ഒരുവേഷവും മോഹിപ്പിച്ചിട്ടില്ല; വക്കീൽ കുപ്പായമൊഴിച്ച്

കോട്ടയം: അധികാരക്കുപ്പായവും വക്കീൽകോട്ടും ഒരുപോലെ മുന്നിലെത്തിയാൽ ഗൗൺ അതിവേഗം എടുത്തണിയുമായിരുന്നു എം.പി. ഗോവിന്ദന്‍ നായർ. എക്കാലവും അഭിഭാഷക കുപ്പായമായിരുന്നു ഗോവിന്ദന്‍ നായരെ മോഹിപ്പിച്ചത്. മന്ത്രി പദവി വിട്ടൊഴിഞ്ഞുടൻ വക്കീൽ കുപ്പായം എടുത്തണിയാൻ കഴിഞ്ഞതും ഈ മമത മൂലമായിരുന്നു.

സ്വപ്നതുല്യമായ രാഷ്ട്രീയത്തുടക്കമായിരുന്നു ബുധനാഴ്ച അന്തരിച്ച എം.പി. ഗോവിന്ദൻ നായരുടേത്. യൂത്ത് കോൺഗ്രസിൽനിന്ന് 24ാം വയസ്സില്‍ പഞ്ചായത്ത് പ്രസിഡന്‍റ്, 34ാം വയസ്സില്‍ മന്ത്രി. പക്ഷേ, അധികാരത്തിനു പിന്നാലെ ഓടിയില്ല. 1950ല്‍ അണിഞ്ഞ വക്കീല്‍ കുപ്പായത്തിൽ തീരെ അവശനാകുംവരെ അദ്ദേഹം തുടർന്നു.

യൂത്ത് കോൺഗ്രസിൽ സജീവമായിരിക്കെയായിരുന്നു 24ാം വയസ്സില്‍ വിജയപുരം പഞ്ചായത്തിന്‍റെ പ്രസിഡന്‍റെന്ന വലിയ ചുമതല തേടിയെത്തിയത്. വിമോചന സമരകാലത്ത് ജയിലിലാകുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കായി വാദിക്കാനുള്ള ചുമതല അന്നത്തെ ഡി.സി.സി പ്രസിഡന്‍റ് പി.ടി. ചാക്കോ നല്‍കിയിരുന്നത് ഗോവിന്ദന്‍ നായര്‍ക്കായിരുന്നു. യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്‍റായിരിക്കെ 1957ല്‍ കോട്ടയം മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് ആദ്യമത്സരത്തിന് അവസരം ലഭിച്ചു. പരാജയപ്പെട്ടെങ്കിലും രാഷ്ട്രീയത്തില്‍ സജീവമായി. വിമോചന സമരത്തിനു പിന്നാലെ 1960ലെ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ അദ്ദേഹം വീണ്ടും സ്ഥാനാര്‍ഥിയായി. 1767 വോട്ടിനായിരുന്നു വിജയം.

തെരഞ്ഞെടുപ്പിനുമുമ്പ് വീട്ടിലെത്തിയ മന്നത്ത് പത്മനാഭനാണ് സ്ഥാനാര്‍ഥിയാകണമെന്ന് നിര്‍ദേശിച്ചത്. ഈ നിര്‍ദേശം അപ്രതീക്ഷിതമായിരുന്നുവെന്ന് പിന്നീട് ഗോവിന്ദന്‍ നായര്‍ പറഞ്ഞിട്ടുണ്ട്. എന്നാൽ, മന്നത്ത് പത്മനാഭൻ കേരള കോണ്‍ഗ്രസ് പ്രഖ്യാപിക്കുമ്പോള്‍ പക്ഷേ, അദ്ദേഹം കൂടെപ്പോയില്ല. കൂടെയെത്തണമെന്ന് ഒരിക്കലും നിര്‍ദേശിച്ചിരുന്നില്ലെന്ന് പിന്നീട് അദ്ദേഹം അഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്.

