നിലമ്പൂർ: ജന്മം കൊണ്ട് കണ്ണൂരുകാരനാണെങ്കിലും കർമം കൊണ്ട് നിലമ്പൂരുകാരനായി മാറിയ കായികാധ്യാപകൻ മുഹമ്മദ് നജീബിന്റെ മരണം നാടിനെ ദുഃഖത്തിലാഴ്ത്തി.
മൈലാടി പാലത്തിന് താഴെ ചാലിയാര്‍ പുഴയില്‍ ഒഴുക്കില്‍പെട്ട ബന്ധുക്കളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മുഹമ്മദ് നജീബ് മുങ്ങിമരിച്ചത്. സ്ഥിരമായി ഇതേ സ്ഥലത്ത് കുളിക്കുകയും നീന്തുകയും ചെയ്യുന്ന ഇദ്ദേഹത്തിന്റെ മുങ്ങിമരണം ഞെട്ടലായി. 11 വർഷത്തെ ഇദ്ദേഹത്തിന്റെ സാന്നിധ്യം നാടിന് ഒട്ടേറെ നേട്ടങ്ങളാണ് സമ്മാനിച്ചത്. കാലിക്കറ്റ് യൂനിവേഴ്സിറ്റി വനിത ബേസ്ബാള്‍ ടീം മാനേജര്‍ കൂടിയാണ്.
2010ലാണ് നിലമ്പൂര്‍ അമല്‍ കോളജില്‍ കായികാധ്യാപകനായി പ്രവേശിച്ചത്. ചുരുങ്ങിയ കാലംകൊണ്ട് കോളജിനെ പെരുമയിലെത്തിച്ചു. 2018ല്‍ യു.എ.ഇ തൈക്വാൻഡോ ഐ.ടി.എഫ് ചാമ്പ്യന്‍ഷിപ്പില്‍ കോളജിന് ഗോള്‍ഡ് മെഡല്‍ നേടിക്കൊടുത്തു. കോളജിലെ രണ്ടു വിദ്യാര്‍ഥിനികള്‍ക്ക് ദേശീയ ജൂനിയര്‍ ടീമിലേക്ക് സെലക്ഷനും ലഭിച്ചു. സംസ്ഥാന സോഫ്റ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജില്ല ചാമ്പ്യന്മാരായി. ജില്ല ബേസ്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ അമല്‍ കോളജ് ജേതാക്കളായി.
ജില്ല വനിത ബേസ്ബാള്‍ ചാമ്പ്യന്‍ഷിപ് അമല്‍ കോളജ് നേടിയതും നജീബിന്റെ പരിശീലന മികവിലാണ്. ജില്ല സോഫ്റ്റ്ബാള്‍ പുരുഷ ചാമ്പ്യന്‍ഷിപ്, ജില്ല നെറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ് എന്നിവയില്‍ ഫസ്റ്റ് റണ്ണറപ്പ് ആയി. സീനിയര്‍ ഡിസ്ട്രിക്ട് തൈക്വാന്‍ഡോ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡലും കോളജ് നേടി.
നിലമ്പൂര്‍ ജില്ല ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ചന്തക്കുന്ന് വെളിയംതോട് ചാരംകുളത്തെ വീട്ടിലും പിന്നീട് അമല്‍ കോളജിലും പൊതുദര്‍ശനത്തിന് വെച്ചു. കോളജ് കാമ്പസില്‍ നടന്ന മയ്യിത്ത് നമസ്കാരത്തിന് എം.എം. നദ്വി നേതൃത്വം നല്കി. പി.വി. അബ്ദുല്‍ വഹാബ് എം.പി, നഗരസഭ ചെയര്മാന് മാട്ടുമ്മല്‍ സലീം, ഉപാധ്യക്ഷ അരുമ ജയകൃഷ്ണന്, കൗണ്‍സിലര്‍മാര്‍, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍, കാലിക്കറ്റ് യൂനിവേഴ്സിറ്റി കായിക വിഭാഗം അധികൃതര്‍, അധ്യാപക സുഹൃത്തുകള്‍, രാഷ്ട്രീയ, സന്നദ്ധ, സാംസ്കാരിക പ്രവര്‍ത്തകർ തുടങ്ങിയവർ അന്ത്യോപചാരമര്‍പ്പിക്കാനെത്തി. മൃതദേഹം രാത്രിയോടെ കണ്ണൂർ പള്ളിയാമൂല ജുമാമസ്ജിദിൽ ഖബറടക്കി.
അനുശോചിച്ചു
നിലമ്പൂർ: അമൽ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് കായികവിഭാഗം മേധാവി ഡോ. മുഹമ്മദ് നജീബിന്റെ നിര്യാണത്തിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റി ഫിസിക്കൽ എജുക്കേഷൽ ടീച്ചേഴ്സ് അസോസിയേഷൻ അനുശോചിച്ചു. പി.വി. അബ്ദുൽ വഹാബ് എം.പി, യൂനിവേഴ്സിറ്റി കായിക വിഭാഗം മേധാവി ഡോ. സക്കീർ ഹുസൈൻ, പ്രഫ. അക്ബറലി, പ്രഫ. അഷ്റഫ്, ഡോ. ബിനോയ്, ഡോ. ഹരിദയാൽ, ഡോ. സുധീർകുമാർ, ഡോ. സലാം കണ്ണിയൻ, ഡോ. രാജേഷ്, ഷുക്കൂർ ഇല്ലത്ത്, ഡോ. ദിനു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.