ഏറ്റുമാനൂര്‍: പഴയകാല ചലച്ചിത്ര ആസ്വാദകരുടെ പ്രിയനടി കെ.വി. ശാന്തി കോട്ടയത്തുകാര്‍ക്കും ഇനി ഓര്മ. ഏഴു പതിറ്റാണ്ട് മുമ്പ് ഏറ്റുമാനൂരില്‍നിന്ന് ചെന്നൈയിലേക്ക് ചേക്കേറിയ ശാന്തിയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ ഇനി അമ്പതിലേറെ മലയാളചിത്രങ്ങള്‍ മാത്രം ബാക്കി. തിങ്കളാഴ്ച പുലർച്ച തമിഴ്നാട് കോടമ്പാക്കത്തെ വസതിയിൽ വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം.
ബിസിനസുകാരനായിരുന്ന കോട്ടയം മാങ്ങാനം സ്വദേശി വേലായുധെൻറയും ഏറ്റുമാനൂര്‍ സ്വദേശിനി കാർത്യായനിയുടെയും മകള്‍ കെ.വി. ശാന്തമ്മ കലാരംഗത്ത് തുടക്കം കുറിച്ചത് നര്‍ത്തകിയായി. ശാന്തിയുടെ സിനിമയിലേക്കുള്ള പ്രവേശനം നേരിട്ടായിരുന്നില്ല. ലോകപ്രശസ്ത നർത്തകിയായ ഉദയ് ശങ്കറിെൻറ സമർപ്പിത ശിഷ്യയായ അവർ ഒരു നര്‍ത്തകിയായി പ്രശസ്തിയിലേക്കുയര്‍ന്ന പിന്നാലെയാണ് സിനിമയിലേക്ക് കാലെടുത്ത് വെച്ചത്.
തെൻറ ഡാന്‍സ് ട്രൂപ്പുമായി മുന്നോട്ടുപോകുകയായിരുന്ന ശാന്തിയെ എസ്.പി. പിള്ളയാണ് സിനിമരംഗത്ത് എത്തിച്ചത്. 1953ൽ പുറത്തിറങ്ങിയ പൊൻകതിരാണ് ആദ്യചിത്രം. ഇതിനു പിന്നാലെ മെരിലാൻഡ് സ്റ്റുഡിയോ നിർമിച്ച ചിത്രങ്ങളിലൂടെയാണ് മലയാള സിനിമയിൽ ശാന്തി സജീവമായത്. 1957ല്‍ പി. സുബ്രഹ്മണ്യന് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ 'പാടാത്ത പൈങ്കിളി'യില്‍ ലൂസിയായി വേഷമിട്ടു. വന്‍ഹിറ്റായി മാറി ഈ ചിത്രം.
പിന്നീട് 1975ല്‍ അഭിനയജീവിതം നിര്‍ത്തുന്നതിനിടെ 51 മലയാള ചിത്രങ്ങളില്‍ വേഷമിട്ടു. മലയാളത്തില്‍ സത്യൻ, പ്രേംനസീർ, മധു, ഷീല, എസ്.പി. പിള്ള എന്നിവരോടൊപ്പം അഭ്രപാളികളില്‍ ശാന്തി ശ്രദ്ധിക്കപ്പെട്ടു. തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും ശാന്തിയുടെ നിറസാന്നിധ്യം അക്കാലയളവില്‍ അനുഭവപ്പെട്ടിരുന്നു.
അൾത്താര, മായാവി, കറുത്തകൈ, കാട്ടുമല്ലിക, കാട്ടുമൈന, ദേവി കന്യാകുമാരി, നെല്ല്, ലേഡി ഡോക്ടർ, അധ്യാപിക തുടങ്ങിയവ ശാന്തി അഭിനയിച്ച പ്രധാന ചിത്രങ്ങളിൽ ചിലതുമാത്രം. 1975ൽ പുറത്തിറങ്ങിയ അക്കൽദാമ, കാമം ക്രോധം മോഹം എന്നിവയാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രങ്ങൾ.
ഇതിനിടെയാണ് ശാന്തിയുടെ വ്യക്തിജീവിതത്തിലേക്ക് ശശികുമാർ കടന്നുവന്നത്. ഇദ്ദേഹവുമായുള്ള വിവാഹത്തോടെ അഭിനയജീവിതം നിര്‍ത്തിയ ശാന്തി ഒരു വീട്ടമ്മയായി തുടരുകയായിരുന്നു. ഏകമകന് ശ്യാം കുമാർ ചെന്നൈയിൽ ബിസിനസുകാരനാണ്. സുപ്രസിദ്ധ കാഥികന് കെടാമംഗലം സദാനന്ദെൻറ ഭാര്യാസഹോദരി കൂടിയാണ് ശാന്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.