'എെൻറ പേരിലുള്ള അവാർഡാണ്. അതുവാങ്ങാൻ വരണം. ഞാനും വരുന്നുണ്ട്. എനിക്ക് നിന്നെ കാണണം' -മറുതലയ്ക്കൽ ലതാജിയാണ്. തേങ്ങുമൊരു ഉൾക്കടലായിരുന്ന എന്റെ മനസ്സിൽ വീശിയ സാന്ത്വനക്കാറ്റായിരുന്നു മാധുര്യമൂറിയ ആ വാക്കുകൾ. മകൾ നന്ദന ഞങ്ങളെ വിട്ടുപിരിഞ്ഞ സമയമായിരുന്നു അത്. അപ്പോഴാണ് 2011ൽ രണ്ടാമത് ലത മങ്കേഷ്കർ മ്യൂസിക് അവാർഡിന് ആന്ധ്രപ്രദേശ് സ്റ്റേറ്റ് കൾചറൽ കൗൺസിൽ എന്നെ തിരഞ്ഞെടുത്തത്. പക്ഷേ, അത് സ്വീകരിക്കാൻ പോകാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞങ്ങൾ. സംഘാടകർ ക്ഷണിച്ചപ്പോഴും വരുന്നില്ല എന്നായിരുന്നു ഞങ്ങളുടെ മറുപടി. അന്ന് വൈകീട്ടാണ് ലതാജി നേരിട്ട് ക്ഷണിക്കുന്നത്. ആ വാക്കുകൾ തള്ളിക്കളയാൻ കഴിയുമായിരുന്നില്ല. അതിനു മറ്റൊരു കാരണവുമുണ്ട്. 'ജീവിതത്തിലെ ഏറ്റവും വേദന നിറഞ്ഞ സമയമാണിതെന്നറിയാം. പക്ഷേ, ഏത് വേദനയും അലിയിച്ചുകളയുന്നൊരു മരുന്ന് നിന്റെയുള്ളിലുണ്ട്- സംഗീതം. അതിലൂടെ ജീവിതത്തെ തിരികെ പിടിക്കണം. എല്ലാ ദുഃഖങ്ങളിൽനിന്നും കരകയറണം' എന്ന ലതാജിയുടെ വാക്കുകൾ സമ്മാനിച്ച ഊർജം ചെറുതായിരുന്നില്ല. പക്ഷേ, നിർഭാഗ്യവശാൽ എന്തോ കാരണങ്ങളാൽ ആ ചടങ്ങിൽ പങ്കെടുക്കാൻ ലതാജിക്ക് കഴിഞ്ഞില്ല. പിന്നീട് ഞങ്ങൾ തമ്മിൽ കണ്ടതുമില്ല.
നേരിൽ കണ്ടിട്ടുള്ളത് ഒന്നോ രണ്ടോ തവണയാണെങ്കിലും എന്റെ ജീവിതത്തിലെന്നും ഒരു അദൃശ്യ സാന്നിധ്യമായി ലതാജിയുടെ സ്വരം ഉണ്ടായിരുന്നു. സംഗീതത്തെ ഇഷ്ടപ്പെട്ടു തുടങ്ങിയ കാലം മുതൽ മനസ്സിൽ കുടിയേറിയ പേരാണത്. ആരെയും പ്രചോദിപ്പിക്കുന്ന, ഉത്തേജിപ്പിക്കുന്ന സ്വരത്തിനുടമയായിരുന്നു എന്റെ സ്വപ്നഗായിക. കാരണം, ഞങ്ങളുടെ തലമുറയിൽ വളർന്നുവരുന്ന ഏതൊരു ഗായികയും സ്വപ്നം കണ്ടിരുന്നത് ലത മങ്കേഷ്കറെ പോലെയാകണം എന്നായിരുന്നു. അവരെയൊന്ന് നേരിൽ കാണുകയെന്ന ആഗ്രഹം സാധിച്ചുതന്നത് മറ്റൊരു സംഗീത ഇതിഹാസമാണ്-എസ്.പി. ബാലസുബ്രഹ്മണ്യം സാർ. ലതാജിക്ക് ദാദ സാഹേബ് ഫാൽക്കെ അവാർഡ് ലഭിച്ച സമയത്ത് ചെന്നൈയിൽ തെലുഗു അക്കാദമി ഒരു സ്വീകരണം ഒരുക്കിയിരുന്നു. അന്ന് രാവിലെ റെക്കോഡിങ്ങിന് കണ്ടപ്പോൾ എസ്.പി. സാർ ആണ് പറഞ്ഞത് വൈകീട്ടത്തെ ചടങ്ങിൽ അദ്ദേഹവും പങ്കെടുക്കുന്നുണ്ടെന്ന്. എനിക്ക് ലതാജിയെ കാണാൻ അതിയായ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോൾ എസ്.പി സാർ അവസരമൊരുക്കി തരാമെന്ന് സമ്മതിച്ചു. അന്ന് നാരദ ഗാനസഭയിലെ ബാക്ക് സ്റ്റേജിൽ വെച്ച് ആദ്യമായി ലതാജിയെ കണ്ടു. അപ്പോൾ അവർ പറഞ്ഞ വാക്കുകൾ എനിക്ക് കിട്ടിയ വലിയ അവാർഡായി 'നിന്റെ പാട്ടുകൾ ഞാൻ കേട്ടിട്ടുണ്ട്. വളരെ മനോഹരമാണത്...' എന്നാണ് ലതാജി പറഞ്ഞത്.
