പരപ്പനങ്ങാടി: ചരിത്രവസ്തുതകൾ തേടിയും തെറ്റിദ്ധാരണകളെ ആധികാരികമായി തിരുത്തിയും മലബാർ സമരത്തെ ആഴത്തിൽ ഗവേഷണ വിഷയമാക്കിയ ഡോ. എം. ഗംഗാധരനെത്തേടി ഇനി 'കൈലാസ'ത്തിൽ ചരിത്രകുതുകികളെത്തില്ല.
മലബാർ സമരത്തെക്കുറിച്ചുള്ള ഗവേഷണ ഭാഗമായി അമേരിക്ക ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ സർവകലാശാലകൾ സഞ്ചരിച്ച് അദ്ദേഹം നടത്തിയ പരിശ്രമങ്ങൾ ഏറെ വലുതാണ്.
പരപ്പനങ്ങാടി ബി.ഇ.എം ഹൈസ്കൂളിൽ പഠനം പൂർത്തിയാക്കിയ ശേഷം മദ്രാസ് പാച്ചയി അപ്പാ കോളജിൽനിന്ന് ബി.എ ഹോണേഴ്സ് നേടിയ അദ്ദേഹം ശക്തനായ സാംസ്കാരിക വിമർശകൻ കൂടിയായിരുന്നു.ചരിത്രവേരുകൾ തേടി വിവിധ ഭാഗങ്ങളിൽനിന്ന് എത്തുന്ന വിദ്യാർഥികൾക്ക് മലപ്പുറത്തിന്റെ ആതിഥേയത്വത്തിന്റെ സ്വാദും സ്നേഹവും അദ്ദേഹം ആവോളം പകരാറുണ്ടായിരുന്നെന്ന് അയൽവാസി ചെങ്ങാട്ട് ആലിക്കുട്ടി ഓർക്കുന്നു. ഏറ്റവും അവസാനമായി ജപ്പാനിൽനിന്ന് ഒരു ഗവേഷകയാണെത്തിയത്. എഴുത്തിന്റെ ലോകത്ത് പേനയുടെ കാലം പടിയിറങ്ങിയതോടെ സ്വന്തമായി കമ്പ്യൂട്ടർ ടീച്ചറെ വെച്ച് അദ്ദേഹം ഡി.ടി.പി വശമാക്കി. ആനുകാലികങ്ങളിൽ വേറിട്ട നിലപാടുകൊണ്ട് ശ്രദ്ധേയനായിരുന്നു. 21 വർഷം മുമ്പ് നടന്ന കടലുണ്ടി ട്രെയിൻ ദുരന്തത്തിൽ മരിച്ചവർക്കും പരിക്കേറ്റവർക്കുമായി കേന്ദ്ര സർക്കാറിൽനിന്ന് ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ രൂപവത്കൃതമായ ജനകീയ കമ്മിറ്റിയുടെ കൺവീനറായിരുന്ന ഡോ. എം. ഗംഗാധരൻ ധനസഹായം ലഭ്യമാക്കുന്നതിൽ വിജയിച്ചു. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരായിരുന്നു സമിതി ചെയർമാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.