അസ്സയിൻ കാരന്തൂർ

ആരും അറിയാത്ത അസ്സയിൻ

കഴിഞ്ഞ ദിവസം അന്തരിച്ച 'മാധ്യമം' മുൻ ഡെപ്യൂട്ടി എഡിറ്റർ അസ്സയിൻ കാരന്തൂരിനെ കുറിച്ചുള്ള അനുസ്മരണം

എല്ലാ അർഥത്തിലും നല്ല ഒരാൾ. പൂപോലൊരു മനുഷ്യൻ. വീണപൂവ്! താൻ ഏറ്റവും സ്നേഹിക്കുന്ന, സ്നേഹിക്കുന്നവരുള്ള കാരന്തൂരങ്ങാടിയിൽ അദ്ദേഹമങ്ങ് കുഴഞ്ഞുവീണു. മുമ്പേ എഴുതേണ്ടതായിരുന്നു.

കാലമദ്ദേഹത്തെ തട്ടിക്കൊണ്ടുപോയ ശേഷമെങ്കിലും കുറിക്കട്ടെ. കോഴിക്കോട് കാരന്തൂർ പാറപ്പുറത്ത് അസ്സയിൻ എന്ന അസ്സയിൻ കാരന്തൂർ. ലക്ഷക്കണക്കിന് വാർത്തകൾ കണ്ട ആ കണ്ണുകൾ പിന്നെ തുറന്നിട്ടില്ല. മാനവവംശത്തിന്‍റെ സമാനതകളില്ലാത്ത വേദന കണ്ട ആ പത്രപ്രവർത്തകന്‍റെ ഹൃദയം നിലച്ചുപോയി.

ഏതു നിലയ്ക്കും ഗുരുവാണദ്ദേഹം. പത്താം ക്ലാസ് കാലത്ത് കുന്ദമംഗലം ജയ ട്യൂട്ടോറിയലിൽ രസികൻ കഥകളിലൂടെ ആശയങ്ങൾ മനസ്സിലുറപ്പിച്ചു തന്ന മാഷാണ്. അങ്ങനെ അസ്സയിൻ മാഷായും അറിയപ്പെട്ടു. ചോരത്തിളപ്പുള്ള യൗവനത്തിൽ തന്ത്രശാലിയായ ഫുട്ബാൾ കളിക്കാരനാണ്. കുടുംബവീടിന്‍റെ ഒരു പറമ്പിൽ നെറ്റ് കെട്ടി വോളിബാൾ കളിക്കാരെ സൃഷ്ടിച്ചവനാണ്. ഞാനടക്കമുള്ള അന്നത്തെ കുട്ടികൾ അതുകണ്ട് അറിയാതെ വളർന്നുപോയി. കൊടുവള്ളി കൊയപ്പ ഫുട്ബാൾ ട്രോഫി ഒരേയൊരു തവണ കാരന്തൂർ ടീം നേടിയത് ആ ശക്തിയുടെ പിൻബലം കൊണ്ടാണ്.

കുടുംബവീടിന്‍റെ മുറ്റത്തു നിറയെ ആൾക്കാരെക്കാണാം. നാട്ടിലെ നിസ്വജനം മാഷുടെ അടുത്തെത്തുന്നത് എന്തിനാണ്? ശ്രദ്ധിച്ചു നോക്കി. അവർക്കുള്ള ആനുകൂല്യങ്ങൾ വാങ്ങിക്കൊടുക്കുന്ന തിരക്കിലാണ്. അപേക്ഷകൾ തയ്യാറാക്കൽ, എങ്ങനെ, ഏത് ഓഫീസിൽ, എന്തുചെയ്യണമെന്ന് ഉപദേശിക്കൽ, ആരെയൊക്കെ കണ്ട് എങ്ങനെ ആനുകൂല്യങ്ങളും സഹായങ്ങളും പാസാക്കിയെടുക്കാമെന്ന ചിന്തകൾ...

