ആയിരങ്ങൾക്ക് മോട്ടിവേഷൻ നൽകിയ തസ്‌കിയ നാടിനെ കണ്ണീരിലാഴ്ത്തി യാത്രയായി -VIDEO

മഞ്ചേരി: ജീവിതത്തിലെ കഠിനസാഹചര്യങ്ങളെ അതിജീവിച്ച് എം.ബി.ബി.എസ് പ്രവേശനം നേടി ആയിരക്കണക്കിന് കുട്ടികൾക്ക് ഉന്നതപഠനത്തിന് ​പ്രേരണ നൽകിയ തസ്‌കിയ ഒടുവിൽ നാടിനെ കണ്ണീരിലാഴ്ത്തി യാത്രയായി. ഇന്നലെ രാത്രി കല്‍പറ്റയില്‍ സ്‌കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മരിച്ച കോഴിക്കോട് മെഡിക്കൽ കോളജിലെ മൂന്നാംവർഷ എം.ബി.ബി.എസ് വിദ്യാര്‍ഥിനി ഫാത്തിമ തസ്‌കിയ(24)യുടെ വേർപാട് നൊമ്പരത്തോടെയാണ് കേരളം കേട്ടത്.

അസുഖബാധിതയായി ഗുരുതരാവസ്ഥയിൽ വെന്റിലറ്റേറിലായ ഉമ്മയ്ക്ക് ജീവിതത്തിലേക്കു​ള്ള വഴി തുറന്ന മിംസ് ആശുപത്രിയിലെ ഡോ. ഗീതയുടെ ഇടപെടലാണ് മെഡിക്കൽ രംഗം തെരഞ്ഞെടുക്കാൻ തനിക്ക് പ്രേരണയായതെന്ന് തസ്കിയ പറഞ്ഞിരുന്നു. അന്ന് എട്ടാം ക്ലാസ് വിദ്യാർഥിനിയായിരുന്നു ഈ മിടുക്കി. ഉമ്മയെ തിരിച്ചുകിട്ടാൻ വഴിയൊരുക്കിയ ഈ പ്രഫഷൻ തന്നെ താൻ തെര​ഞ്ഞെടുക്കുമെന്നും ഭൂമിയിലെ ഏതെങ്കിലും ഒരാൾക്കെങ്കിലും അതുവഴി ആശ്വാസം പകരുമെന്നും അന്നുതന്നെ തസ്കിയ ശപഥം ചെയ്തിരുന്നു.

2023ലെ ‘മാധ്യമം എജുകഫേ’ സെഷനിലൂടെയായിരുന്നു തസ്കിയ ഇക്കാര്യങ്ങൾ പങ്കുവെച്ചത്. പരിപാടിയിൽ പ​ങ്കെടുത്തവർ ശ്വാസമടക്കിപ്പിടിച്ചാണ് ഈ സെഷൻ ശ്രവിച്ചത്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഇതിന്റെ വിഡിയോ 10 ലക്ഷത്തിലേറെ പേർ ഏറ്റെടുത്തിരുന്നു.

Full View

പ്ലസ്ടു കഴിഞ്ഞ് 20-21ൽ കൊയിലാണ്ടിയിലെ ഡോ. ജേപീസ് ക്ലാസസിലായിരുന്നു എൻട്രൻസിന് പരിശീലനം. അതിനിടെ കോവിഡ് ബാധിക്കുകയും അപകടം സംഭവിക്കുകയും ഒക്കെ ചെയ്തെങ്കിലും നിശ്ചയ ദാർഢ്യം കൈവിടാതെ പഠനം തുടരുകയും ആഗ്രഹിച്ചതുപോലെ കോഴിക്കോട് മെഡിക്കൽ കോളജിൽ എം.ബി.ബി.എസിന് പ്രവേശനം ലഭിക്കുകയും ചെയ്തു. എന്നാൽ, വിധിയുടെ നിശ്ചയം മറ്റൊന്നായിരുന്നു. പഠനത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും മികവുതെളിയിച്ച്, നിരവധി കുട്ടികൾക്ക് പ്രതിസന്ധിയെ മറികടക്കാൻ പ്രേരണയേകിയ തസ്കിയയെ അകാലത്തിൽ മരണം കവർന്നെടുത്തു.

ഇന്നലെ കല്‍പറ്റയില്‍ നടന്ന മെഡിക്കല്‍ ഹെല്‍ത്ത് ക്ലബ്ബ് മീറ്റിങ്ങിൽ പ​ങ്കെടുത്ത് കൂട്ടുകാരിക്കൊപ്പം തിരിച്ചവരുന്നതിനിടെ സ്കൂട്ടർ മറിഞ്ഞാണ് ദാരുണാപകടം സംഭവിച്ചത്. പിണങ്ങോട് നിന്നും പൊഴുതന ആറാം മൈലിലേക്ക് പോവുന്ന റോഡിലെ വളവില്‍ ഇവർ സഞ്ചരിച്ച സ്‌കൂട്ടര്‍ റോഡില്‍ നിന്ന് താഴ്ചയിലേക്ക് മറിയുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം വെള്ളിയാഴ്ച രാവിലെ മഞ്ചേരി സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാന്‍ മഞ്ചേരി പാലക്കുളം ഒ.എം.എ സലാം - ബുഷ്റ പുതുപറമ്പിൽ ദമ്പതികളുടെ മകളാണ് ഫാത്തിമ തസ്‌കിയ. മുക്താർ അഹമദ് യാസീൻ, മുഷ്താഖ് അഹമദ് യാസിർ, തബ്ശിറ എന്നിവർ സഹോദരങ്ങളാണ്.

Tags:    
News Summary - MBBS student fathima thazkiya memoir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.