പേരാമ്പ്ര: നൊച്ചാടും പരിസര പ്രദേശങ്ങളിലും കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കാൻ അഹോരാത്രം പരിശ്രമിച്ച നേതാവിനെയാണ് എം.കെ. ചെക്കോട്ടിയുടെ നിര്യാണത്തോടെ നാടിന് നഷ്ടമാവുന്നത്.
അയിത്തത്തിനും തീണ്ടലിനുമെതിരായ സമരം, കുളിസമരം, മീശ വെക്കാനുള്ള സമരം, ഹരിജനങ്ങൾക്ക് മുടി വെട്ടാനുള്ള സമരം, കുടിയിറക്കിനെതിരായ സമരം തുടങ്ങി നിരവധി പോരാട്ടങ്ങൾക്കാണ് എം.കെ നേതൃത്വം നൽകിയത്. ജന്മിമാരുടെയും പൊലീസിന്റെയും ഉൾപ്പെടെ ക്രൂരമർദനങ്ങൾക്കിരയായിട്ടും അനീതിക്കെതിരായ പോരാട്ടത്തിൽ അദ്ദേഹം മുന്നിൽ തന്നെ നിന്നു.
വിഷചികിത്സകനായും മന്ത്രവാദിയായും ജോലി നോക്കി. കോൺഗ്രസ് പ്രവർത്തകനായാണ് രാഷ്ട്രീയ പ്രവേശം. വി.വി. ഗിരിയുടെ പേരാമ്പ്ര സന്ദർശനത്തോടെ രാഷ്ട്രീയത്തിൽ താൽപര്യം കൂടി. 1948 നവംബറിലാണ് എം.കെയുടെ നേതൃത്വത്തിൽ അഞ്ചു പേർ ചേർന്ന് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു അനുഭാവി ഗ്രൂപ് രൂപവത്കരിക്കുന്നത്. കൊടുത്ത പാട്ടത്തിനു ചീട്ടുകൊടുക്കാതെ കുടിയാന്മാരെ നിരന്തരം ദ്രോഹിച്ചിരുന്ന സമ്പ്രദായത്തിനെതിരെ എം.കെയുടെ നേതൃത്വത്തിൽ പ്രക്ഷോഭം നടന്നു.
ഹരിജനങ്ങളെ സംഘടിപ്പിച്ച് നായന്മാർക്കു മാത്രം കുളിക്കാൻ അധികാരമുണ്ടായിരുന്ന വാളൂർ കുളത്തിൽ കുളിച്ചത് ഏറെ ഒച്ചപ്പാടുണ്ടാക്കി. സവർണർ മരിച്ചാൽ കുഴി കൊത്തി കൊടുക്കാൻ താഴ്ന്ന ജാതിക്കാർ തന്നെ വേണമെന്ന നിലപാടിനെതിരെയും എം.കെ. രംഗത്തു വന്നു. നരയംകുളത്തെ ഒരു ഭൂപ്രമാണി തന്റെ ആശ്രിതനെ മീശ വെക്കാൻ അനുവദിക്കാത്തതിനെതിരെ നടത്തിയ സമരമാണിത്. തുടക്കം മുതൽ നൊച്ചാട് പാർട്ടി സെൽ സെക്രട്ടറിയായും ലോക്കൽ കമ്മിറ്റി അംഗമായും ദീർഘകാലം ഏരിയ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു.
സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എം.പി, സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ, കെ.പി. കുഞ്ഞമ്മത് കുട്ടി എം.എൽ.എ, മുൻ എം.പി. അഡ്വ. പി. സതീദേവി, മുൻ എം.എൽ.എമാരായ വി.കെ.സി. മമ്മത് കോയ, കെ.കെ. ലതിക, എൻ.കെ. രാധ, സി.പി.എം ജില്ല സെക്രേട്ടറിയറ്റംഗങ്ങളായ കെ. കുഞ്ഞമ്മത്, എം. മെഹബൂബ്, സി. ഭാസ്കരൻ, ജില്ല കമ്മിറ്റി അംഗങ്ങളായ എ.കെ. പത്മനാഭൻ, എ.കെ. ബാലൻ, പി.കെ. മുകുന്ദൻ, കെ. ശ്രീധരൻ, യു.ഡി.എഫ് ജില്ല ചെയർമാൻ കെ. ബാലനാരായണൻ, മുസ്ലിം ലീഗ് ജില്ല സെക്രട്ടറി സി.പി.എ അസീസ്, സി.പി.ഐ നേതാവ് എ.കെ. ചന്ദ്രൻ എന്നിവർ അന്ത്യാഞ്ജലി അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.