2004ൽ ലതാജിയുടെ 75ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി മുംബൈയിൽ സംഘടിപ്പിച്ച സംഗീതനിശയിൽ ആദ്യ ഗാനം പാടാൻ അവസരം ലഭിച്ചതും എനിക്കാണ്. പരിപാടി തുടങ്ങും മുമ്പ് ബാക്ക്സ്റ്റേജിൽ വന്ന ലതാജിയുടെ അനുഗ്രഹം വാങ്ങിയ ശേഷമാണ് 'ചോരി ചോരി' (1956) എന്ന സിനിമയിലെ 'രസിക് ബൽമ' എന്ന ഗാനം ഞാൻ ആലപിച്ചത്. തന്റെ പ്രിയഗാനങ്ങളിലൊന്നായ 'രസിക് ബൽമ' ഞാൻ പാടുന്നത് മുൻനിരയിലിരുന്ന് ലതാജി ആസ്വദിക്കുന്നത് എന്റെ മനസ്സിൽ എന്നെന്നും നിലനിൽക്കുന്ന ഓർമയാണ്. 2009ൽ ലതാജിയുടെ 80ാം ജന്മദിനത്തിന് അവർക്ക് ആദരമർപ്പിച്ച് ഞാൻ 'നൈറ്റിംഗേൽ' എന്നൊരു ആൽബം ഇറക്കിയിരുന്നു. 'അമർ പ്രേം' എന്ന സിനിമക്കുവേണ്ടി ആനന്ദ് ബക്ഷി രചിച്ച് ആർ.ഡി. ബർമൻ ഈണമിട്ട 'രെയ്ന ബീതി ജായേ' അടക്കമുള്ള പാട്ടുകളാണ് ഞാൻ പുനരാവിഷ്കരിച്ചത്. ഭർത്താവ് വിജയ് ശങ്കർ നിർദേശിച്ചതനുസരിച്ച് ആൽബം ലതാജിക്ക് അയച്ചുകൊടുക്കുകയും ചെയ്തു.
കുറച്ചുദിവസങ്ങൾക്കുശേഷം എനിക്കൊരു കോൾ വന്നു. എടുത്തയുടൻ ആരോ 'ചിത്രാജി, ലതാജിക്ക് നിങ്ങളോട് സംസാരിക്കണം' എന്നുപറഞ്ഞത് ആദ്യം എനിക്ക് വിശ്വസിക്കാനേ കഴിഞ്ഞില്ല. തൊട്ടുപിറകെ ചെറുപ്പം മുതൽ എന്നെ കീഴ്പ്പെടുത്തിയ ആ സ്വരം മുഴങ്ങി-'ചിത്രാജി, ആൽബം കേട്ടു. അതിലൂടെ എന്നെ ആദരിച്ചതിൽ ഏറെ സന്തോഷം. നന്ദി അറിയിച്ച് ഒരു കത്തയക്കണം എന്നായിരുന്നു ആഗ്രഹം. പക്ഷേ, അനാരോഗ്യം മൂലം അതിന് കഴിഞ്ഞില്ല' എന്നാണ് ലതാജി പറഞ്ഞത്. എന്ത് മറുപടി നൽകണം എന്നറിയാതെ ആനന്ദത്തിന്റെ പരകോടിയിലായിരുന്ന ഞാൻ ഒരു വിധം ഇങ്ങനെ പറഞ്ഞൊപ്പിച്ചു-'നന്ദി ലതാജി...'
'സത്യം ശിവം സുന്ദരം', 'റാം തേരി ഗംഗാ മൈലി', 'നാ ജിയാ ലാഗേനാ', 'ലഗ്ജാ ഗലേ', തേരേ ബിനാ സിന്ദഗി മേം കോയി', 'രസിക് ബൽമ', 'രെയ്ന ബീതി ജായേ' തുടങ്ങി സ്റ്റേജിൽ ഞാൻ എപ്പോഴും പാടാറുള്ള ലതാജിയുടെ പാട്ടുകൾ നിരവധിയാണ്. ലതാജിക്ക് പ്രിയപ്പെട്ട മറ്റൊരു പാട്ടുണ്ട്- 'ജുവൽ തീഫ്' (1967) എന്ന സിനിമയിൽ എസ്.ഡി. ബർമന്റെ സംഗീതത്തിൽ അവർ പാടിയ 'രുലാ കേ ഗയാ സപ്നാ മേരാ...'. ആ പാട്ടിലെ വരികൾ പോലെ ഇപ്പോൾ എന്നെ കണ്ണീരിലാഴ്ത്തി കടന്നുപോയിരിക്കുകയാണ് എന്റെ സ്വപ്നഗായിക...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.