ന്യൂഡൽഹി: ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കറുടെ നിര്യാണത്തിൽ അനുശോചിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും. 'ഭാരത് രത്ന, ലതാജീയുടെ നേട്ടങ്ങൾ സമാനതകളില്ലാത്തതായി നിലനിൽക്കും' -രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.
ലത മങ്കേഷ്കറിന്റെ വിയോഗം നികത്താനാവാത്ത വിടവാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. സംഗീതത്തിനപ്പുറം ഉയർന്ന പ്രതിഭയാണ് ലത മങ്കേഷ്കറെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു.
ലത ദീദിയിൽനിന്ന് എല്ലായ്പ്പോഴും അളവറ്റ വാത്സല്യം ലഭിച്ചുവെന്നത് വളരെ അഭിമാനമായി തോന്നുന്നു. അവരോടൊപ്പമുള്ള ഇടപെടലുകൾ അവിസ്മരണീയ ഓർമയായി തുടരും. ലത ദീദിയുടെ വിയോഗത്തിൽ എല്ലാ ഇന്ത്യക്കാർക്കുമൊപ്പം ഞാനും ദുഃഖിക്കുന്നു. ദീദിയുടെ കുടുംബത്തോട് സംസാരിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു - പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ഞായറാഴ്ച രാവിലെയായിരുന്നു ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കറിന്റെ (92) അന്ത്യം. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്നു ലത മങ്കേഷ്കർ. കോവിഡ് ബാധിച്ചതിനെ തുടർന്ന് ജനുവരി എട്ടിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഐ.സി.യുവിൽ ചികിത്സയിലായിരുന്നു ലതയെ ശനിയാഴ്ച വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റുകയായുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.