നീതിയുടെ വാതിലുകൾക്കുമുന്നിൽ മുട്ടിത്തളർന്ന വന്ദ്യവയോധികനായ വൈദികൻ സ്റ്റാൻ സ്വാമി ഒടുവിൽ യാത്രയായിരിക്കുന്നു. ജസ്യൂട്ട് ക്രിസ്ത്യൻ സഭയിലെ പുരോഹിതനായ സ്വാമിക്ക് 84 വയസ്സായിരുന്നു. ഭീമ-കൊറെഗാവ് കേസിൽ 2020 ഒക്ടോബർ എട്ടിനാണ് തമിഴ്നാട്ടുകാരനായ അദ്ദേഹത്തെ യു.എ.പി.എ ചുമത്തി ജയിലിലടച്ചത്. ജയിലിൽ പരസഹായമില്ലാതെ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു അദ്ദേഹം.
വിവധ അസുഖങ്ങൾ മൂലം നരകിച്ച ഫാദർ ചികിത്സക്ക് ജാമ്യം തേടി നിരവധി തവണ കോടതി കയറി. ഇടക്കിടെ ജെ.ജെ. മെഡിക്കൽ കോളജിൽ പേരിന് കൊണ്ടുപോയതല്ലാതെ നല്ല ചികിത്സ നൽകാൻ കോടതി തയ്യാറായില്ല. ഒടുവിൽ, ജാമ്യമാണ് വേണ്ടതെന്നും അല്ലെങ്കിൽ ജയിലിൽ കിടന്നു മരിക്കാമെന്നും ആരോഗ്യശേഷി നശിച്ച് മരണം അടുത്തുവരികയാണെന്നും സ്റ്റാൻ സ്വാമി മേയ് അവസാന ആഴ്ച ബോംബെ ഹൈകോടതിയിൽ തീർത്തുപറഞ്ഞു.
ഇതേതുടർന്നാണ്, സാമിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ട ബാന്ദ്ര ഹോളിഫാമിലി ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റാൻ മേയ് 28ന് കോടതി അനുമതി നൽകിയത്. അവിടെ വെച്ച് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചു. ഉറ്റവരെ പോലും തിരിച്ചറിയാനാവാതെ ഓക്സിജൻ സഹായത്തോടെയാണ് ഫാദർ കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം സ്ഥിതി കൂടുതൽ വഷളായതോടെ വെന്‍റിലേറ്റർ സഹായം ഏർപ്പാടാക്കിയിരുന്നു.
ഒരു സ്ട്രോ കൊടുക്കാത്ത നീതിപീഠം!
അറസ്റ്റിലാകുേമ്പാൾ തന്നെ ആരോഗ്യപ്രശ്നങ്ങൾ ഏറെയുണ്ടായിരുന്നു പാർകിൻസൺസ് രോഗിയായ ആ മനുഷ്യന്. ഇരുചെവികളുടെയും കേൾവിശക്തിക്ക് കാര്യമായ തകരാർ, സന്ധി വേദന, വാർധക്യസഹജമായ മറ്റു പ്രയാസങ്ങളും. ഇതിനുപുറമേ തടവറയിൽവെച്ച് കോവിഡും ബാധിച്ചു. കൈവിറയൽ ഉള്ളത് കാരണം വെള്ളം കുടിക്കാനുള്ള ഗ്ലാസ് പിടിക്കാൻ കഴിയില്ലായിരുന്നു. വെള്ളം കുടിക്കാൻ സ്േട്രായും സിപ്പർ കപ്പും വേണമെന്ന് അദ്ദേഹം നിരവധി തവണ ജയിലധികൃതരോട് ആവശ്യപ്പെട്ടു. എന്നാൽ, അവർ കനിഞ്ഞില്ല.
ഒടുവിൽ, ഇക്കാര്യമുന്നയിച്ച് നവംബർ ആറിന് അദ്ദേഹം കോടതിക്ക് അപേക്ഷ നൽകി. ഒക്ടോബർ എട്ടിന് തന്നെ അറസ്റ്റ് ചെയ്യുമ്പോൾ ബാഗിൽ ഇവ രണ്ടുമുണ്ടായിരുന്നെന്നും അതുതന്നെ നൽകിയാൽ മതിയെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. അപേക്ഷ പരിഗണിച്ച കോടതി വിഷയത്തിൽ മറുപടി നൽകാൻ എൻ.ഐ.എക്ക് നൽകിയത് 20 ദിവസത്തെ സമയം. എന്നാൽ, 20ദിവസത്തിന് ശേഷം എൻ.ഐ.എ നൽകിയ മറുപടിയായിരുന്നു ഏറെ മഹത്തരം; തങ്ങൾ പിടിച്ചെടുത്ത വസ്തുക്കളിൽ സ്േട്രായും സിപ്പർ കപ്പും ഇല്ല എന്നായിരുന്നു അത്!. പിന്നെയും ദിവസങ്ങൾ പിന്നിട്ടാണ് സ്ട്രോ അനുവദിക്കാൻ തീരുമാനമായത്. പ്രായാധിക്യവും രോഗവും തളർത്തിയ, സാമൂഹികപ്രവർത്തകനായ ഒരുമനുഷ്യനോടാണ് ഭരണകൂടവും നീതിന്യായ വ്യവസ്ഥയും ഇവ്വിധം പെരുമാറിയത്.
