കാൽപന്തിനെ ജീവനോളം സ്​നേഹിച്ച അതുല്യ പ്രതിഭ; കൊച്ചിയുടെ കറുത്ത മുത്ത് ഇനി ഓർമ്മ

മട്ടാഞ്ചേരി: എന്നും കാൽപന്ത്​ കളിയെ ജീവനോളം സ്​നേഹിച്ച അതുല്യ പ്രതിഭയെയാണ്​ ടി.എ. ജാഫറിലൂടെ നഷ്ടമായത്​. വാങ്ങിക്കൂട്ടിയ അംഗീകാരങ്ങളുടെ എണ്ണം മാത്രമല്ല, പുതിയ തലമുറക്കായി നൽകിയ സംഭാവനകളുടെ വലുപ്പം കൂടിയാണ്​ അദ്ദേഹത്തെ മഹാനാക്കുന്നത്​​. കളിക്കളത്തിൽ നിന്ന്​ വിട വാങ്ങിയപ്പോഴും വളർന്നുവരുന്ന പുതിയ തലമുറക്ക്​ വേണ്ടി പരിശീലകന്‍റെ വേഷത്തിൽ അദ്ദേഹം മുന്നിൽ നിന്നു. എവിടെയും ആത്​മാർഥതയായിരുന്നു മുഖമുദ്ര.

1973ൽ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയതിന്‍റെ സുവർണ ജബിലി ദിനമാണ് ഈ വരുന്ന ബുധനാഴ്ച. സന്തോഷ് ട്രോഫി കേരളത്തിന് നേടി കൊടുത്ത താരങ്ങളെ കൊച്ചി കോർപ്പറേഷൻ അന്നേദിവസം ആദരിക്കാൻ തീരുമാനിച്ചിരിക്കയാണ്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണെങ്കിലും അന്നത്തെ ടീമിന്‍റെ വൈസ് ക്യാപ്റ്റനായിരുന്ന ടി.എ. ജാഫറിനെയും തേടിയെത്തേണ്ടതാണ്​ ഈ ആദരവ്​. എന്നാൽ, അതിന്​ പോലും കാത്തുനിൽക്കാതെയാണ്​ ഈ വിടവാങ്ങൽ.

ഫുട്​ബാളിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയായിരുന്നു ജാഫർ. ഗുരുനാഥൻ അബുക്ക എന്ന് നാട്ടുകാർ സ്നേഹപൂർവം വിളിച്ചിരുന്ന യങ്​സ്റ്റേഴ്സ് ക്ലബിലെ അബുവാണ് ജാഫറിന്‍റെ കഴിവ് തിരിച്ചറിഞ്ഞത്. കാൽപന്തുകളിയിൽ അടിവെച്ചുകയറിയപ്പോഴും നാട്ടുകാരായ യുവാക്കൾക്ക് ജാഫർ ഒഴിവ് വേളകളിൽ പരിശീലനം നൽകി പോന്നു. പുതുതലമുറയെ ഫുട്​ബാൾ രംഗത്ത് വളർത്തിയെടുക്കാൻ പ്രത്യേക ശ്രദ്ധ പതിപ്പിച്ചു.

1944 ഏപ്രിൽ 15ന് പരേതരായ അബ്ദുൽ അസീസിന്‍റെയും വാവുവിന്‍റെയും മകനായി ജനിച്ച ജാഫർ മട്ടാഞ്ചേരി ഹാജി ഈസ ഹാജി മൂസ മെമ്മോറിയൽ സ്ക്കൂളിലും എറണാകുളം സെന്‍റ്​ ആൽബർട്ട്സ് കോളജിലുമായിരുന്നു പഠിച്ചത്. പത്താം വയസിൽ കളി തുടങ്ങി. 1968ൽ ഫാക്ട് ഫുട്ബോൾ ടീമിലൂടെ ആദ്യ ജോലിയിൽ പ്രവേശിച്ച ശേഷം 2001ലാണ് സ്പോർട്സ് കൗൺസിലിൽ നിന്നും വിരമിച്ചത്. വിശ്രമ ജീവിതത്തിൽ മാത്രമല്ല, ആശുപത്രിയിൽ കിടക്കയിൽ കഴിയുമ്പോൾ പോലും ഫുട്​ബാളിന്‍റെ വളർച്ചക്ക്​ വേണ്ടി പ്രവർത്തിച്ചു. ജാഫർ ഫുട്​ബാളിന് നൽകിയ സംഭാവനകൾ കണക്കിലെടുത്ത് കൊച്ചി കോർപ്പറേഷൻ കൽവത്തിയിൽ വീട് നിർമിച്ചുനൽകി. ഈ വീടിന് നന്ദി എന്നാണ്​ ജാഫർ പേരിട്ടത്​. ഫുട്ബാൾ രാജാവ് പെലെക്ക് കറുത്ത മുത്തെന്ന് പേരിട്ടപ്പോൾ നാട്ടുകാർ ജാഫറിനെയും അങ്ങനെ വിളിച്ചു. ഫുട്​​ബാൾ പ്രേമികളെ മുഴുവൻ കണ്ണീരിലാഴ്ത്തി ആ കറുത്ത മുത്ത് യാത്രയായി.