കോളജ് അഡ്മിഷനുള്ള അപേക്ഷകൾ അസ്സയിൻക്ക പൂരിപ്പിച്ചാലേ കാരന്തൂർക്കാർക്ക് തൃപ്തിയാവൂ. റേഷൻ കാർഡ്, കറന്‍റ് കണക്ഷൻ... അസ്സയിൻക്ക വേണം അപേക്ഷ തയ്യാറാക്കാൻ. അക്കാര്യങ്ങളിൽ അതിവിദഗ്ധൻ. അക്കാലം അത്തരം സേവനങ്ങൾക്ക് അദ്ദേഹം നീക്കിവച്ചു. ഞങ്ങളതൊന്നും മറക്കില്ല. ചിലപ്പോഴൊക്കെ പറയും, താൻ ഇവിടെ ഇല്ല എന്നു വന്നവരോടു പറയാൻ. വിശ്രമത്തിനാണ്. അന്നാ വീട്ടിലുള്ള പത്തായത്തിനു പിന്നിലോ മറ്റെവിടെയെങ്കിലുമോ അയാൾ ഒളിച്ചിരിക്കും. വന്നവർ വീടു മുഴുവൻ പരതും. ആ വീട്ടിൽ ആർക്കും സ്വതന്ത്രമായി പ്രവേശിക്കാമല്ലോ...

സഹോദരങ്ങളൊക്കെ പ്രതിഭകൾ. ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവർ. ഞങ്ങളുടെ നാട്ടിലെ നാനാജാതിമതസ്ഥർ വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യം ഉൾക്കൊണ്ടത് ആ വീട്ടിൽ നിന്നായിരിക്കും. എൻജിനീയർമാർ, പ്രഫസർ, ശാസ്ത്രജ്ഞൻ, ഡോക്ടർമാർ, പത്രപ്രവർത്തകർ.... എല്ലാരും അവിടെയുണ്ട്. അതെന്തൊരു കുടുംബമാണ്!

എവിടെയെങ്കിലും എത്തിപ്പെടണം എന്ന മോഹം തന്നത് ആ വീടാണ്.

എത്രപേർ അങ്ങനെ ഉന്നതങ്ങളിൽ എത്തിയെന്ന് തിട്ടപ്പെടുത്താനാവില്ല. മാർഗനിർദേശത്തിന്‍റെ കൊട്ടാര വാതിൽക്കൽ രാജകുമാരനായി അസ്സയിൻക്ക നിന്നു. അയാൾക്കറിയാത്ത മേഖലകളില്ല. പൊതുവിജ്ഞാനത്തിന്‍റെ പ്രത്യക്ഷ രൂപം. വ്യക്തിത്വ വികാസത്തിന്‍റെ, പ്രത്യുൽപ്പന്നമതിത്വത്തിന്‍റെ തനിസ്വരൂപം. അദ്ദേഹത്തെ പിന്നെ കാണുന്നത് കൃഷിവകുപ്പിൽ ജീവനക്കാരനായാണ്. അപ്പോഴും ഞങ്ങൾ കുട്ടികൾ ആ വീട്ടുമുറ്റത്തും പറമ്പിലും തുമ്പികളെ തോൽപ്പിക്കുന്നുണ്ടായിരുന്നു.

1987ലാണ് 'മാധ്യമം' പത്രം തുടങ്ങുന്നത്. ഞാനന്ന് ബിരുദ വിദ്യാർഥി. വൈക്കം മുഹമ്മദ് ബഷീറാണ് ഉദ്ഘാടകൻ. പി. കെ. ബാലകൃഷ്ണൻ എഡിറ്റർ. ഇവരെയൊക്കെ ഒന്ന് കണ്ടുകളയാം എന്നു കരുതി ചടങ്ങിനു പോയി. അപ്പോഴുണ്ട് കൃഷി ഓഫീസർ പത്രത്തിന്‍റെ ആളായി അവിടെ ഓടിനടക്കുന്നു. അദ്ദേഹം സർക്കാർ ജോലി രാജിവെച്ച് മാധ്യമം പത്രത്തിലെത്തിയെന്ന ഭീകരസത്യം അന്നേരമറിഞ്ഞു. എത്ര മണ്ടൻ തീരുമാനമാണിതെന്ന് ചോദിച്ചു. സ്വതസ്സിദ്ധമായ പുഞ്ചിരിമാത്രം തന്നു. ഇഷ്ടമേഖല തിരഞ്ഞെടുക്കുന്നതിന്‍റെ വില അന്നാണറിഞ്ഞത്. പത്രത്തിനു പിന്നിലുള്ള പ്രസ്ഥാനവുമായി മൂപ്പർക്ക് ബന്ധമൊന്നുമില്ലെങ്കിലും അന്നുമുതൽ ആ ജീവിതം ആ പത്രത്തിനായി നീക്കിവെക്കപ്പെട്ടു.

