കുറ്റിപ്പുറം: ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മുസ്ലിം ലീഗ് വനിത വിഭാഗം നേതാവുമായിരുന്ന റംല കറത്തൊടിയുടെ നിര്യാണം നാടിനെ കണ്ണീരിലാഴ്ത്തി. മൂന്ന് മാസമായി അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു. രണ്ട് തവണ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു. 2010ൽ ആദ്യ തവണ ഏട്ടാം വാർഡിൽ മത്സരിച്ച് വിജയിച്ച് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണായി. തുടർന്ന് രണ്ടാം തവണ 12ാം വാർഡിൽനിന്ന് വിജയിച്ചാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. മുസ്ലിം ലീഗ് വനിത വിഭാഗം പഞ്ചായത്ത് സെക്രട്ടറി കൂടിയായിരുന്നു.
സൗമ്യമായ പെരുമാറ്റവും കൃത്യമായ ഇടപെടൽ കൊണ്ടും ജനകീയ മുഖമാകാൻ റംലക്ക് സാധിച്ചിരുന്നു. കുടുംബശ്രീ പ്രസ്ഥാനത്തിന്റെ കുറ്റിപ്പുറം മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു. വനിത നേതൃത്വം എന്ന നിലയിൽ കഴിവ് തെളിയിച്ച ഇവർ രാഷ്ട്രീയ-സാമൂഹിക പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചു. കോവിഡിന്റെ രൂക്ഷതയിലും സജീവ സാന്നിധ്യമായിരുന്നു. വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നതിലും കമ്യൂണിറ്റി കിച്ചൺ പ്രവർത്തനത്തിലും മികച്ച രീതിയിലുള്ള ഇടപെടൽ നടത്തിയത് പ്രശംസ പിടിച്ചുപറ്റി. ഇവരുടെ നിര്യാണത്തിൽ അനുശോചിച്ച് കുറ്റിപ്പുറം ടൗണിൽ വിവിധ കക്ഷികളുടെ നേതൃത്വത്തിൽ മൗന ജാഥയും യോഗവും ചേർന്നു. മോഹനൻ അധ്യക്ഷത വഹിച്ചു. ഉമ്മർ ഗുരുക്കൾ, ലുക്മാൻ തങ്ങൾ, കെ.ടി. സിദ്ദീഖ്, അരവിന്ദാക്ഷൻ, കെ. ദിനേശൻ, പരപ്പാര സിദ്ദീഖ്, അഡ്വ. മുജിബ് കൊളക്കാട് എന്നിവർ സംസാരിച്ചു. തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദൻ ഫേസ്ബുക്ക് പേജിൽ അനുശോചനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.