വിടവാങ്ങുന്നത് മലയാള ഫുട്ബാളിന്റെ കളിയാശാൻ

കൊച്ചി: 50 വർഷംമുമ്പ് ഇതുപോലൊരു ഡിസംബർ മാസത്തിൽ മഹാരാജാസ് കോളജ് മൈതാനത്ത് റെയിൽവേസിനെ കീഴടക്കി കേരളം ആദ്യമായി സന്തോഷ് ട്രോഫി മാറോടുചേർക്കുമ്പോൾ ടീമിന്റെ വിജയശിൽപികളിലൊരാളും ഉപനായകനുമായിരുന്നു തൊണ്ടിപ്പറമ്പിൽ അസീസ് ജാഫർ എന്ന കളിക്കമ്പക്കാരുടെ സ്വന്തം ‘ജാഫർക്ക’. അതിന് ഏറെ മു​മ്പുതന്നെ മലയാള ഫുട്ബാളിൽ സ്വന്തം മുദ്ര പകർന്നുകഴിഞ്ഞിരുന്ന ഈ ഹാഫ് ബാക്ക് പിന്നീടുള്ള പതിറ്റാണ്ടുകളിൽ ആദ്യം താരമായും പിന്നീട് പരിശീലകനായും മൈതാനങ്ങളിൽനിന്ന് മൈതാനങ്ങളിലേക്ക് ചുവടുവെച്ചു. ഫുട്ബാൾ രംഗത്ത് തൊട്ടതെല്ലാം പൊന്നാക്കി കായികപ്രേമികളുടെ പ്രിയങ്കരനായി മാറിയ ടി.എ. ജാഫർ സ്വന്തമായി കളിച്ചതിലേറെ പിന്മുറയുടെ കളിയാശാനായും കേരളം കീഴടക്കി.

അദ്ദേഹം പരിശീലിപ്പിച്ച കേരള ടീം തുടർച്ചയായി രണ്ടു തവണയാണ് സന്തോഷ് ട്രോഫി കിരീടജേതാക്കളായത്. കേരളത്തിനു പുറമെ കേരളത്തിലെ മുൻനിര ടീമുകളിൽ പലതിനും കളിയുടെ പാഠങ്ങൾ പകർന്നുനൽകി. നീണ്ടകാലം സ്​പോർട്സ് കൗൺസിൽ പരിശീലകനായും സാന്നിധ്യമറിയിച്ചു.

പലപ്പോഴും അർഹിക്കുന്ന ആദരങ്ങൾ കപ്പിനും ചുണ്ടിനുമിടയിൽ വഴുതിയെങ്കിലും ഒരിക്കൽപോലും പരിഭവം പങ്കുവെക്കാത്തതായിരുന്നു ശീലം. ഇടക്കാലത്ത് കേരളത്തിൽ ഫുട്ബാൾ താഴോട്ടുപോകുകയും ദേശീയ സോക്കർ ഭൂപടത്തിൽ വേരുറക്കാതെയാകുമെന്ന ആധി പടരു​കയും ചെയ്തപ്പോൾ കളിയെ പുനരുജ്ജീവിപ്പിക്കാനും അദ്ദേഹം മുന്നിൽനിന്നു. അരനൂറ്റാണ്ട് മുമ്പ് കേരളം കുറിച്ച മഹാവിജയത്തിന് നാളുകൾ ബാക്കിനിൽക്കെയാണ് ജീവിതത്തിന്റെ മൈതാനത്ത് അവസാന വിസിൽ മുഴങ്ങി ജാഫർ മടങ്ങുന്നത്. 

Tags:    
News Summary - Former Kerala Santosh Trophy star T.A. Jaffer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.