ഒരൊറ്റ ലീവ് പോലും ആസ്വദിക്കാത്ത ഒരാളെ നമുക്ക് സങ്കൽപ്പിക്കാനാവുമോ? എന്നാൽ വസ്തുത അതാണ്. അസ്സയിൻക്ക ലീവെടുക്കാറില്ല. കുടുംബത്തേക്കാൾ പത്രപ്രവർത്തനത്തെ കാമിച്ച യോഗി എന്നയാൾ അറിയപ്പെടും.... അറിയപ്പെട്ടു. സഹധർമിണി ശരീഫത്ത സഹിച്ച സഹനമാണ് യഥാർഥ സഹകരണം.

ആയിടെ അദ്ദേഹത്തിന്‍റെ ഏറ്റവും ഇളയ സഹോദരൻ ഹബീബിന്‍റെ കല്യാണം. മൂന്നു നാലു ദിവസമായി ചെറുപ്പത്തിന്‍റെ തുടിപ്പോടെ ഞങ്ങളതിന്‍റെ ഒരുക്കങ്ങളുമായവിടെയുണ്ട്. ആ ഒരുക്കങ്ങളിൽ ഇടയ്ക്കിടെ മൂപ്പരെ കാണാം. ചിലപ്പോൾ അപ്രത്യക്ഷനാവും. ആ വീട്ടുമുറ്റത്ത് എന്നെപ്പോലെ കളിച്ചു വളർന്ന രാരൻകണ്ടി വിജയനോടും ശിവദാസനോടും ഞാൻ പറഞ്ഞു: ''അസ്സയിൻക്കയെ ഒന്ന് ശ്രദ്ധിക്കണം. ഒത്തുകിട്ടിയാൽ മുങ്ങും. പിന്നെ 'മാധ്യമ'ത്തിൽ പൊങ്ങും.''

ഒടുവിൽ ഞങ്ങളറിഞ്ഞു, അനുജന്‍റെ കല്യാണദിനത്തിലും അയാൾ ഒളിച്ചു പോയിരിക്കുന്നു. പ്രിയപ്പെട്ട അനുജന്‍റെ കല്യാണത്തിരക്കിനിടയിൽ ജ്യേഷ്ഠൻ തടിതപ്പിയിരിക്കുന്നു! ഞങ്ങൾക്ക് സംശയമില്ലായിരുന്നു. 'മാധ്യമ'ത്തിൽ കാണും. ഊഹം തെറ്റിയില്ല. വിജയൻ ആരുടെയോ ഒരു സ്കൂട്ടറെടുത്ത് വെള്ളിമാടുകുന്ന് 'മാധ്യമം' ഓഫീസിൽ നിന്ന് ആളെ പൊക്കിക്കൊണ്ടുവന്നു. ''ഇവിടെ നിങ്ങളൊക്കെ എത്ര പേരാ ഉള്ളത്. പിന്നെന്തിനാ ഞാനും കൂടി...'' നിർവികാര വിശദീകരണവും. പത്രപ്രവർത്തനത്തെ ഇത്രയേറെ പ്രണയിച്ച മറ്റാരുണ്ട്?

പത്രത്തിന്‍റെ വാഹനത്തിൽ രാത്രി മൂന്നുമണിക്കാണ് ഒരുനാൾ അദ്ദേഹം വീട്ടിലേക്കു തിരിച്ചത്. വീടിനടുത്തു വണ്ടി നിർത്തുന്നതിനിടെ കണ്ടു, രക്തത്തിൽ കുളിച്ച ഒരു കുടുംബത്തെ. ഉടൻ പത്രത്തിന്‍റെ വാഹനത്തിൽ അവരെ കയറ്റി.

