പറവൂർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ ജനറൽ സെക്രട്ടറിയും കലാജാഥയുടെ മുഖ്യ സംഘാടകനുമായിരുന്ന പ്രഫ. വി.കെ. ശശിധരെൻറ (വി.കെ.എസ്) വിയോഗം കെടാമംഗലം എന്ന കലാഗ്രാമത്തിന് തീരാനഷ്ടമായി. കൊല്ലത്തെ വസതിയിൽ ബുധനാഴ്ച പുലർച്ചയാണ് പ്രഫ. വി.കെ. ശശിധരൻ വിടപറഞ്ഞത്. ജനകീയ പാട്ടുകാരനായിരുന്ന വി.കെ.എസിന് കെടാമംഗലത്തോടും അവിടത്തെ നാട്ടുകാരോടും ഇഴപിരിയാത്ത ബന്ധമായിരുന്നു.
കേരളത്തിെൻറ വിപ്ലവകവി എന്ന് കേസരി ബാലകൃഷ്ണപിള്ള വിശേഷിപ്പിച്ച കെടാമംഗലം പപ്പുക്കുട്ടിയുടെ സഹോദരീപുത്രനായി കെടാമംഗലത്തുതന്നെയായിരുന്നു വി.കെ. ശശിധരൻ ജനിച്ചുവളർന്നതും പ്രൈമറി വിദ്യാഭ്യാസം ആരംഭിച്ചതും. നാലാം ക്ലാസ് വരെ കെടാമംഗലം സർക്കാർ പള്ളിക്കൂടത്തിലായിരുന്നു പഠിച്ചിരുന്നത്. ഹൈസ്കൂൾ വിദ്യാഭ്യാസം പിതാവിെൻറ നാടായ പുത്തൻവേലിക്കരയിലുമായിരുന്നു.
ആലുവ യു.സി കോളജിൽ ഇൻറർമീഡിയേറ്റ് കഴിഞ്ഞശേഷം എൻജിനീയറിങ് പഠനം നടത്തിയത് തിരുവനന്തപുരത്ത് ആയിരുന്നു. കാമ്പസ് സെലക്ഷനിലൂടെ കൊല്ലം ശ്രീനാരായണ പോളിടെക്നിക്കിൽ ജോലി ലഭിച്ചു. ഇതോടെ കൊല്ലത്ത് സ്ഥിരതാമസമാക്കി. ഈ കാലയളവിൽതന്നെ പരിസ്ഥിതിപ്രവർത്തനങ്ങളിലും പൊതുരംഗത്തും സജീവമായിരുന്നു. ഔദ്യോഗിക പദവികൾ കഴിഞ്ഞതോടെയാണ് പഴയകാല ബന്ധങ്ങളും സുഹൃത്ബന്ധങ്ങളെയും തേടി അദ്ദേഹം കെടാമംഗലത്ത് എത്തുന്നത്. കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയല്‍ ലൈബ്രറിയും പരിഷത്ത് പ്രവർത്തകരെയും കൂട്ടിയിണക്കി അദ്ദേഹം അവിടെ ഒരു ഗായകസംഘത്തിന് രൂപം നൽകി. അദ്ദേഹം കെടാമംഗലം ഗവ. എല്‍.പി സ്കൂളില്‍ പഠിക്കുന്ന കാലത്ത് മാതൃസഹോദരിയായ ലീല അവിടുത്തെ അധ്യാപികയായിരുന്നു. ടീച്ചറുടെ ഓര്‍മക്കായി വി.കെ.എസ് ഈ വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ക്ക് വര്‍ഷംതോറും എൻഡോവ്മെൻറും ഏർപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.