ന്യൂഡൽഹി: അന്തരിച്ച സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ അനുസ്മരിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. ഭാരത് ജോഡോ യാത്രയെ കുറിച്ചുള്ള പുസ്തകം വായിക്കുന്ന യെച്ചൂരിയുടെ ചിത്രം ‘പ്രസ്ഥാനത്തിന്റെ കൂട്ടുകാരന് ആദരാഞ്ജലികൾ...’ എന്ന കുറിപ്പോടെ പങ്കുവെച്ചാണ് അദ്ദേഹം അനുശോചനമറിയിച്ചത്.
ഇന്ത്യ എന്ന ആശയത്തിന്‍റെ കാവലാളായിരുന്നുവെന്നാണ് കോൺഗ്രസ് നേതാവും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി അനുസ്മരിച്ചത്. സുഹൃത്തായിരുന്നുവെന്നും നമ്മുടെ രാജ്യത്തെ കുറിച്ച് ആഴത്തിൽ ധാരണയുള്ള വ്യക്തിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ദേശീയ നേതൃത്വവുമായി ഊഷ്മളമായ ബന്ധം കാത്ത് സൂക്ഷിച്ച നേതാവാണ് യെച്ചൂരിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അനുസ്മരിച്ചു. ഇൻഡ്യ മുന്നണിയുടെ രൂപീകരണത്തിൽ യെച്ചൂരിയുടെ കയ്യൊപ്പുണ്ട്.
രാഷ്ട്രീയത്തിലെ പ്രായോഗികതക്ക് മുൻതൂക്കം നൽകിയ നേതാവായിരുന്നു. വ്യക്തതയുള്ള നിലപാടുകളുമായി പ്രത്യയശാസ്ത്രത്തിന്‍റെ അടിസ്ഥാന തത്വങ്ങളിൽ അടിയുറച്ച് നിൽക്കുമ്പോഴും പ്രായോഗികതയുള്ള രാഷ്ട്രീയ സമീപനമായിരുന്നു സീതാറാം യെച്ചൂരിയുടേത്. സൈദ്ധാന്തിക കടുംപിടുത്തങ്ങൾക്കും അപ്പുറം രാഷ്ട്രീയത്തിലെ പ്രായോഗികതക്ക് മുൻതൂക്കം നൽകിയ നേതാവാണ്. ന്യൂനപക്ഷ അവകാശങ്ങൾ ഹനിക്കപ്പെടാതെയും ഇന്ത്യ എന്ന ആശയത്തെ നിലനിർത്തിയും മാത്രമേ രാജ്യത്തിന് മുന്നോട്ട് പോകാനാകൂവെന്ന് യെച്ചൂരി അടിയുറച്ച് വിശ്വസിച്ചു. അതിൽ കോൺഗ്രസിന്‍റെ നേതൃപരമായ പങ്കിനെകുറിച്ച് യെച്ചൂരിക്ക് തികഞ്ഞ ബോധ്യമുണ്ടായിരുന്നു. കൃത്യമായും വ്യക്തമായും ആ രാഷ്ട്രീയ സമീപനം യെച്ചൂരി തുറന്നു പറഞ്ഞിട്ടുമുണ്ട് -സതീശൻ വ്യക്തമാക്കി.
ഡൽഹി എയിംസിൽ ചികിത്സയിലായിരുന്ന സീതാറാം യെച്ചൂരി ഇന്ന് ഉച്ചക്ക് 3.05ഓടെയാണ് അന്തരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ആഗസ്റ്റ് 19നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.