കുടുംബം സഞ്ചരിച്ച വാഹനം വഴിയോരത്തെ മാവിൽ ഇടിക്കുകയായിരുന്നു. എങ്ങനെയോ പുറത്തുവന്ന അവർ എത്രയോ വാഹനങ്ങൾക്ക് കൈനീട്ടി. ആരും നിർത്തിയില്ല. ഫാനിട്ട് ഒന്നുമറിയാതുറങ്ങുന്ന അടുത്ത വീട്ടുകാർ ഉണർന്നതേയില്ല. അസ്സയിൻക്ക അവരെ മെഡിക്കൽ കോളജ് അത്യാഹിതവിഭാഗത്തിൽ എത്തിച്ചു. ബന്ധപ്പെട്ടവരെ വിവരമറിയിച്ചു. അവർ എത്തിയ ശേഷമാണ് വീടു പൂകിയത്. രാവിലെ വീണ്ടും പത്രത്തിൻ ഓഫീസിലേക്ക്.....

അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കൾ രാവിലെ കാർ കാണാൻ സംഭവസ്ഥലത്തെത്തി. കാറിലെ സ്റ്റീരിയോ സെറ്റ്, പിടിച്ചുപറിക്കാൻ പറ്റിയ മറ്റു വസ്തുക്കൾ, കുഞ്ഞുങ്ങൾ കഴിച്ച ബിസ്കറ്റിന്‍റെ ബാക്കി..... എല്ലാം ആരോ കൊണ്ടു പോയിരിക്കുന്നു. രക്ഷിച്ചില്ലെങ്കിലെന്ത്? ഈ ഞെട്ടലുണ്ടാക്കുന്ന വിവരം അസ്സയിൻക്കയോടു പറഞ്ഞത് ഓർമയുണ്ട്. ''ഏതോ അത്താഴപ്പട്ടിണിക്കാരായിരിക്കും'' - അദ്ദേഹം പറഞ്ഞ മറുപടിയും മറക്കില്ല.

മറ്റുള്ളവർ ഉയരണമെന്നാഗ്രഹിക്കുന്ന എത്രപേരുണ്ടാവും നമുക്കിടയിൽ? കണ്ടെന്നുവരില്ല. എന്നാൽ ഞങ്ങൾക്ക് അങ്ങനെയുള്ളൊരാളെ നന്നായറിയാം; പി. അസ്സയിൻ. പരിചയത്തിലുള്ള ഓരോരുത്തരെ കാണുമ്പോഴും ഒരു ചോദ്യമുണ്ട്:

''പൊലീസ് സേനയിലേക്ക് അപേക്ഷ വിളിച്ചിട്ടുണ്ട്. കൊടുക്കുകയല്ലേ?'' ഹൈസ്കൂൾ മാഷെ കണ്ടാൽ ചോദിക്കും: ''മാഷായി നിന്നാ പോരാ, കോളജ് മാഷാവാൻ ശ്രമിച്ചൂടേ?'' ക്ലാർക്കിനോട്: ''ഡിപാർട്ട്മെന്‍റ് ടെസ്റ്റ് എഴുതിയോ? ഉടൻ എഴുത്. പ്രമോഷൻ കിട്ടാൻ അത് വേണം.'' അഭ്യുദയകാംക്ഷി എന്ന വാക്കിന്‍റെ പര്യായമത്രേ അസ്സയിൻക്ക.

ശമ്പളം കിട്ടിയാൽപ്പിന്നെ ചോദിക്കുന്നവർക്ക് കൊടുത്തു തീർത്താലേ സമാധാനമാവൂ. കടം വാങ്ങിയവർ ഏറെപ്പേരുണ്ടാവും. തിരിച്ചു കൊടുത്തവർ കുറച്ചേ കാണൂ. മൂപ്പർക്ക് അത് തിരിച്ചു ചോദിക്കാനറിയില്ല. അല്ലെങ്കിൽ ബോധപൂർവം ചോദിക്കാതിരിക്കുകയാണ്. എന്നിട്ടോ, സ്വന്തം ഇല്ലായ്മകൾ ആരെയും അറിയിക്കുകയുമില്ല.

സഹജീവികളെ ഇങ്ങനെയൊക്കെ സ്നേഹിക്കാൻ ആർക്കാണ് കഴിയുക? ഇങ്ങനെയൊരാളെ ഇങ്ങനെയൊക്കെ കൊണ്ടുപൊയ്ക്കളഞ്ഞതെന്തിനാണ്? അവിടത്തെ പത്രത്തിലേക്ക് സ്വയം സമർപ്പിതനായൊരാളെ വേണമായിരിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.