ഒരുകാലത്ത് മലയാളികൾക്ക് ഷെഫ് എന്ന വാക്കിന്‍റെ പര്യായമായിരുന്നു നൗഷാദ്. രുചിയുടെ കാഴ്ചകളും കാഴ്ചയുടെ രുചികളും മലയാളികൾക്ക് ഒരുപോലെ ഒരുക്കിയിരുന്നയാൾ. രുചിലോകത്തും ദൃശ്യലോകത്തും കൈയൊപ്പ് പതിപ്പിച്ചൊരു താരത്തെയാണ് മലയാളികൾക്ക് നഷ്ടമായത്. ഇന്ന് യുട്യൂബിലും മറ്റും അരങ്ങു തകർക്കുന്ന മലയാളം കുക്കറി ഷോകൾക്ക് ചാനലുകളിലൂടെ തുടക്കമിട്ടത് ഷെഫ് നൗഷാദ് ആണെന്ന് നിസ്സംശയം പറയാം. അദ്ദേഹം ചാനലുകളിലൂടെ കുക്കറി ഷോകൾ നടത്തുേമ്പാൾ മലയാളത്തിൽ അത്തരം പരിപാടികൾ ഇല്ലായിരുന്നു. ജനപ്രിയ സിനിമകൾ നിർമിച്ചപ്പോൾ ഭക്ഷണപ്രേമികൾക്കും സിനിമാപ്രേമികൾക്കും ഒരുപോലെ പ്രിയങ്കരനായി അദ്ദേഹം.
യാദൃശ്ചികമായാണ് നൗഷാദ് സിനിമാലോകത്തേക്ക് എത്തുന്നത്. െബ്ലസി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം 'കാഴ്ച'യുടെ സഹനിർമ്മാതാവായിട്ടായിരുന്നു അരങ്ങേറ്റം. ആ സിനിമ റിലീസ് ചെയ്തതിന്റെ 17ാം വാർഷികദിനത്തിലാണ് നൗഷാദ് മരിച്ചതെന്നത് മറ്റൊരു യാദൃശ്ചികത. 2004 ആഗസ്റ്റ് 27നാണ് 'കാഴ്ച' റിലീസ് ചെയ്തത്. സ്‌കൂളിലും കോളജിലും സീനിയർ ആയിരുന്ന ബ്ലെസിക്ക് ആദ്യ ചിത്രത്തിന് നിര്‍മ്മാതാക്കളെ കിട്ടാതെ വന്നതോടെയാണ് നൗഷാദ് ചലച്ചിത്ര നിര്‍മ്മാണത്തിലേക്ക് കടക്കുന്നത്. ആദ്യ പ്രോജക്ടുമായി പല നിർമ്മാതാക്കളെയും സമീപിച്ച് ആരും തയാറാകാതെ വന്നതിന്‍റെ നിരാശയിൽ കഴിയുകയായിരുന്ന സുഹൃത്ത് ബ്ലെസിയെ സഹായിക്കാൻ നൗഷാദ് ധൈര്യമായി രംഗത്തിറങ്ങുകയായിരുന്നു. അങ്ങനെയാണ് സേവി മനോ മാത്യുവിനൊപ്പം 'കാഴ്ച' ചെയ്തത്. ചെറിയ ബജറ്റിൽ എടുത്ത 'കാഴ്ച' വലിയ സാമ്പത്തിക വിജയവും അംഗീകാരങ്ങളും നേടി.
തുടര്‍ന്ന് നൗഷാദ് നിർമ്മിച്ച ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍ എന്നീ ചിത്രങ്ങളും വിജയമായി. പിന്നീട് ചെയ്ത ലയണ്‍, പയ്യന്‍സ് എന്നീ ചിത്രങ്ങള്‍ വിജയം സമ്മാനിച്ചില്ലെങ്കിലും കൈപൊള്ളിയില്ല. പക്ഷേ, ദിലീപിനെ നായകനാക്കി നിർമിച്ച ലാൽ ജോസ് ചിത്രം 'സ്പാനിഷ് മസാല' കോടികളുടെ നഷ്ടമാണ് നൽകിയത്. പല സ്ഥാപനങ്ങളും വിറ്റാണ് ഇതിന്‍റെ കടം വീട്ടിയത്. പിന്നീട് ഒരു സിനിമയെടുക്കാന്‍ തയാറായപ്പോൾ താരങ്ങൾ ഫോൺ എടുക്കാത്തതുപോലെയുള്ള ദുരനുഭവങ്ങൾ ഉണ്ടായത് നൗഷാദ് പിന്നീട് വെളിപ്പെടുത്തിയിരുന്നു.