പട്ടം താണുപിള്ള ഗവര്‍ണറായി നിയമിതനായതോടെ 1962ല്‍ വന്ന ആര്‍. ശങ്കര്‍ മന്ത്രിസഭയില്‍ പ്രഗല്ഭര്‍ക്കൊപ്പം 'ബേബി' മന്ത്രിയായി കോൺഗ്രസുകാരുടെ വക്കീലെത്തി. ആരോഗ്യം, വനം, ദേവസ്വം ഉള്‍പ്പെടെ എട്ടു വകുപ്പുമായി കോട്ടയത്തിന്‍റെ ആദ്യമന്ത്രിയായി. കോട്ടയം മെഡിക്കല്‍ കോളജിന്‍റെ പണി ആരംഭിക്കുന്നതും അക്കാലത്താണ്. ജില്ല ആശുപത്രി വികസനത്തിനും കോട്ടയത്തെ ആദ്യ ജലവിതരണ സംവിധാനത്തിനും പിന്നിൽ ഗോവിന്ദൻ നായരുടെ കരങ്ങളുണ്ട്. 1964ൽ 15 കോൺഗ്രസ് എം.എൽ.എമാർ പിന്തുണ പിൻവലിച്ചതിനെത്തുടർന്ന് ആ മന്ത്രിസഭ പിരിച്ചുവിട്ടു. ഇവർ കേരള കോൺഗ്രസ് രൂപവത്കരിച്ചെങ്കിലും ഗോവിന്ദന്‍ നായർ കോൺഗ്രസുകാരനായി.

മന്ത്രി പദത്തിൽനിന്ന് വക്കീൽ കുപ്പായത്തിലേക്ക് തന്നെയായിരുന്നു മടക്കം. മന്ത്രിയായിരുന്നപ്പോഴും സാധാരണക്കാരനായി തുടർന്ന അദ്ദേഹത്തിന് അധികാരത്തിൽനിന്ന് കോടതിയിലേക്ക് എത്താൻ ഒട്ടും ആലോചിക്കേണ്ടിയും വന്നില്ല. മന്ത്രിസ്ഥാനം ഒഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ സമ്പാദ്യം 16,000 രൂപ കടമായിരുന്നുവെന്ന് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. വീട്ടിൽ വന്നുകയറുമ്പോൾ ആധിയായിരുന്നു. എങ്ങനെ കടംവീട്ടും. അതിനായി അഭിഭാഷക മേഖലയിൽ കൂടുതൽ സജീവമായി. പലപ്പോഴും പകലും രാത്രിയുമൊക്കെ കേസുകൾക്കൊപ്പം തന്നെ ജീവിച്ചകാലമാണെന്ന് അദ്ദേഹം പറയുന്നുണ്ട്. ഇതിനൊപ്പം കുമാരനല്ലൂർ സഹകരണബാങ്കിൽ ചിട്ടി ചേർന്നാണ് കടം വീട്ടിയത്. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിലും '67ലെ തെരഞ്ഞെടുപ്പിലും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

പിന്നീട് മത്സരരംഗത്തുനിന്ന് പിന്മാറിയ ഗോവിന്ദന്‍ നായര്‍ തിരക്കേറിയ അഭിഭാഷകനായി. കെ.എസ്.ഇ.ബി, കെ.എസ്.ആര്‍.ടി.സി തുടങ്ങിയവയുടെ അഭിഭാഷകനായി ഹൈകോടതിയിലും പ്രാക്ടീസ് ചെയ്തു.

കോട്ടയം ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ്, കേരള ബാര്‍ ഫെഡറേഷന്‍ പ്രസിഡന്‍റ്, എന്‍.എസ്.എസ് ഡയറക്ടര്‍ ബോർഡ് അംഗം, കെ.പി.സി.സി എക്‌സിക്യൂട്ടിവ് അംഗം തുടങ്ങിയ നിരവധി ചുമതലകള്‍ക്കൊപ്പം കോട്ടയത്തെ സാംസ്‌കാരിക രംഗങ്ങളിലും സജീവമായിരുന്നു. അവസാന യു.ഡി.എഫ് സര്‍ക്കാറിന്‍റെ കാലത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ പ്രസിഡന്‍റുമായി. നീണ്ട അഭിഭാഷക കാലത്ത് നൂറോളം ജൂനിയര്‍മാരുടെ ഗുരുവും വഴികാട്ടിയുമായിരുന്നു ഇദ്ദേഹം. ഇവരിൽ പലരും ജഡ്ജിമാരുമായി.

Tags:    
News Summary - No role is coveted; Except for the lawyer's shirt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.