എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യോ​ടൊ​പ്പ​മു​ള്ള ഫോ​ട്ടോ​യു​മാ​യി ഇ​സ്ഹാ​ഖ് കു​രി​ക്ക​ൾ

എലിസബത്ത് രാജ്ഞിയുടെ വിരുന്നോർമകളുമായി ഇസ്ഹാഖ് കുരിക്കൾ

മഞ്ചേരി: ബ്രിട്ടന്‍റെ രാജസിംഹാസനത്തില്‍ കൂടുതല്‍ കാലമിരുന്ന എലിസബത്ത് രാജ്ഞിയുമായുള്ള ഓർമകൾ പങ്കുവെച്ച് മഞ്ചേരിയുടെ മുൻ എം.എൽ.എ എം.പി.എം. ഇസ്ഹാഖ് കുരിക്കൾ. 37 വർഷം മുമ്പ് രാജ്ഞിയുടെ അതിഥിയായി ബക്കിങ് ഹാം പാലസ് സന്ദർശിക്കാൻ ഭാഗ്യം ലഭിച്ചയാളാണ് ഇസ്ഹാഖ് കുരിക്കൾ. 1985ൽ ബ്രിട്ടനിൽ നടന്ന കോമൺവെൽത്ത് പാർലമെന്‍റ് സെമിനാറിലാണ് ഇസ്ഹാഖ് കുരിക്കൾ പങ്കെടുത്തത്. ഒമ്പത് രാഷ്ട്രങ്ങളിൽനിന്നുള്ള പ്രതിനിധികളാണ് അന്ന് സെമിനാറിനെത്തിയത്. ഇന്ത്യയിൽനിന്ന് മൂന്ന് പേർക്ക് മാത്രമാണ് ക്ഷണമുണ്ടായിരുന്നത്. മണിപ്പൂർ മുഖ്യമന്ത്രിയായിരുന്ന തമ്പോക്ക് സിങ്, ബംഗാൾ ആഭ്യന്തരമന്ത്രി പി.പി. പഥക് എന്നിവരായിരുന്നു ഇന്ത്യയിൽനിന്നുള്ള മറ്റുള്ളവർ. ഇസ്ഹാഖ് കുരിക്കളാണ് ഇന്ത്യൻ സംഘത്തെ നയിച്ചത്.

രാജകീയ വരവേൽപ്പാണ് അന്ന് തങ്ങൾക്ക് ലഭിച്ചതെന്ന് ഇസ്ഹാഖ് കുരിക്കൾ ഓർക്കുന്നു. വിമാനത്താവളത്തിലെത്തിയ സംഘത്തെ പൊലീസ് അകമ്പടിയോടെയാണ് കൊട്ടാരത്തിലെത്തിച്ചത്. സെമിനാറിൽ പങ്കെടുത്തതിന് ശേഷം രാജ്ഞിയോടൊപ്പം ഭക്ഷണം കഴിക്കാനും അവസരം ലഭിച്ചു. കേരളത്തിൽനിന്നാണെന്ന് അറിയിച്ചപ്പോൾ 'ഐ നോ കേരള' എന്നായിരുന്നു രാജ്ഞിയുടെ മറുപടിയെന്ന് അദ്ദേഹം ഓർത്തു. ഊട്ടിയിൽ തന്‍റെ ബന്ധുക്കൾ ഉണ്ടായിരുന്നെന്ന് അവർ പറഞ്ഞതായും അദ്ദേഹം വിവരിച്ചു.

അന്നത്തെ സെമിനാറിൽ ഒട്ടേറെ നിർദേശങ്ങൾ താൻ സമർപ്പിച്ചു. ഡെന്മാർക്ക് സ്പീക്കർ ജി.ഡി. പയസ് തന്‍റെ നിർദേശങ്ങൾ സ്വന്തം രാജ്യത്ത് നടപ്പാക്കാൻ ശ്രമിക്കുമെന്ന് പറഞ്ഞത് ഏറെ സന്തോഷം നൽകിയതായി ഇസ്ഹാഖ് കുരിക്കൾ പറഞ്ഞു. രാജ്ഞിയുടെ കൂടെയുള്ള വിരുന്നും സെമിനാറും തനിക്ക് മറക്കാനാകാത്ത ഓർമകളാണ് സമ്മാനിച്ചതെന്നും അദ്ദേഹം ഓർത്തു.

Tags:    
News Summary - Ishaq Kurikal with Queen Elizabeth's feasts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.