അസ്സയിൻ കാരന്തൂർ

അറ്റുപോകാത്ത ബന്ധത്തിലെ പൊൻ നൂലായിരുന്നു അസൈനിക്ക...

കഴിഞ്ഞ ദിവസം അന്തരിച്ച 'മാധ്യമം' മുൻ ഡെപ്യൂട്ടി എഡിറ്റർ അസ്സയിൻ കാരന്തൂരിനെ കുറിച്ചുള്ള അനുസ്മരണം

ഈ ഭൂമുഖത്ത് ഞാൻ പരിചയപ്പെട്ടിട്ടുള്ള ഏറ്റവും നിഷ്ക്കളങ്കനായ മനുഷ്യനായിരുന്നു അസൈനിക്ക എന്ന അസൈൻ കാരന്തൂർ... മുപ്പതു വർഷങ്ങൾക്കപ്പുറം,പൊറ്റെക്കാട്ടിന്റെ നാട്ടിൽ മുറിഞ്ഞുപോയ സ്നേഹസാന്ദ്രമായ ഒരു മാധ്യമ ബന്ധത്തെ ഇക്കാലമത്രയും വിളക്കിച്ചേർത്തു കൊണ്ടിരുന്ന പുണ്യാത്മാവ്...😢

എണ്പതുകളുടെ ഉത്തരാർധത്തിലെ 'മാധ്യമം' ദിനപത്രം അസൈനിക്ക എന്ന പേരിനോട് ചേർത്തല്ലാതെ വായിക്കാനാകുമായിരുന്നില്ല! ഡെസ്ക് ചീഫ് എന്നത് അദ്ദേഹത്തിന്റെ കേവലമായ ഒരു ഔദ്യോഗിക പദവി മാത്രമായിരുന്നു. പത്രത്തിന്റെ എഡിറ്റോറിയൽ സംബന്ധമായ എല്ലാ ജോലികൾക്കും ചുക്കാൻ പിടിച്ചിരുന്നത് വെളുത്തുമെലിഞ്ഞ ഊർജ്ജസ്വലനായ ആ മനുഷ്യനായിരുന്നു. 'ഊണും ഉറക്കവും' അക്ഷരാർഥത്തിൽ താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലാക്കിയ ഒരു വർക്കഹോളിക്. തൊഴിലിടത്തെ ഇത്രത്തോളം ആത്മാർഥമായി സ്നേഹിച്ച ഇതുപോലൊരു ജീവനക്കാരൻ കേട്ടുകേഴ് വിയിൽ മാത്രം. തന്റെ കീഴ്ജീവനക്കാരോട് കൂടപ്പിറപ്പുകളെപ്പോലെ പെരുമാറുന്ന ഇതുപോലൊരു മേലുദ്യോഗസ്ഥനും അപൂർവ്വം!😊

അന്നു കോഴിക്കോട്ടും തിരുവനന്തപുരത്തും മാത്രമേ പത്രമുണ്ടായിരുന്നുള്ളൂ. പി.കെ ബാലകൃഷ്ണൻ ചീഫ് എഡിറ്ററായും ഒ. അബ്ദുല്ല, ഒ. അബ്ദുറഹ്മാൻ സഹോദരന്മാർ എഡിറ്റർമാരായും പത്രം പിച്ചവെച്ചു തുടങ്ങിയ കാലം. ഒരു കൂട്ടു കുടുംബത്തിലെ പാരസ്പര്യവും സാഹോദര്യവുമായിരുന്നു ജീവനക്കാർ എല്ലാവരും തമ്മിൽ... വലിപ്പ ചെറുപ്പങ്ങളില്ലാത്ത ആ കുടുംബാന്തരീക്ഷത്തിൽ, എല്ലാപേരുടെയും ജ്യേഷ്ഠസഹോദരനായ ഒരു കാരണവരായി അസൈനിക്ക വിളങ്ങി!

താൻ നേതൃത്വം നൽകുന്ന യുവ പത്രപ്രവർത്തകനിരയിലെ ഓരോ വ്യക്തിയുടെയും കഴിവുകളും പരിമിതികളും മനസിലാക്കി, അവരിൽ നിന്ന് മികച്ച ഔട്ട്പുട്ട് സൃഷ്ടിച്ചെടുക്കുന്നതിലായിരുന്നു ആ സാരഥിയുടെ വൈദഗ്ധ്യം. ഒരിക്കൽപ്പോലും മുഷിഞ്ഞൊരു വാക്ക് ആ നാവിൽ നിന്ന്‌ പുറത്തുവരികയില്ല... അസൈനിക്ക പറഞ്ഞാൽ ഏതവസ്ഥയിലും നാം എന്തും എഴുതും! 

ഒരു ദിവസം പോലും മുടങ്ങാതെ കൃത്യം പതിനൊന്നു മണിക്കുതന്നെ ഓഫീസിലെത്തുന്ന അസൈനിക്ക വീട്ടിലേക്കു മടങ്ങുന്നത് പുലർച്ചെ ലാസ്റ്റ് എഡിഷൻ ഇറങ്ങിയ ശേഷം മാത്രം. ഒരു ദിവസം പോലും മുടങ്ങാതെ ഈ ചിട്ട എങ്ങിനെ നിറവേറ്റുന്നുവെന്നത് ഞങ്ങളെവരേയും അത്ഭുതപ്പെടുത്തി...

തൊണ്ണൂറുകളാദ്യം കോഴിക്കോട്ടെ പത്രപ്രവർത്തന ജീവിതം അപ്രതീക്ഷിതമായി അവസാനിപ്പിച്ചു ഞാൻ നാട്ടിലേക്കു മടങ്ങുമ്പോൾ, എന്നിലെ ഉത്തരകൗമാരക്കാരന്‍റെ ഹൃദയത്തിലെ വേർപെടലിന്റെ മുറിപ്പാടുകൾ ഉണക്കുവാൻ അസൈനിക്കയുടെ സ്നേഹവചസുകൾ ഏറെ സഹായിച്ചു.

'കോഴിക്കോടിനൊന്നും വരലില്ലേ? ഒരു ദിവസം പോര്. ഒന്നു കാണാല്ലോ', അവസാനമായി അദ്ദേഹം എന്നോടു പറഞ്ഞ വാക്കുകൾ ഇപ്പോൾ ഉള്ളിൽ ഒരു വിങ്ങലായി നിറയുന്നു...

പോയ്പ്പോയ വർഷങ്ങളത്രയും എന്റെ ആദ്യ മാധ്യമക്കളരിയുമായുള്ള അറ്റുപോകാത്ത ബന്ധത്തിലെ പൊൻ നൂലായിരുന്നു അസൈനിക്ക...

സ്നേഹനിധിയായ ആ അപൂർവ സഹോദരന്റെ വാത്സല്യം അനുഭവിക്കുവാൻ ഈനമ്പ ജീവിതത്തിൽ അവസരംനല്കിയ ദൈവത്തിന് ഞാൻ നന്ദി പറയുന്നു...

എന്റെ ആ പ്രിയ ജ്യേഷ്ഠന്റെ ഓർമ്മയ്ക്ക് മുന്നിൽ ഈ കുഞ്ഞനുജന്റെ അശ്രുപ്രണാമങ്ങൾ...

Tags:    
News Summary - Remembrance of Assain Karanthur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.