കായംകുളം: മലയാള സിനിമയിലെ നിത്യഹരിത നായകൻ പ്രേംനസീർ വിടചൊല്ലിയിട്ട് 33 വർഷം പിന്നിടുമ്പോൾ സഹായിയായി ഒപ്പമുണ്ടായിരുന്ന രാജന്റെ മനസ്സിൽ നിറയുന്നത് മറക്കാനാകാത്ത ഓർമകൾ. പ്രേംനസീർ 1989 ജനുവരി 16നാണ് കാലയവനികക്കുള്ളിൽ മറഞ്ഞത്.
സിനിമ യാത്രകളിലും അല്ലാതെയും പ്രേംനസീറിനൊപ്പം കഴിഞ്ഞ കാലത്തെ അടുപ്പവും അനുഭവങ്ങളുമാണ് കറ്റാനം ഇലിപ്പക്കുളം ജലാലിയ മൻസിലിൽ രാജന് (സൈനുലാബ്ദീൻ -63) പങ്കുവെക്കാനുള്ളത്. 10 വർഷമാണ് നസീറിനൊപ്പം രാജൻ സഞ്ചരിച്ചത്. നടൻ ജയന്റെ സഹായിയായിരുന്ന രാജൻ അദ്ദേഹത്തിന്റെ മരണശേഷമാണ് നസീറിനൊപ്പം കൂടിയത്.
ചൂനാട് യു.പി സ്കൂളിലെ പഠനകാലയളവിൽ സിനിമക്കമ്പം കയറിയതാണ് ജീവിതത്തിലെ വഴിത്തിരിവായത്. സിനിമലോകം തലക്കുപിടിച്ചപ്പോൾ ഉദയ സ്റ്റുഡിയോയും സിനിമകളും നിറഞ്ഞുനിന്ന ആലപ്പുഴക്ക് വണ്ടികയറി. 12 ആയിരുന്നു പ്രായം. വീട്ടുകാർ അറിയാതെയുള്ള അന്നത്തെ ഒളിച്ചോട്ടം ഇന്നും മനസ്സിലെ മായാത്ത അനുഭവം. ഉദയ സ്റ്റുഡിയോയുടെ വാതിലിൽ ഏറെനേരം കാത്തുനിന്നെങ്കിലും കയറാൻ അനുവദിച്ചില്ല. സെക്യൂരിറ്റിക്കാരൻറ ശ്രദ്ധ മാറിയപ്പോൾ അകത്തേക്ക് ഓടിക്കയറിയ രാജൻ കുഞ്ചാക്കോയുടെ മുന്നിലാണ് ചെന്നുപെട്ടത്.
അതിക്രമിച്ച് കയറിയ ബാലനെ പൊലീസിൽ പിടിപ്പിക്കുമെന്നായിരുന്നു കുഞ്ചാക്കോയുടെ ആദ്യ ഭീഷണി. തിരക്കഥാകൃത്തായിരുന്ന ശാരങ്കപാണി സഹായത്തിന് എത്തി. അദ്ദേഹത്തിന്റെ നിർബന്ധത്തിന് വഴങ്ങിയ കുഞ്ചാക്കോ സ്റ്റുഡിയോയിലെ സഹായിയാക്കുകയായിരുന്നു. 17 വയസ്സുവരെ ഇവിടെ തുടർന്നു. അതിനിടയിലാണ് വീട്ടുകാരുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നത്. സ്റ്റുഡിയോ ജീവിതത്തിനിടയിൽ സൗഹൃദത്തിലായ നടൻ ജയന്റെ സഹായിയായി. ഇതിനിടെ നസീറുമായും സൗഹൃദം സ്ഥാപിച്ചിരുന്നു. ജയന്റെ മരണം സംഭവിക്കുന്ന 'കോളിളക്കം' സിനിമയുടെ സെറ്റിൽ രാജനും ഒപ്പമുണ്ടായിരുന്നു. ജയന്റെ മരണത്തോടെ നിസ്സഹായനായ രാജനെ പിന്നീട് പ്രേംനസീർ ഒപ്പം കൂട്ടുകയായിരുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ നസീറിന്റെ മനസ്സ് കീഴടക്കാൻ രാജനായി. മേക്കപ്പ് സാമഗ്രികൾ മുതൽ നിത്യവുമുള്ള മരുന്നുകൾ വരെ രാജനാണ് സൂക്ഷിച്ചിരുന്നത്. ഭരതന്റെ 'പാർവതി' എന്ന ചിത്രം മുതൽ 'കടത്തനാടൻ അമ്പാടി' വരെ സിനിമ കാലയളവിലാണ് സഹായിയായി ഒപ്പംനിന്നത്. തിരക്ക് കുറഞ്ഞതോടെ പ്രേംനസീർതന്നെ മുൻകൈയെടുത്ത് 1988ൽ രാജനെ പ്രവാസത്തിലേക്ക് വിട്ടു.
മസ്കത്തിലുള്ള നസീറിന്റെ മരുമകൻ ഡോ. ഷറഫുദ്ദീന്റെ ആശുപത്രിയിലേക്കാണ് വിട്ടത്. ഒരുവർഷം കഴിഞ്ഞപ്പോൾ പ്രേംനസീറും മരിച്ചു. ഡോ. ഷറഫുദ്ദീൻ നാട്ടിലേക്ക് പോയതിനാൽ രാജന് അവിടെത്തന്നെ തുടരേണ്ടിവന്നു. ഒരാഴ്ചക്കുശേഷം അദ്ദേഹം മടങ്ങി എത്തിയപ്പോഴാണ് രാജന് നാട്ടിലേക്ക് പോകാനായത്. വിമാനമിറങ്ങി നേരെപോയത് നസീറിന്റെ ഖബറിടത്തിലേക്കായിരുന്നു. കുടുംബവുമായി ഇന്നും മികച്ച ബന്ധം കാത്തുസൂക്ഷിക്കുന്നു. മകൾ ലൈല ക്ഷേമാന്വേഷണങ്ങളുമായി വിളിക്കാറുണ്ടെന്നതും അവർ എഴുതിയ നസീറിന്റെ ജീവിതകഥയിൽ തന്നെ പരാമർശിച്ചതുമാണ് രാജനെ ഏറെ സന്തോഷിപ്പിക്കുന്നത്.
മസ്കത്തിൽനിന്ന് ദുബൈയിലേക്ക് പോയ രാജൻ 18 വർഷത്തോളം പ്രവാസജീവിതം നയിച്ചു. ഇപ്പോൾ നാട്ടിലുണ്ട്. നസീറുമായുള്ള വൈകാരികബന്ധം മനസ്സിൽ സൂക്ഷിക്കുന്ന രാജൻ അഞ്ചുമാസം മുമ്പും ചിറയിൻകീഴിലെ അദ്ദേഹത്തിന്റെ ഖബറിടം സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.