പിതാവ് തിരുവല്ലയില്‍ 'നൗഷാദ്' എന്ന പേരില്‍ നടത്തിയിരുന്ന ഹോട്ടലില്‍ കുട്ടിക്കാലത്ത് ചെയ്തിരുന്ന പണികളാണ് അദ്ദേഹത്തെ രുചിയുടെ ലോകത്തേക്ക് ആകർഷിച്ചത്. ചെറിയ ഹോട്ടലായിരുന്നതിനാല്‍ കുടുംബത്തിലെ എല്ലാവരും ചേര്‍ന്നായിരുന്നു അവിടുത്തെ പണികൾ നടത്തിയിരുന്നത്. സ്‌കൂളിലും കോളേജിലും പഠിക്കുമ്പോള്‍ അടുക്കള പണികളിൽ നൗഷാദും സഹായിയായി കൂടുമായിരുന്നു. പഠനശേഷം നൗഷാദ് ഹോട്ടല്‍ മാനേജമെന്‍റ് പഠിക്കാനായി ബാംഗ്ലൂരിലേക്കു പോയി. അവിടെ നിന്നാണ് രുചികളുടെയും പാചകത്തിന്‍റെയും വലിയ സാധ്യതകൾ തിരിച്ചറിയുന്നത്. കേരളത്തിൽ അതുവരെ കിട്ടിയിരുന്നവയിൽ നിന്ന് വ്യത്യസ്തമായ രുചിക്കൂട്ടിൽ ബിരിയാണി നൽകിയതോടെ മലയാളികൾക്കിടയിൽ നൗഷാദ് ഹിറ്റായി. കേരളത്തിന് അന്ന് പുതുമയായിരുന്ന സെലറി, കാപ്‌സിക്കം, സ്പ്രിംഗ് ഒനിയണ്‍ പോലുള്ള ചൈനീസ് പച്ചക്കറികള്‍ ഉപയോഗിച്ചായിരുന്നു നൗഷാദിന്‍റെ പരീക്ഷണം.
കുക്കറി ഷോകളിലൂടെ പ്രശസ്തനായതോടെ പ്രമുഖ കേറ്ററിങ്, റസ്റ്ററന്‍റ് ശൃംഖലയായ 'നൗഷാദ് ദി ബിഗ് ഷെഫി'ന് തുടക്കമിട്ടു. നൗഷാദ് കേറ്ററിങ് പ്രവാസി മലയാളികൾക്കിടയിലും പ്രശസ്തമാണ്. പ്രവാസികളുടെ നാവില്‍ കേരളത്തിന്‍റെ തനതു രുചി പകരാൻ കുവൈത്തിലും ബഹ്റൈനിലും ദുബൈയിലും തുടങ്ങിയ നൗഷാദ് സിഗ്‌നേച്ചര്‍ റസ്റ്ററന്‍റുകളും വിജയമായിരുന്നു. ഇരുപതിനായിരത്തിലേറെ വേദികളിൽ സദ്യ ഒരുക്കിയും 10000 പേർക്ക് ഒരേ സദ്യയിൽ ബിരിയാണി വിളമ്പിയുമൊക്കെ നൗഷാദ് പേരെടുത്തു. രാഷ്ട്രീയ–ചലച്ചിത്ര മേഖലകളിലെ പ്രമുഖരുടെയെല്ലാം വീടുകളിലെ ചടങ്ങുകളിൽ നൗഷാദ് ഒഴിവാക്കാൻ കഴിയാത്ത സാന്നിധ്യമായിരുന്നു. എന്നാൽ, അവസാന കാലത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധി നൗഷാദിനെ വലച്ചിരുന്നു.
പ്രതിസന്ധിഘട്ടത്തിൽ അടുപ്പക്കാർ പലരും അകന്നുതുടങ്ങിയതും അദ്ദേഹത്തെ വേദനിപ്പിച്ചു. തടി കുറക്കാനുള്ള സർജറിയെ തുടർന്നുള്ള ബുദ്ധിമുട്ടുകളാണ് നൗഷാദിന്‍റെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചത്. നട്ടെല്ലിനുണ്ടായ പരുക്കിനെ തുടർന്ന് ഒരു വർഷത്തോളം കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു. അമിത പ്രമേഹമടക്കം വലച്ചതോടെ ഒരു മാസമായി തിരുവല്ല ബിലിവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു. രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തിന്‍റെ ഭാര്യ ഷീബ മരിച്ചത്. 13 വയസ്സുള്ള ഏക മകള്‍ നഷ്വക്കായി നൗഷാദ് ജീവിതത്തിലേക്ക് തിരിച്ചുവരണമേയെന്നുള്ള ഉറ്റവരുടെ പ്രാർഥനകൾ വിഫലമാക്കിയാണ് അദ്ദേഹം യാത്രയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.