മലയാള സിനിമയുടെ ചരിത്രത്തിലൂടെ സഞ്ചരിച്ച മഹാനായ ചലച്ചിത്രകാരനായിരുന്ന കെ.എസ്. സേതുമാധവൻ എന്ന സേതുസാറിെൻറ ശിഷ്യനാണ് എന്നതിൽ എനിക്ക് അങ്ങേയറ്റത്തെ അഭിമാനമുണ്ട്. അത് എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നു. സാറിെൻറ നാല് സിനിമകളിലാണ് സഹസംവിധായകനായി പ്രവർത്തിക്കാനായത്.
ഞാൻ എഴുതിയ കഥയായിരുന്നു സേതുസാർ അഭ്രപാളിയിലെത്തിച്ച 'ആരാരുമറിയാതെ'. ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു അത്. മധു, ശ്രീവിദ്യ, മമ്മൂട്ടി, മോഹൻലാൽ എന്നിവർ അഭിനയിച്ച 'അറിയാത്ത വീഥികൾ' എന്നതാണ് മറ്റൊന്ന്. സി. രാധാകൃഷ്ണെൻറ ചെറുകഥയായ 'അവിടത്തെപ്പോലെ ഇവിടെയും' ആയിരുന്നു മറ്റൊന്ന്. മമ്മൂട്ടിയും മോഹൻലാലും അഭിനയിച്ച സിനിമയായിരുന്നു. റഹ്മാൻ നായകനായി അഭിനയിച്ച 'സുനിൽ, വയസ്സ് 20' എന്ന സിനിമയിലും സഹസംവിധായകനായി.
മലയാള സിനിമയുടെ ചരിത്രത്തിൽ സാഹിത്യസൃഷ്ടികൾ ഏറ്റവും കൂടുതൽ സിനിമയാക്കിയത് സേതുമാധവൻ സാറാണെന്ന് പറയാം. കേശവദേവിെൻറ ഓടയിൽനിന്ന്, മലയാറ്റൂരിെൻറ യക്ഷി, തകഴിയുടെ അനുഭവങ്ങൾ പാളിച്ചകൾ, കെ.ടി. മുഹമ്മദിെൻറ കടൽപ്പാലം, പമ്മന്റെ ചട്ടക്കാരി എന്നിവ ഉദാഹരണം. എത്ര കൈയൊതുക്കത്തോടെയാണ് ആ സിനിമകൾ ചെയ്തതെന്നത് ആശ്ചര്യപ്പെടുത്തുന്നു. നാടകത്തോടടുത്തുനിൽക്കുന്ന സിനിമകളായിരുന്നു അക്കാലത്ത് ഉണ്ടായിരുന്നത്. തിരക്കഥ എന്നല്ല തിരനാടകം എന്നായിരുന്നു സ്ക്രീനിൽ എഴുതിക്കാണിച്ചിരുന്നത്. തിരനാടകമല്ല, തിരക്കഥയാണ് സിനിമയിലെന്ന് പറഞ്ഞ് തിരുത്തിയ ആളായിരുന്നു സേതുസാർ. ദൃശ്യഭാഷയുടെ സൗന്ദര്യംതന്നെ അദ്ദേഹം തിരുത്തിയെഴുതി.
സാഹിത്യസൃഷ്ടികൾ സിനിമയാക്കുമ്പോൾ വെല്ലുവിളികളേറെയാണ്. കഥ തിരഞ്ഞെടുക്കുമ്പോൾ ആത്മാവ് നഷ്ടപ്പെടാതെ ദൃശ്യവത്കരിക്കുന്നതിൽ സേതുസാറിെൻറ കഴിവ് അപാരമാണ്. സത്യനെ അനശ്വര നടനാക്കിയതിൽ സേതുസാറിെൻറ പങ്ക് വലുതാണ്. യക്ഷി, വാഴ്വേമായം, കടൽപ്പാലം, അനുഭവങ്ങൾ പാളിച്ചകൾ... അങ്ങനെ എത്രയോ വ്യത്യസ്ത സിനിമകൾ അദ്ദേഹത്തിൽനിന്ന് പിറന്നു.
പ്രേംനസീറിനെ സിനിമയിൽ കൊണ്ടുവന്നപ്പോൾ അദ്ദേഹത്തിെൻറ ജനപ്രിയതയെ അദ്ദേഹം വിറ്റഴിച്ചില്ല. പകരം വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ആ മഹാനടന് പുതുരൂപം നൽകുകയായിരുന്നു. പണി തീരാത്ത വീട്, പുനർജന്മം, അഴകുള്ള സെലീന എന്നീ സിനിമകൾ കാണുമ്പോൾ അക്കാര്യം മനസ്സിലാകും. അടൂർ ഭാസിയുടെ പതിവ് കോമഡി വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു ചട്ടക്കാരിയിലെ കഥാപാത്രം. അതുപോലെ ഷീല എന്ന നടിക്ക് വ്യത്യസ്ത ഭാവവും നൽകാനായി. അവർ ആ വ്യത്യസ്ത വേഷങ്ങൾ ഏറ്റെടുക്കുന്നതിന് മുഖ്യകാരണം സേതുമാധവൻ എന്ന സംവിധായകനിലുള്ള വിശ്വാസമാണ്. സാറിനെക്കുറിച്ച് പറയുമ്പോൾ 'അരനാഴിക നേരം' എന്ന സിനിമയെക്കുറിച്ച് പറയാതിരിക്കാനാവില്ല. പാറപ്പുറത്തിെൻറ നോവൽ സിനിമയാക്കുമ്പോൾ നായകനായി അഭിനയിക്കേണ്ടിയിരുന്നത് സത്യനാണ്. പക്ഷേ, സത്യൻ സേതുസാറിനോട് പറഞ്ഞു, 'കൊട്ടാരക്കര'യെ നായകനാക്കൂവെന്ന്. സേതുസാർ അങ്ങനെ ശരിയാകുമോ എന്ന് സംശയിച്ചെങ്കിലും സത്യൻ സമ്മതിച്ചില്ല. ഒടുവിൽ താരതമ്യേന പ്രാധാന്യം കുറഞ്ഞ വേഷം അഭിനയിക്കുകയായിരുന്നു സത്യൻ. അതായിരുന്നു അക്കാലത്തെ സിനിമ. ഇന്ന് അത്തരത്തിൽ എന്തെങ്കിലും നടക്കുമോ?