ഝാർഖണ്ഡിലെ അവികസിതമായ ആദിവാസി മേഖലകളാണ് സാമൂഹികപ്രവർത്തകനായ സ്വാമി പ്രവർത്തന മണ്ഡലമായി തെരഞ്ഞെടുത്തത്. ആദിവാസി -ദലിത് പ്രശ്നങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. ഇതിനിടെയാണ് പ്രമാദമായ ഭീമ-കൊറെഗാവ് കേസ് അന്വേഷിക്കുന്ന എൻ.ഐ.എ സംഘം അദ്ദേഹത്തെ കള്ളക്കേസിൽ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യുന്നത്.
മഹാരാഷ്ട്രയിലെ പുണെക്കടുത്ത ഭീമ-കൊറെഗാവ് ഗ്രാമത്തിൽ 2018 ജനുവരി ഒന്നിന് കൊറെഗാവ് യുദ്ധത്തിെൻറ ഇരുനൂറാം വാർഷികം ആചരിക്കാൻ ദലിത് സംഘടനകൾ വലിയ സമ്മേളനം സംഘടിപ്പിച്ചിരുന്നു. ഈ സമ്മേളനത്തിനു നേരെ സവർണജാതി വിഭാഗങ്ങൾ ആക്രമണം അഴിച്ചുവിടുകയും സംഘർഷം രൂപപ്പെടുകയും ചെയ്തു. ഇതാണ് ഭീമ-കൊറെഗാവ് കേസിെൻറ ആധാരം. ദലിത് സമ്മേളനത്തിനു നേരെ സവർണർ ആക്രമണം നടത്തുകയായിരുന്നെങ്കിലും അവരാരും കേസിൽ പ്രതിചേർക്കപ്പെട്ടില്ല.
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള ആക്ടിവിസ്റ്റുകൾ, മനുഷ്യാവകാശപ്രവർത്തകർ, എഴുത്തുകാർ, അക്കാദമീഷ്യന്മാർ എന്നിവരെ കേസിൽ പ്രതിചേർക്കുകയും യു.എ.പി.എ ചേർത്ത് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രഗല്ഭ പത്രപ്രവർത്തകനായ ഗൗതം നവലാഖ, തെലുഗ് കവി വരവരറാവു, മനുഷ്യാവകാശ പ്രവർത്തകനായ അരുൺ ഫെറീറ, അഭിഭാഷകയും േട്രഡ് യൂനിയൻ സംഘാടകയുമായ സുധാ ഭരദ്വാജ്, അറിയപ്പെട്ട അക്കാദമീഷ്യന്മാരായ ആനന്ദ് തെൽതുംബ്ഡെ, ഷോമ സെൻ, മലയാളികളായ റോണ വിൽസൺ, ഡൽഹി യൂനിവേഴ്സിറ്റി പ്രഫസർ ഹാനി ബാബു എന്നിവർ സ്റ്റാൻ സ്വാമിയെ കൂടാതെ ഈ കേസിൽ പ്രതിചേർക്കപ്പെട്ട് വിചാരണത്തടവുകാരായി മുംബൈയിലെ തലോജ ജയിലിൽ കഴിയുകയാണ്.
ഇതേ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട വരവരറാവു മരണവുമായി മല്ലിട്ടുകൊണ്ടിരിക്കുകയാണ്. കോവിഡ് പോസിറ്റിവ് ആയിട്ടുപോലും അദ്ദേഹത്തിനും ജാമ്യം നൽകിയിട്ടില്ല. ബന്ധുക്കളെ കാണാനുള്ള അവസരങ്ങൾ പോലും നിഷേധിക്കപ്പെട്ടു.
ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന സ്വമി ഇന്ന് ജയിലിലേക്ക് മടങ്ങേണ്ടതായിരുന്നു. കോടതി ഉത്തരവ് പ്രകാരം മേയ് 28 നാണ് തലോജ ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. ജൂലൈ അഞ്ച് -ഇന്ന്- വരെയിരുന്നു ചികിത്സ അനുവദിച്ചത്. എന്നാൽ, ശനിയാഴ്ച പരിഗണിക്കേണ്ടിയിരുന്ന അദ്ദേഹത്തിന്‍റെ ജാമ്യാപേക്ഷ സമയക്കുറവ് കാരണം കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റിവെച്ചു. ഈ സാഹചര്യത്തിൽ നാെള (ജൂലൈ ആറു) വെര ആശുപത്രിയിൽ തുടരാൻ ജസ്റ്റിസുമാരായ എസ്.എസ് ഷിൻഡെ, എൻ.ജെ. ജമാദാർ എന്നിവരടങ്ങിയ ബെഞ്ച് അനുമതി നൽകുകയായിരുന്നു. എന്നാൽ, നീതിപീഠത്തിന്‍റെയും ഭരണകൂടത്തിന്‍റെയും ദയക്ക് കാത്തുനിൽക്കാതെ, തടവറയ്ക്ക് പുറത്തുവെച്ച് തന്നെ വന്ദ്യവയോധികനായ ആ മനുഷ്യസ്നേഹി അവസാന ശ്വാസംവലിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.