പേരാമ്പ്ര: ആർക്കും വാക്കുകൾ പൂർത്തിയാക്കാൻ കഴിയാത്ത ഒരു അനുശോചന യോഗമായിരുന്നു പേരാമ്പ്ര ദാറുന്നുജൂം കോളജിൽ തിങ്കളാഴ്ച നടന്നത്. വയനാട് മേപ്പാടിയിൽ ശനിയാഴ്ച രാത്രി കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ഷഹാന ടീച്ചർ ഈ കോളജിന് എത്രമാത്രം പ്രിയപ്പെട്ടതായിരുന്നു എന്ന് തെളിയിക്കുന്നതായിരുന്നു അനുശോചന യോഗം. കണ്ണീർ വാർത്തല്ലാതെ ഒരാൾക്കും ഒന്നും പറയാനായില്ല.
മനഃശാസ്ത്ര വിഭാഗം മേധാവിയായ ഷഹാന സത്താർ അധ്യാപിക മാത്രമായിരുന്നില്ല. അവരുടെ പ്രശ്നങ്ങൾക്കും പ്രയാസങ്ങൾക്കും പരിഹാരം കാണുന്ന സഹോദരി കൂടിയായിരുന്നു. അവരുടെ കഴിവുകളെ കണ്ടെത്തി പ്രോത്സാഹനം നൽകിയ ടീച്ചർ സൈക്കോളജി ബിരുദം നേടിയ വിദ്യാർഥികളെ കേരളത്തിനുപുറത്തുള്ള വിവിധ യൂനിവേഴ്സിറ്റികളിൽ ഉപരിപഠനത്തിന് സജ്ജരാക്കി.
ലോക്ഡൗൺ കാലത്ത് കോളജ് നേതൃത്വത്തിൽ അന്തർദേശീയ വെബിനാർ സംഘടിപ്പിക്കാനും ടീച്ചർ മുന്നിലുണ്ടായിരുന്നു. കോളജ് മാനേജ്മെൻറ് മികച്ച അധ്യാപകർക്ക് നൽകുന്ന പുരസ്ക്കാരത്തിന് കഴിഞ്ഞവർഷം ഷഹാന ടീച്ചറാണ് അർഹയായത്. കോളജ് സൈക്കോളജി വിഭാഗത്തിെൻറ നേതൃത്വത്തിൽ നടത്തിയ സൈക്കോ ഫെസ്റ്റ് ടീച്ചറുടെ ആശയമായിരുന്നു. ഷഹാന മിസ് ഞങ്ങൾക്ക് തന്ന മനോബലത്തിെൻറ പിൻബലത്തിൽ ഞങ്ങൾ തളരാതെ മുന്നോട്ടുപോകുമെന്ന് വിദ്യാർഥി പ്രതിനിധി കണ്ഠമിടറി പറഞ്ഞപ്പോൾ സദസ്സ് അത് ഏറ്റെടുക്കുകയായിരുന്നു.
ചടങ്ങിൽ ദാറുന്നുജൂം സ്ഥാപനങ്ങളുടെ മാനേജർ ടി. അബ്ദുള്ള അധ്യക്ഷത വഹിച്ചു. കോളജ് സെക്രട്ടറി എം.കെ. അബ്ദുൽ അസീസ്, കമ്മിറ്റി ഭാരവാഹികളായ കെ. കുഞ്ഞബ്ദുള്ള, ടി. അബ്ദുസ്സലാം, ടി.പി. അബ്ദുൽ മജീദ്, പ്രിൻസിപ്പൽ പ്രഫ. മുഹമ്മദ് അസ്ലം, സൂപ്രണ്ട് പി.ടി. ഇബ്രാഹീം, പി.കെ. മുസ്തഫ എന്നിവർ സംസാരിച്ചു. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ അനുശോചനപ്രമേയം അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.