ആള് സൗമ്യനായിരുന്നെങ്കിലും ഷൂട്ടിങ് ലൊക്കേഷനിൽ ഭയങ്കര സ്ട്രിക്റ്റാണ് സേതുസാർ. താരതമ്യേന ആളുകളെ കൂട്ടാക്കാത്ത സത്യൻമാഷ് പോലും ടീച്ചറെ കണ്ട വിദ്യാർഥിയെപോലെ നിന്നിരുന്ന ഷൂട്ടിങ് ലൊക്കേഷനായിരുന്നു അദ്ദേഹത്തിെൻറത്. അങ്ങനെ ഒരു കാലഘട്ടത്തെ നിയന്ത്രിച്ചിരുന്ന സംവിധായകൻ കൂടിയായിരുന്നു സേതുമാധവൻ. ലെജൻഡ് എന്ന് നിസ്സംശയം പറയാം. അദ്ദേഹത്തിെൻറ സിനിമകളിലെ പാട്ടുകൾ അതുല്യമായിരുന്നു. ഗഹനവും ദാർശനികവുമായ വരികളായിരുന്നു അവയിലേറെയും. വയലാറിലൂടെയും ദേവരാജൻ സാറിലൂടെയും അവ പിറന്നു. മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു, പ്രവാചകൻമാരേ, ചലനം ചലനം എന്നിവ മനസ്സിൽ വരുന്ന ചിലതാണ്.
കമൽഹാസനേയും മമ്മൂട്ടിയേയും പോലുള്ള ഇന്ത്യൻ സിനിമയിലെ പ്രഗല്ഭ നടന്മാരെ സംഭാവന ചെയ്യാൻ അദ്ദേഹത്തിനായി. അനുഭവങ്ങൾ പാളിച്ചകളിലൂടെയാണ് മമ്മൂട്ടി സിനിമാരംഗത്തെത്തുന്നത്. അതിനോട് ചേർന്ന് ഒരു കഥകൂടിയുണ്ട്.
'ആരാരുമറിയാതെ' എന്ന സിനിമയിൽ അഭിനയിക്കാൻ വന്നപ്പോൾ മമ്മൂട്ടിയും സേതുസാറും തമ്മിലെ സംഭാഷണത്തിലെ പങ്കാളിയായിരുന്നു ഞാൻ. 'ഞാൻ സാറിെൻറ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്' എന്ന് മമ്മൂട്ടി പറഞ്ഞപ്പോൾ സേതുസാറിന് എത്ര ആലോചിച്ചിട്ടും പിടിത്തംകിട്ടിയില്ല. ''അനുഭവങ്ങൾ പാളിച്ചകളിൽ ജാഥയിൽ ഞാൻ നിൽക്കുന്നുണ്ടായിരുന്നു'' -മമ്മൂട്ടി പറഞ്ഞു. ''ഞാൻ കോളജിൽ പഠിക്കുകയായിരുന്നു. അഭിനയിക്കാൻ താൽപര്യമുണ്ട് എന്ന് പറഞ്ഞ് ഞാൻ ഒരു ഫോട്ടോയും തന്നിരുന്നു. സാറിെൻറ പുസ്തകത്തിൽവെക്കുന്നത് കണ്ടു, അത് പോയിട്ടുണ്ടാവുംല്ലേ'' - മമ്മൂട്ടി ചോദിച്ചു. ഞാൻ കണ്ടില്ല എന്ന് മറുപടി. മറ്റൊരു ദിവസം സേതുസാറിെൻറ ഓഫിസ് റൂമിൽ ഇരിക്കുമ്പോൾ മേശക്കടിയിലെ ഫയലിൽ നിന്ന് ഒരു കവർ എടുത്ത് ''ഇത് നീ നോക്കിയേ... ഇതാണോ ആ ഫോട്ടോ?'' നോക്കുമ്പോൾ ഉയരത്തിൽ മെലിഞ്ഞ പയ്യൻ. മമ്മൂട്ടി അന്ന് കൊടുത്ത പടമായിരുന്നു അത്. അദ്ദേഹം എല്ലാം സൂക്ഷിച്ചുവെക്കുമായിരുന്നു. മലയാള സിനിമയുടെ മ്യൂസിയംതന്നെയായിരുന്നു അദ്ദേഹത്തിെൻറ ഓഫിസ്. പറഞ്ഞാൽ തീരാത്തത്ര വിശേഷങ്ങളുണ്ട് സാറിനെക്കുറിച്ച്...; എന്റെ ഗുരുനാഥനെക്കുറിച്ച്...
തയാറാക്കിയത്: പി.പി. പ്രശാന്ത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.