കോഴിക്കോട്: എല്ലാ പ്രതലങ്ങളിലും ചിത്രം വരക്കാൻ മിടുക്കനായ കലാകാരനായിരുന്നു വെള്ളിയാഴ്ച കോഴിക്കോട്ട് അന്തരിച്ച പി. ശരത്ചന്ദ്രൻ. ചെറുപ്പം മുതലേ വരച്ചുതുടങ്ങിയ അദ്ദേഹം കേരളത്തിനു പുറത്താണ് കൂടുതൽ കാലവും ജോലിചെയ്തത്.
അക്രലിക്കും എണ്ണച്ചായവും ജലച്ചായവുമെല്ലാം ശരത്ചന്ദ്രന്‍റെ ബ്രഷിന് എളുപ്പം വഴങ്ങി. വഴിയോരത്തും മറ്റും കാണുന്നവരുടെ ഫോട്ടോ കാമറയിൽ പകർത്തുകയും ആ ഫോട്ടോ നോക്കി ഏറെനേരമിരുന്ന് ചിത്രം പൂർത്തിയാക്കുകയുമായിരുന്നു രീതി. അക്ഷരാർഥത്തിൽ ജീവൻ തുടിക്കുന്നതായിരുന്നു ആ സൃഷ്ടികൾ. ചിത്രംവരയെന്ന അനുഗ്രഹകലയെ പോസ്റ്റർ ഡിസൈനിലെ സാധ്യതകൾക്കായി പണ്ടേ ഉപയോഗപ്പെടുത്തിയ ആളായിരുന്നു അദ്ദേഹം.
ആദ്യകാലത്ത് 'ഏക് മുസാഫിർ ഏക് ഹസീനാ' എന്ന സിനിമക്കുവേണ്ടിയുള്ള പോസ്റ്റർരചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. കോട്ടൺ എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ പ്രദർശനങ്ങൾ, 1976ൽ നടന്ന ഏഷ്യൻ അമച്വർ ബോക്സിങ് ഫെഡറേഷൻ ചാമ്പ്യൻഷിപ്പുകൾ എന്നിവയിലടക്കം എല്ലാ മേഖലയിലും ഡിസൈനറായി ശരത്ചന്ദ്രനുണ്ടായിരുന്നു. റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്ത 'ഗാന്ധി' സിനിമയിൽ നിരവധി പോസ്റ്ററുകളായിരുന്നു വരച്ചിരുന്നത്.
ശരത്ചന്ദ്രന്‍റെ സുഹൃത്തായിരുന്ന ശാന്തകുമാറിന്‍റെ സോഴ്സ് മാർക്കറ്റിങ് ഏജൻസിയെയാണ് ഗാന്ധി സിനിമയുടെ അണിയറപ്രവർത്തകർ പോസ്റ്റർ ഡിസൈൻ ചെയ്യാൻ സമീപിച്ചത്. ശാന്തകുമാർ തുടർന്ന് ശരത്തിനെ സമീപിക്കുകയായിരുന്നു. അന്ന് ഗോൾഡൻ ടൊബാക്കോയുടെ ജനറൽ മാനേജരായിരുന്ന ആർ.കെ. സേത്തി സിനിമ പോസ്റ്റർ തയാറാക്കാൻ അനുമതി നൽകി.
ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ മരിച്ച അമ്മയുടെ അരികിലിരുന്ന് കരയുന്ന കുട്ടിയുടെ ചിത്രമുള്ള പോസ്റ്റർ ഗാന്ധി സിനിമയെ പ്രേക്ഷകരിലേക്ക് ആകർഷിപ്പിച്ച പ്രധാന ഘടകമായിരുന്നു. ഈ ചിത്രത്തിനായി വരച്ച പല പോസ്റ്ററുകളും എരഞ്ഞിപ്പാലത്തെ വീട്ടിൽ നശിച്ചു. പിന്നീട് കുറച്ചു പോസ്റ്ററുകൾ അദ്ദേഹം പുനർസൃഷ്ടിച്ചിരുന്നു. വെസ്റ്റേൺ റെയിൽവേയിൽ ഇ. ശ്രീധരന്‍റെ സെക്രട്ടറിയായിരുന്ന ശരത്ചന്ദ്രന്‍റെ ഭാര്യ വിമലയും ചിത്രംവരയറിയുന്ന കലാകാരിയാണ്. മുംബൈയിലുള്ളപ്പോൾ നടി നാദിയ മൊയ്തുവിന്‍റെ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അടുത്തകാലത്ത് നാദിയയും പിതാവും ഇദ്ദേഹത്തെ കോഴിക്കോട്ടെത്തി സന്ദർശിച്ചിരുന്നു.
കോഴിക്കോട് ലളിതകല അക്കാദമി ആർട്ട് ഗാലറിയിലടക്കം ചിത്രപ്രദർശനം നടത്തിയപ്പോൾ വൻ ജനാവലിയാണ് ഒഴുകിയെത്തിയത്. നിലവിൽ ആലക്കോട് ഇദ്ദേഹത്തിന്‍റെ ചിത്രപ്രദർശനം നടന്നുവരുന്നുണ്ട്. പറശ്ശിനിക്കടവ് അമ്പലത്തിലുള്ള മുത്തപ്പന്‍റെ ചിത്രങ്ങളും ശരത്ചന്ദ്രൻ വരച്ചുകൊടുത്തതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.