നാദാപുരം: മൂന്നുനാൾ ആശുപത്രിക്കിടക്കയിൽ വെന്തുനീറിക്കഴിഞ്ഞ സ്റ്റെഫിൻ (14) കൂടി മരണത്തിന് കീഴ്പെട്ടതോടെ നാദാപുരം ചെക്യാട്ടെ നാലംഗ കുടുംബം ഓർമയായി. കൺമുന്നിൽ തീയിലെരിഞ്ഞ ഒരുകുടുംബം ഒന്നാകെ ഇല്ലാതായത് ഉൾക്കൊള്ളാനാകാതെ നടുക്കത്തിലാണ് ഗ്രാമം.
ഗൃഹനാഥൻ ചെക്യാട് കായലോട്ട് താഴെ കീറിയപറമ്പത്ത് രാജു (50) സംഭവദിവസമായ ചൊവ്വാഴ്ച തന്നെ മരണപ്പെട്ടിരുന്നു. മൂത്ത മകൻ സ്റ്റാലിഷ് (17) ബുധനാഴ്ചയും രാജുവിന്റെ ഭാര്യ റീന (40) വ്യാഴാഴ്ച രാവിലെയും ഇളയ മകൻ സ്റ്റെഫിൻ വൈകീട്ടുമാണ് മരിച്ചത്.
ചൊവ്വാഴ്ച പുലർച്ചയോടെ രാജുവിന്റെ വീട്ടിൽനിന്ന് തീയും കൂട്ടക്കരച്ചിലും കേട്ടാണ് സമീപവാസികൾ ഓടിക്കൂടിയത്. എത്തിയപ്പോഴുള്ള കാഴ്ച അതിഭീകരമായിരുന്നു. ദേഹത്ത് മൊത്തം തീപടർന്ന് മരണവെപ്രാളത്തിൽ വീട്ടിനകത്ത് അങ്ങോട്ടുമിങ്ങോട്ടും ഓടുന്ന രാജുവിനെയും മക്കളെയും കത്തുന്ന ശരീരവുമായി വീട്ടുവരാന്തയിൽ റീനയെയുമാണ് അയൽവാസികൾക്ക് കാണാൻ കഴിഞ്ഞത്. തീയണച്ച നാട്ടുകാർ ഉടൻ അഗ്നിശമന സേനയെ വിവരമറിയിക്കുകയും പൊള്ളലേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
രാജുവും ഭാര്യ റീനയും തമ്മിൽ സ്വരച്ചേർച്ചയില്ലായ്മയും കലഹവും ഇടക്കിടെയുണ്ടായിരുന്നു. സംഭവം നടക്കുന്നതിന് തലേദിവസവും ഇവർ തമ്മിൽ ചെറിയ അസ്വാരസ്യം ഉണ്ടായിരുന്നത്രേ.
സമീപത്തെ വിവാഹ വീട്ടിൽ പോയി തിരിച്ചു വന്ന ഭാര്യയെയും മക്കളെയും ഭർത്താവായ രാജു തീകൊളുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
ഒമാനിൽ ടെയ്ലറായിരുന്ന രാജു ഒരു വർഷം മുമ്പാണ് നാട്ടിൽ തിരിച്ചെത്തിയത്. നാട്ടുകാരുമായി ഏറെ അടുപ്പം സൂക്ഷിച്ചിരുന്ന രാജു അടുത്ത കാലത്തായി അധികം പുറത്ത് ഇറങ്ങാറില്ലെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ, ഭാര്യയും മക്കളും പൊതുരംഗത്ത് സജീവമായിരുന്നു.
മൂത്ത മകൻ സ്റ്റാലിഷ് കടവത്തൂർ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയും െസ്റ്റഫിൻ പാറാട് ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം തരം വിദ്യാർഥിയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.