അങ്കമാലി: മതചട്ടക്കൂടുകളെ വകഞ്ഞുമാറ്റി വിപ്ലവ വനിത രാഷ്ട്രീയത്തിന് ആവേശം പകര്‍ന്ന ധീര നേതാവായിരുന്നു ജോസഫൈന്. പാര്‍ട്ടിയെക്കാള്‍ വലുതൊന്നില്ലെന്നും പാര്‍ട്ടിയാണ് ജീവവായുവെന്നും വിശ്വസിച്ച അവർ, അതുപോലെ തന്നെ വിടപറഞ്ഞതും പാര്‍ട്ടി വേദിയില്‍. പാര്‍ട്ടിയെ അത്രമാത്രം സ്നേഹിച്ചിരുന്നു. അതാണ് പാര്‍ട്ടിയാണ് തങ്ങളുടെ കോടതിയെന്നും പൊലീസെന്നും ഒരു വേളയില്‍ പ്രഖ്യാപിക്കുകയും അത് വിവാദത്തിന് തിരിതെളിക്കുകയും ചെയ്തത്.
അങ്കമാലി പള്ളിപ്പാടന്‍ മത്തായിയുടെ പ്രിയ പത്നിയായെത്തിയ ജോസഫൈന് അധികം വൈകാതെയാണ് കേരളത്തിലെ യുവജന, വനിത നേതാവായി മാറിയത്. പരിവര്‍ത്തനവാദി കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കളായിരുന്നു ഭര്‍ത്താവ് പി.എ. മത്തായിയും ജോസഫൈനും. കമ്യൂണിസ്റ്റ് നേതാവും മുന്‍ നിയമസഭ സ്പീക്കറുമായിരുന്ന എ.പി. കുര്യന്റെ ശ്രമഫലമായി 1978ലാണ് ഇരുവരും പാര്‍ട്ടിയില്‍ അണിചേര്‍ന്നത്. അങ്കമാലി സി.എസ്.എ ഹാളില്‍ നടന്ന വിവാഹം പരസ്പരം പൂമാലയിട്ട ലളിതമായ ചടങ്ങായിരുന്നു. ഇരുവരുടെയും പൊതുപ്രവര്‍ത്തന രംഗം പ്രത്യേകിച്ച് സ്ത്രീകളിലും സ്വീകാര്യതയുണ്ടാക്കി. അങ്കമാലി അങ്ങാടിക്കടവ് ബ്രാഞ്ചിലായിരുന്നു പാര്‍ട്ടി പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. ഉറച്ച നിലപാടും ലളിതജീവിതവും പാര്‍ട്ടി ആദര്‍ശത്തിന് അഭിമാനമുണ്ടാക്കി. ഭൗതിക രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന് അടിപ്പെട്ട് ജീവിച്ച ജോസഫൈന്, മതചട്ടക്കൂടുകളില്‍ ഒതുങ്ങാന്‍ തയാറായില്ല. മരണം വരെ അത് തുടര്‍ന്നു. കണിശതയുള്ള സ്ത്രീപക്ഷവാദികൂടിയായിരുന്നു. സ്ത്രീപക്ഷ ചിന്ത പ്രഭാഷണങ്ങളിലും എഴുത്തുകുത്തുകളിലും ഒഴിവാകാതെ ശ്രദ്ധിച്ചിരുന്നു.
കാലടി പ്ലാന്റേഷനിലെ തോട്ടം തൊഴിലാളികള്‍ മുതല്‍ അങ്കമാലി, കാലടി, മലയാറ്റൂര്‍, മഞ്ഞപ്ര, തുറവൂര്‍, കറുകുറ്റി, മൂക്കന്നൂര്‍, പാറക്കടവ്, കാഞ്ഞൂര്‍ പ്രദേശങ്ങളിലെ കര്‍ഷകര്‍ അടക്കമുള്ളവരുടെ പ്രശ്നങ്ങളില്‍ ഇടപെട്ട് കാല്‍നടയായി നടന്ന് ഊണും ഉറക്കവും ഉപേക്ഷിച്ച് പാര്‍ട്ടിക്കുവേണ്ടി അക്ഷീണം പ്രവര്‍ത്തിച്ചു.
പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന വനിത കമീഷന് അധ്യക്ഷ, ജി.സി.ഡി.എ ചെയർപേഴ്സണ്‍, വനിത വികസന കോർപറേഷന് അധ്യക്ഷ തുടങ്ങിയ പദവികള്‍ വഹിക്കുമ്പോഴും അങ്കമാലിയിലെ ഏത് ചെറിയ പരിപാടിയില്‍പോലും ക്ഷണം സ്വീകരിച്ച് പങ്കെടുത്തിരുന്നു. ദീര്‍ഘകാലം അങ്കമാലി നഗരസഭ കൗണ്‍സിലറുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.