അമ്പലത്തറ: പൂന്തുറയെന്ന പേരിനെ നെഞ്ചോടുചേര്‍ത്ത തീരത്തിെൻറ ജനകീയ മുഖമാണ് പൂന്തുറ സിറാജ്. അനുശോചന സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞതു പോലെ ന്യൂനപക്ഷ അവകാശ സംരക്ഷണ കാര്യത്തില്‍ ശ്രേദ്ധയമായി ഇടപെട്ട പശ്ചാത്തലമുള്ള നേതാവിനെയാണ് ന്യൂനപക്ഷങ്ങള്‍ ഏറെയുള്ള പൂന്തുറക്ക് നഷ്ടമായത്.
തദ്ദേശ തെരഞ്ഞടുപ്പുകളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നിറം നോക്കാതെ സിറാജിനെ നാട്ടുകാര്‍ വിജയിപ്പിക്കുന്നതിനു പിന്നിലെ രഹസ്യവും സിറാജും നാട്ടുകാരും തമ്മിലുള്ള ആ സ്നേഹബന്ധമാണ്. അതിന് അവസാന കാലം വരെ കോട്ടം തട്ടാതെ കൊണ്ടുപോകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കോണ്‍ഗ്രസിലൂടെ രാഷ്ട്രീയരംഗത്തേക്ക് കടന്നുവന്ന സിറാജ് കടുത്ത കരുണാകര പക്ഷക്കാരനായിട്ടായിരുന്നു അറിയപ്പെട്ടിരുന്നത്.
യൂത്ത് കോണ്‍ഗ്രസിെൻറ തിരുവനന്തപുരം വെസ്റ്റ് മണ്ഡലം ജനറല്‍ സെക്രട്ടറിയായി നീണ്ട കാലം പ്രവര്‍ത്തിച്ചു. ഇതിനിടെ, പൂന്തുറ സ്വദേശിയും സി.പി.ഐക്കാരനുമായ മാക്സ്വെല് തിരുവനന്തപുരം നഗരസഭയുടെ മേയറായപ്പോള്‍ പൂന്തുറയില്‍ മേയര്‍ക്ക് പരസ്യമായി സ്വീകരണം നല്‍കിയതിെൻറ പേരില്‍ സിറാജിനെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കി.
ഇൗ സമയത്തായിരുന്ന പി.ഡി.പിയുടെ ജനനവും സിറാജിെൻറ പി.ഡി.പിയിലേക്കുള്ള വരവും. സിറാജിെൻറ രാഷ്ട്രീയ നിലപാടുകളും സമയോചിതമായ സമയങ്ങളില്‍ തന്ത്രങ്ങള്‍ കൈകൊള്ളാനുള്ള കഴിവും അബ്ദുന്നാസിർ മഅ്ദനിക്ക് ഇഷ്ടമായതോടെ പി.ഡി.പിയുടെ വര്‍ക്കിങ് ചെയര്മാന് പദവിയിലേക്ക് ഉയർന്നു.
ഇതിനിടെ മഅദ്നിയുടെ ഭാര്യാസഹോദരിയെ വിവാഹം കഴിച്ച് ബന്ധുബലം കൂടി ഉറപ്പിച്ചതോടെ പി.ഡി.പിയുടെ രണ്ടാം അമരക്കാന്‍ എന്ന നിലയില്‍ സിറാജ് കരുത്തനായി. മഅ്ദനിയുടെ ജയില്‍വാസക്കാലത്ത് വര്‍ഷങ്ങളോളം പാര്‍ട്ടിയെയും അണികളെയും തളര്‍ത്താതെ കരുതലോടെ മുന്നോട്ട് കൊണ്ടുപോകാന്‍ സിറാജിന് കഴിഞ്ഞു. മൂന്നു തവണ തിരുവനന്തപുരം നഗരസഭ കൗണ്‍സിലറായിരുന്ന സിറാജ് ആറു വര്‍ഷത്തോളം പൂന്തുറ പുത്തന്‍പള്ളി ജമാഅത്തിെൻറ ജനറല്‍ സെക്രട്ടറി പദവും അലങ്കരിച്ചിരുന്നു.
1995ല്‍ പി.ഡി.പി പ്രതിനിധിയായി മാണിക്യവിളാകം വാര്‍ഡില്‍നിന്ന് വിജയിച്ച സിറാജ് 2000ത്തില്‍ അമ്പലത്തറ വാര്‍ഡില്‍നിന്ന് വിജയിച്ചു. പിന്നീട്, പി.ഡി.പിയില്‍ നിന്ന് പുറത്താക്കിയെങ്കിലും പുത്തന്‍പള്ളി വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു. പി.ഡി.പിയിലേക്ക് തിരിച്ചെടുത്തതോടെ കൗണ്‍സിലര്‍ സ്ഥാനം കാലാവധി തീരുന്നതിനുമുമ്പ് രാജിവെക്കുകയും ചെയ്തു.
കൗണ്‍സിലറായിരിക്കെ, സിറാജ് ചെയ്ത വികസനങ്ങളാണ് ഇന്നും ഇൗ വാര്‍ഡുകളുടെ മുതല്‍ക്കൂട്ട്. പിന്നീട്, സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കടന്ന സിറാജ് എറണാകുളം ലോക്സഭ തെരെഞ്ഞടുപ്പിലും അരുവിക്കര നിയമസഭ ഉപതെരെഞ്ഞടുപ്പിലും 1996 തിരുവനന്തപുരം നിയമസഭ മണ്ഡലത്തിലും 2016ല്‍ നിയമസഭ തെരഞ്ഞടുപ്പില്‍ പൊന്നാനിയിലും പി.ഡി.പി സ്ഥാനാര്‍ഥിയായി മത്സരിച്ചു.
കഴിഞ്ഞ തദ്ദേശ തെരെഞ്ഞടുപ്പിന് മുന്നോടിയായി പി.ഡി.പിയില്‍നിന്ന് രാജിെവച്ച് ഐ.എന്‍.എല്ലില്‍ ചേര്‍ന്ന സിറാജിനെ മാണിക്കവിളാകം വാര്‍ഡില്‍ സ്ഥാനാർഥിയായി പ്രഖ്യാപിച്ചെങ്കിലും സി.പി.എം എതിര്‍ത്തു. ഇതോടെ വീണ്ടും പി.ഡി.പിയിലേക്ക് മടങ്ങി. വൈസ് ചെയര്മാന് പദവിയും നല്കി. ഇതിനിടയിലാണ് അർബുദരോഗം മുർച്ഛിച്ച് ലോകത്തോട് വിടപറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.