സിനിമ-സീരിയൽ പ്രവർത്തകരുടെയും പ്രേക്ഷകരുടെയും മനസ്സിൽ നോവിന്‍റെ കനലുകൾ കോരിയിട്ടാണ് നടി ശരണ്യയുടെ മടക്കം. 'സ്നേഹസീമ'യിൽ എത്തുന്നവരെ സ്വീകരിച്ചിരുന്ന ആ പുഞ്ചിരിക്കുന്ന മുഖം ഇനി പ്രിയപ്പെട്ടവരുടെ ഓർമ്മയുടെ സ്ക്രീനിൽ തെളിഞ്ഞുനിൽക്കും. വർഷങ്ങളായി തന്നെ കീഴ്പ്പെടുത്താൻ ശ്രമിച്ച കാൻസറിനെ പലവട്ടം പൊരുതി തോൽപ്പിച്ച ആ ജീവിതം നിരവധി പേർക്ക് ഇനി പ്രചോദനവുമാകും.
പല തവണ മരണത്തെ മുഖാമുഖം കണ്ടിട്ടുണ്ട് ശരണ്യ. ഇനിയൊരു തിരിച്ചുവരവില്ലെന്ന് തോന്നിപ്പിച്ച നിമിഷങ്ങൾ നിരവധി. പക്ഷേ, അവയെയൊക്കെ മറികടന്ന് പുഞ്ചിരിയോടെ ജീവിതത്തിലേക്ക് മടങ്ങിവന്ന ശരണ്യയുടെ ആത്മവിശ്വാസവും ആത്മധൈര്യവും അർബുദം ബാധിച്ച് ജീവിതം മടുത്തെന്ന് തോന്നിത്തുടങ്ങിയ പലർക്കും മാർഗദീപമായിരുന്നു. ഒരു തലവേദനയിലായിരുന്നു എല്ലാത്തിന്‍റെയും തുടക്കം.
കൈനിറയെ അവസരങ്ങളുമായി 2012ൽ സീരിയൽ രംഗത്ത് തിളങ്ങി നിൽക്കുമ്പോഴാണ് തലവേദന ശരണ്യയെ നിരന്തരം ശല്യം ചെയ്തു തുടങ്ങിയത്. 'സ്വാതി' എന്ന തെലുങ്ക് സീരിയല്‍ ചെയ്തുകൊണ്ടിരുന്ന സമയത്ത് അത് ശക്തമായി. ഡോക്ടറുടെ നിർദേശപ്രകാരം മൈഗ്രേയ്‌ന് മരുന്ന് കഴിക്കുന്നതിനിടെ 2012ൽ ഷൂട്ടിങ് ലൊക്കേഷനിൽ കുഴഞ്ഞുവീണു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ശരണ്യയ്ക്ക് ബ്രെയിൻ ട്യൂമർ സ്ഥിരീകരിക്കുന്നത്.
തുടരെയുള്ള ശസ്ത്രക്രിയകളും റേഡിയേഷൻ പ്രക്രിയകളും ശരണ്യയുടെ ആരോഗ്യത്തെ സാരമായി ബാധിച്ചിരുന്നു. 2012–20 കാലഘട്ടത്തിൽ തലയിൽ ഒമ്പത് ശസ്ത്രക്രിയകൾ നടത്തേണ്ടി വന്നു. 33 തവണയാണ് റേഡിയേഷനും ചെയ്തത്.
തലയിലെ ഏഴാം ശസ്ത്രക്രിയയെത്തുടർന്ന് ശരീരത്തിന്‍റെ ഒരു വശം തളർന്നു പോയെങ്കിലും തന്‍റെ ആത്മബലം കൊണ്ട് എല്ലാ പ്രതിസന്ധികളെയും ശരണ്യ മറികടക്കുകയായിരുന്നു. നടക്കാനോ സംസാരിക്കാനോ കഴിയാത്ത അവസ്ഥയിൽപോലും പുഞ്ചിരിച്ച് എല്ലാവരെയും അഭിമുഖീകരിച്ച ശരണ്യ അർബുദം തളർത്തിയവർക്ക് മാതൃക കാട്ടുകയും ചെയ്തു.
ചികിത്സ ചെലവുകൾക്കായി ഉണ്ടായിരുന്നതെല്ലാം വിറ്റുകളയേണ്ട അവസ്ഥയിൽനിന്ന് ശരണ്യയെയും കുടുംബത്തെയും കരകയറ്റിയത് സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയുടെ ഭാരവാഹി സീമ ജി.നായരാണ്. സുമനസുകളുടെ സഹായത്താൽ ശരണ്യക്ക് വീടൊരുങ്ങിയപ്പോൾ തനിക്ക് താങ്ങും തണലുമായി നിന്ന സീമയോടുള്ള സ്നേഹവും കടപ്പാടും കൊണ്ട് അതിന് 'സ്നേഹസീമ' എന്ന പേരും നൽകി.
കണ്ണൂർ പഴയങ്ങാടി സ്വദേശിനിയായ ശരണ്യ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത 'സൂര്യോദയം' എന്ന ദൂരദർശൻ സീരിയയിലൂടെയാണ് തുടക്കമിടുന്നത്. കൂട്ടുകാരി, അവകാശികൾ, ഹരിചന്ദനം, ഭാമിനി തോൽക്കാറില്ല, മാലാഖമാർ, കറുത്തമുത്ത്, രഹസ്യം തുടങ്ങിയ സീരിയലുകളിലൂടെയാണ് ശ്രദ്ധേയയായത്. സീരിയലുകൾക്ക് പുറമേ ചാക്കോ രണ്ടാമൻ, തലപ്പാവ്, ഛോട്ടാ മുംബൈ തുടങ്ങിയ സിനിമകളിലും വേഷമിട്ടു. തമിഴ്, തെലുങ്ക് സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
കണ്ണൂരിലെ ജവഹർലാൽ നവോദയ വിദ്യാലയത്തിലായിരുന്നു സ്കൂള്‍ പഠനം. കോഴിക്കോട് യൂണിവേഴ്സിറ്റിയിൽ നിന്നും ലിറ്ററേച്ചറിൽ ബിരുദവും നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.