ന്യൂഡൽഹി: ഇതിഹാസ ഗായിക ലതാ മങ്കേഷ്കറുടെ നിര്യാണത്തിൽ അനുശോചിച്ച് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. പതിറ്റാണ്ടുകളായി അവർ ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട ശബ്ദമായി തുടർന്നതായും അവരുടെ സുവർണ
ശബ്ദം അനശ്വരമാണെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. ലാതാജിയുടെ ശബ്ദം ആരാധകരുടെ ഹൃദയങ്ങളിൽ പ്രതിധ്വനിക്കുന്നത് തുടരുമെന്നും കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരാധകർക്കും അനുശോചനം നേരുന്നതായും രാഹുൽ പറഞ്ഞു.
'ലതാജിയുടെ വിയോഗം ഇന്ത്യൻ കലാലോകത്തിന് നികത്താനാവാത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ ദുഃഖ വേളയിൽ വേദന താങ്ങാൻ ദൈവം അവരുടെ കുടുംബാംഗങ്ങൾക്ക് ധൈര്യം നൽകട്ടെ'-മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയോടൊപ്പമുള്ള ലത മങ്കേഷ്കറിന്റെ ചിത്രംപങ്കുവെച്ച് പ്രിയങ്ക ഹിന്ദിയിൽ ട്വിറ്റ് ചെയ്തു.
ലത മങ്കേഷകറിന്റെ നിര്യാണത്തിൽ രാഷ്ട്രീയ രംഗത്തെ പ്രമുഖരായ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്, തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി, സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവരും അനുശോചിച്ചു.
മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ഞായറാഴ്ച രാവിലെ 8.12ഓടെയായിരുന്നു ലത മങ്കേഷ്കറിന്റെ അന്ത്യം. നിര്യാണത്തെ തുടർന്ന് രാജ്യത്ത് രണ്ടുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്കാരം ഞായറാഴ്ച വൈകിട്ട് ആറിന് നടക്കും. മുംബൈ ദാദറിലെ ശിവജി പാർക്കിലാണ് അന്ത്യവിശ്രമം ഒരുക്കുക. 4 30ന് പ്രധാനമന്ത്രി മുംബൈയിൽ എത്തും
കോവിഡ് ബാധിച്ചതിനെ തുടർന്ന് ജനുവരി എട്ടിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഐ.സി.യുവിൽ ചികിത്സയിലായിരുന്നു ലതയെ ശനിയാഴ്ച വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. നില ഗുരുതരമാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് സംഗീയാസ്വാദകരെയും ആരാധകരെയും ദുഃഖത്തിലാഴ്ത്തി അവർ വിട പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.