ചെറുവത്തൂർ: കാർഷികബന്ധിയായ ആചാരപ്പെരുമയിൽ നാട്ടകത്തെ അരിയിട്ടുവാഴിച്ച കാവൽ എന്ന നാട്ടാചാര പെരുമയിലെ അവസാന വാക്കായിരുന്നു വറക്കോടൻ കാവൽക്കാർ. ദയരമംഗലം ക്ഷേത്രത്തിൽനിന്ന് വിഷു ദിനത്തിൽ പ്രബലമായ രണ്ട് സമുദായത്തിന്റെ പ്രതിനിധികൾ കയ്യേൽക്കുന്നതും നാടിന്റെ കൃഷിപ്പട്ടാളത്തെ രൂപപ്പെടുത്തുന്നതുമായ ആചാരമാണ് കാവൽ എന്നത്.
നാടിനെ അന്നമൂട്ടുന്ന അഞ്ചു വയൽപരപ്പുകളെ ചോരൻമാരിൽനിന്നും നാൽക്കാലി മൃഗങ്ങളിൽനിന്നും സംരക്ഷിക്കുകയെന്നതാണ് ഇവരുടെ പ്രാഥമിക കർത്തവ്യം. മണിയാണി സമുദായത്തിൽനിന്ന് മൂന്നും തീയ്യ സമുദായത്തിൽനിന്ന് മൂന്നും എന്നിങ്ങനെ ആറു പേരടങ്ങുന്നതാണ് കാവൽ സംഘം. ഇതിന്റെ അമരത്ത് അണിനിരക്കുകയെന്നത് വറക്കോടൻ കുടുംബക്കാരുടെ അവകാശമാണ്. വടക്കേം വാതിലിലെ ഒറ്റക്കോലത്തിന് നേതൃത്വം നൽകേണ്ടതും വീത് കുന്നിലെ വീതടിയന്തരം നടത്തേണ്ടതുമെല്ലാം വറക്കോടന്റെ നേതൃത്വത്തിൽ കാവൽക്കാർതന്നെ.
കറ്റക്കയർ, പാളത്തൊപ്പി, ആചാര ദണ്ഡ്, പത്താം നമ്പർ മുണ്ട് , കളക്കുട എന്നിവയാണ് കാവൽക്കാരുടെ ആചാരപരമായ വേഷം. പ്രത്യേകിച്ച് പ്രതിഫലമൊന്നും ഇവർക്ക് നിഷ്കർഷിച്ചിട്ടില്ല. വയലിൽ വാളുമ്പോഴാണ് കാവൽക്കാർ എത്തുന്നതെങ്കിൽ മലർത്തിപ്പിടിച്ച കൊട്ടമ്പാളയിൽ ഒരുപിടി വിത്ത് ഇട്ടുകൊടുക്കണം. മൂരുമ്പോഴാണെങ്കിൽ ഒരു പതക്കറ്റ. ജീവിതം കൂട്ടിമുട്ടിക്കാനുള്ള വഴികളൊന്നും തെളിഞ്ഞില്ലെങ്കിലും ആചാരവഴികളെ മുറതെറ്റാതെ അവർ നെഞ്ചേറ്റിപ്പോരുന്നുണ്ട്. അവരിൽ അദ്വിതീയനായിരുന്നു ബാലൻ കാവക്കാർ.
ദയരമംഗലത്ത് പൂരം കൂടുന്നതിന് മുന്നോടിയായി നടക്കുന്ന കുയിൽ വിളിതൊട്ട് ആറാട്ട് പരിസമാപിക്കുന്നതുവരെ പൂര വഴികളിൽ ഇദ്ദേഹം നിറഞ്ഞുനിൽക്കും. ആ സാന്നിധ്യമാണ് ഇല്ലാതായത്. ആചാരാനുഷ്ഠാനങ്ങളെ പ്രയോഗവഴികളിൽ അണുകിട വ്യതിചലിക്കാതെ വഴിനടത്തി നാളിത്രയും തന്റെ ഉത്തരവാദിത്തം നിറവേറ്റി അനുഷ്ഠാനങ്ങളുടെ ജീവിക്കുന്ന ഇതിഹാസമായി അദ്ദേഹം മാറി. ജീവിതസായന്തനത്തിൽ ഒരു പിടി രോഗങ്ങൾ പിടികൂടുകയും ചെയ്തിരുന്നു. നാട്ടു ചരിത്രത്തിലേക്ക് വെളിച്ചംവീശുന്ന ഒട്ടേറെ അറിവുകൾ കൊണ്ട് സമ്പന്നമായിരുന്നു അദ്ദേഹം.
ജീവിതം തലമുറകളുടെ സ്വാസ്ഥ്യജീവിതത്തിന്നായി ഉഴിഞ്ഞുവെച്ച വറക്കോടൻ ബാലൻ കാവൽക്കാർക്ക് യാത്രാമൊഴി നൽകാൻ നിരവധി പേരാണ് പിലിക്കോട്ടെ വസതിയിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.