കട്ടപ്പന: കട്ടപ്പന മർച്ചന്റ്സ് അസോസിയേഷൻ മുൻ പ്രസിഡന്റും എം. ബേബി ഗ്രൂപ് സ്ഥാപനങ്ങളുടെ ഉടമയുമായ കട്ടപ്പന ഇടവന മഠത്തിൽ ഇ.എം ബേബിയുടെ (കോട്ടയം കട ബേബിച്ചായൻ) വിയോഗത്തിലൂടെ ഓർമയാകുന്നത് കട്ടപ്പനക്കാരുടെ സ്വന്തം ബേബിച്ചായനെയാണ്. കട്ടപ്പനയുടെ വികസനത്തിൽ ഇ.എം. ബേബി എന്ന ബേബിച്ചായൻ വഹിച്ച പങ്ക് വലുതാണ്. ഗവ. കോളജ്, ഫയർ സ്റ്റേഷൻ, വൈദ്യുതി സബ് സ്റ്റേഷൻ, കട്ടപ്പന, ഉപ്പുതറ പൊലീസ് സ്റ്റേഷനുകൾ, ഡി.ഇ.ഒ ഓഫിസ്, സെയിൽ ടാക്സ് ഓഫിസ്, യൂനിയൻ ബാങ്ക്, ഹൗസിങ് ബോർഡ് ഓഫിസ് തുടങ്ങി ഇന്ന് കാണുന്ന ഒട്ടുമിക്ക സ്ഥാപനങ്ങളും കട്ടപ്പനയിൽ കൊണ്ടുവരുന്നതിന് പിന്നിൽ ബേബിയുടെ പരിശ്രമമുണ്ടായിരുന്നു. കട്ടപ്പന മർച്ചന്റ്സ് അസോസിയേഷൻ സ്ഥാപക ജനറൽ സെക്രട്ടറി, കട്ടപ്പന ലയൺസ് ക്ലബ്, കട്ടപ്പന ജേസീസ് എന്നിവയുടെ പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. ലളിതമായ പെരുമാറ്റവും വിനയവും കൊണ്ട് സൗഹൃദവലയം സൃഷ്ടിച്ചു.
ഇദ്ദേഹം കട്ടപ്പനയിൽ എത്തും മുമ്പ് ഇളയ അമ്മാവൻ കെ. ജോർജ് (കേജീസ് ജ്വല്ലറി സ്ഥാപകൻ) ഇവിടെ എത്തി സ്ഥാപനം തുടങ്ങിയിരുന്നു. ജനറൽ സപ്ലൈസ് എന്ന ജോർജിെൻറ സ്ഥാപനത്തോടൊപ്പം 1966 സെപ്റ്റംബർ 15ന് ബേബി കട്ടപ്പനയിൽ ജനറൽ ബാങ്കേഴ്സ് തുടങ്ങി. പിന്നീട് നിർമാണ, വിതരണ, ഹോസ്പിറ്റാലിറ്റി, പ്ലാന്റേഷൻ മേഖലകളിലേക്കും കടന്നു.
'എെൻറ ജീവിതത്തിലെ വഴിവിളക്കുകൾ' എന്ന പേരിൽ 2020ൽ പുറത്തിറങ്ങിയ ബേബിയുടെ ആത്മകഥ സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസാണ് പ്രകാശനം ചെയ്തത്. 1997 നവംബർ 19ന് വിൽപന നികുതി ഉദ്യോഗസ്ഥരുടെ കട പരിശോധനക്കെതിരായ സമരത്തിൽ സർക്കാറിനെ കൊണ്ട് തീരുമാനം പിൻവലിപ്പിക്കുന്നതിൽ കട്ടപ്പനയിൽ ബേബി നടത്തിയ സഹന സമരം നിർണായകമായി. പൊലീസ് ലാത്തിച്ചാർജിൽ ബേബിയുടെ തലപൊട്ടി. സംഭവത്തിൽ പ്രതിഷേധിച്ച് കേരളത്തിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടതോടെ സർക്കാർ മുട്ടുമടക്കി.
മന്ത്രി റോഷി അഗസ്റ്റിൻ അനുശോചിച്ചു
കട്ടപ്പന: ഇ.എം. ബേബിയുടെ നിര്യാണത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ അനുശോചിച്ചു. സാമൂഹ്യ, സാംസ്കാരിക, സാമുദായിക, വ്യവസായിക മേഖലകളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞ വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്.
കോട്ടയത്തുനിന്ന് ഉപ്പുതറയിലും പിന്നീട് കട്ടപ്പനയിലേക്കും കുടിയേറിയ ബേബിച്ചായനും 'കോട്ടയംകട'യും പിന്നീട് കട്ടപ്പനയുടെ കൂടി ചരിത്രമായി. കട്ടപ്പനയെ ഇന്നത്തെ കട്ടപ്പനയാക്കി മാറ്റുന്നതിന് പിന്നില്‍ ബേബിച്ചായന് വഹിച്ച പങ്ക് നിസ്തുലമാണെന്നും മന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.