കാതിരിക്കോയ

കാതിരിക്കോയ, ഗോഡ്ഫാദർമാരില്ലാതിരുന്ന ഫുട്ബാൾ പ്രതിഭ

കോഴിക്കോട്: പ്രതിഭയുണ്ടായിട്ടും ഗോഡ്ഫാദർമാരില്ലാത്തതിനാൽ വമ്പൻ താരമാകാതെ ഒതുങ്ങിപ്പോയ താരമായിരുന്നു വ്യാഴാഴ്ച അന്തരിച്ച മുൻ കെ.എസ്.ആർ.ടി.സി ഫുട്ബാൾ ടീം ക്യാപ്റ്റൻ കോയമരക്കാരകത്ത് കാതിരി കോയ. കാതു എന്ന് അടുപ്പമുള്ളവർ വിളിക്കുന്ന കാതിരികോയ കോഴിക്കോട്ടെ പ്രമുഖ ടീമുകളായ ഇൻഡിപെൻഡന്‍റ് ബഡ്സ്, കല്ലായി യൂത്ത്സ് എന്നീ ക്ലബുകളിലാണ് തുടക്കത്തിൽ പന്തുതട്ടിയത്.

ഏത് ആംഗിളിൽനിന്നും പന്ത് വലയിലേക്ക് പായിക്കാൻ കഴിവുണ്ടായിരുന്ന സ്ട്രൈക്കറായിരുന്നു അദ്ദേഹം. സുന്ദരമായ പാസിങ്ങുകളും കാതിരികോയയെ ശ്രദ്ധേയനാക്കി. 1972ൽ കൊല്ലത്ത് നടന്ന ദേശീയ ജൂനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ കാതിരിക്കോയയും കേരള ടീമിലുണ്ടായിരുന്നു. സെന്‍റർ ഫോർവേഡായി അദ്ദേഹം തിളങ്ങി. സേവ്യർ പയസും നജ്മുദ്ദീനുമടക്കമുള്ളവർ ആ ടീമിലുണ്ടായിരുന്നു. അന്നത്തെ കേരള ടീമിലെ പലരെയും 1973ൽ സന്തോഷ്ട്രോഫി ടീമിലേക്കും തെരഞ്ഞെടുത്തിരുന്നു. എറണാകുളത്ത് നടന്ന ആ ചാമ്പ്യൻഷിപ്പിലാണ് കേരളം ആദ്യമായി മുത്തമിട്ടത്.

അക്കാലത്തെ പ്രമുഖ ഡിപ്പാർട്മെന്‍റ് ടീമായി കെ.എസ്.ആർ.ടി.സിയെ ഉയർത്തിയതിന് പിന്നിൽ കാതിരികോയയുടെ പങ്ക് എടുത്തുപറയേണ്ടതായിരുന്നു. 1976ൽ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഓൾ ഇന്ത്യ ട്രാൻസ്പോർട്ട് ഫുട്ബാളിൽ കെ.എസ്.ആർ.ടി.സി ജേതാക്കളായപ്പോൾ ക്യാപ്റ്റൻ കാതിരികോയയായിരുന്നു.

ടൈറ്റസ് കുര്യനും ശശീന്ദ്രനാഥും സൈനുൽ ആബിദീനും സി. കബീർദാസും ഗോളി മജീദുമടക്കമുള്ള പ്രമുഖർ അണിനിരന്ന ടീമായിരുന്നു അത്. മദ്രാസ് വിട്ടൽ ട്രോഫിയിൽ ഫൈനലിലേക്ക് വരെ ആ ടീം മുന്നേറിയിരുന്നു. 1977ൽ ആദ്യ ഫെഡറേഷൻ കപ്പിൽ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു കാതിരികോയ ഉൾപ്പെടുന്ന ട്രാൻസ്പോർട്ട് ടീം. ദേശീയതാരങ്ങൾ നിറഞ്ഞ മോഹൻ ബഗാനെതിരെ കാതിരികോയയുടെ ക്യാപ്റ്റൻസിയിലുള്ള ടീം ആദ്യം ഗോളടിച്ച ശേഷമാണ് കീഴടങ്ങുന്നത്.

പരിശീലകനെന്ന നിലയിൽ 2007 കാലഘട്ടത്തിൽ മികച്ച താരങ്ങളെ വാർത്തെടുക്കുന്നതിൽ കാതിരികോയ പ്രധാന പങ്കുവഹിച്ചതായി ഫുട്ബാൾ എഴുത്തുകാരനും ഫയർഫോഴ്സ് ഓഫിസറുമായ ഇ.കെ. അബ്ദുൽ സലീം ഓർക്കുന്നു. ലാസിംഅലി, ലാമിസ്, സൗരവ്, ഷഫീൽ, പ്രശാന്ത് തുടങ്ങിയ താരങ്ങൾക്ക് പരിശീലനത്തിന്‍റെ ആദ്യപാഠങ്ങൾ നൽകിയിരുന്നു. കോർപറേഷന്റെ ഫുട്ബാൾ അക്കാദമിയിലായിരുന്നു അദ്ദേഹത്തിന്‍റെ സേവനം.

Tags:    
News Summary - Kathirikoya, a football genius without godfathers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.