മന്ത്രാലയങ്ങളുടെ അമരക്കാരനായും കേരളത്തിലെ വിവിധ ബോർഡുകളുടെയും കോർപറേഷനുകളുടെയും മേധാവിയായും പ്രവർത്തിച്ച അദ്ദേഹം അസാധാരണ കർമശേഷിയും സ്ഥിരോത്സാഹവും കൊണ്ട് ഓരോ പദവിയെയും അർഥവത്താക്കി. കൊല്ലം കരുനാഗപ്പള്ളി ക്ലാപ്പനയിലായിരുന്നു ജനനം.

ഒരു വയസ്സുള്ളപ്പോൾ പിതാവ് മരിച്ച അദ്ദേഹത്തിന്‍റെ സംരക്ഷകയും പ്രേരണാ സ്രോതസ്സും പിതൃസഹോദരി ഡെയ്‌സിയായിരുന്നു. നാട്ടിലെ സെന്‍റ് ജോസഫ്സ് എൽ.പി.എസ്, ക്രിസ്തുരാജ് ഹൈസ്‌കൂൾ, തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ്, കൊല്ലം ഫാത്തിമമാതാ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എം.എസ്സി സുവോളി ഒന്നാം റാങ്കോടെ വിജയിച്ചു.

സി.എസ്.ഐ.ആറിൽ റിസർച് ഫെലോ ആയിരിക്കെ ഐ.എ.എസ് സ്വന്തമാക്കി. ഗുജറാത്തിലെ ഖേഡ ജില്ലയിൽ വികസന ഓഫിസറും തുടർന്ന് അവിടെ കലക്ടറുമായി. അഞ്ചുവർഷം അന്നത്തെ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്‍റെ സെക്രട്ടറിയായി. 2012ലാണ് വിരമിച്ചത്. കയർ ബോർഡ് ചെയർമാനായിരിക്കെ ആണ് തൊഴിലാളികൾക്ക് ഇൻഷുറൻസും റാട്ടുകളുടെ യന്ത്രവത്കരണവും നടപ്പാക്കിയത്.

2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എറണാകുളത്ത് ക്രിസ്റ്റിയെ സ്വതന്ത്ര സ്ഥാനാർഥിയാക്കാനുള്ള എൽ.ഡി.എഫ് തീരുമാനം സ്വാഗതം ചെയ്തവർക്കൊപ്പം രൂക്ഷമായി വിമർശിച്ചവരുമുണ്ടായിരുന്നു. ക്രിസ്റ്റി കമ്യൂണിസ്റ്റ്കാരനല്ലെന്നും സ്ഥാനാർഥിത്വത്തിന് പിന്നിൽ പല കഥകളും കേൾക്കുന്നുണ്ടെന്നും മുതിർന്ന സി.പി.എം നേതാവ് എം.എം. ലോറൻസ് തുറന്നടിച്ചു.

ബി.ജെ.പിക്കും കോൺഗ്രസിനും പ്രിയപ്പെട്ടവൻ എന്നതായിരുന്നു മറ്റൊരു ആരോപണം. എല്ലാ വിമർശനത്തെയും ക്രിസ്റ്റി സൗമനസ്യത്തോടെ നേരിട്ടു. രാഷ്ടീയ എതിരാളികളോട് പോലും അടുപ്പം പുലർത്തി. ഫലം വന്നപ്പോൾ 87,047 വോട്ടിന് തോറ്റു. പിന്നീട് അദ്ദേഹം സജീവ രാഷ്ട്രീയത്തിൽ ഉണ്ടായില്ല. ആധുനിക കാഴ്ചപ്പാടോടെ സാമൂഹിക സേവനത്തിലും സജീവമായിരുന്നു. ട്രയൂൺ എന്ന പേരിൽ ഐ.എ.എസ് അക്കാദമി സ്ഥാപിക്കുകയും യുവാക്കളെ പ്രത്യേകിച്ച്, അധഃസ്ഥിത പശ്ചാത്തലമുള്ളവരെ സിവിൽ സർവിസ് പരീക്ഷകൾക്ക് പ്രാപ്തരാക്കുകയും ചെയ്തു.

Tags:    
News Summary - Former IAS officer Christy Fernandez passes away in Kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.