ഞായറാഴ്ച രാവിലെ സലീഷ് വെട്ടിയാട്ടില്‍ സംവിധാനം നിര്‍വ്വഹിച്ച ‘ലോക് ഡൗണായ ഓണം’ ഹ്രസ്വചിത്രം ചാലക്കുടി രാമന്‍ സ്മാരക കലാഗ്രഹത്തില്‍ പ്രകാശനം  ചെയ്​തപ്പോൾ

സലീഷ് വിടപറഞ്ഞത് 'ലോക് ഡൗണായ ഓണം' കാണാനാകാതെ...

അങ്കമാലി: താന്‍ സംവിധാനം ചെയ്ത ഹ്രസ്വചിത്രം ഉത്രാടനാളില്‍ സംപ്രേഷണം ചെയ്യണമെന്ന അതിയായ മോഹമായിരുന്നു സലീഷിന്. അതിന് വിശ്രമമില്ലാതെയാണ് പ്രവര്‍ത്തിച്ചതെങ്കിലും സംപ്രേഷണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് സലീഷ് ജീവിതത്തില്‍ നിന്ന് യാത്രയായി.

മാസങ്ങളോളം പ്രയത്​നിച്ച് സലീഷ് വെട്ടിയാട്ടില്‍ സംവിധാനം നിര്‍വ്വഹിച്ച 'ലോക് ഡൗണായ ഓണം' ഞായറാഴ്ച വൈകിട്ട് ഏഴിന് യൂട്യൂബില്‍ സംപ്രേഷണം ചെയ്തപ്പോള്‍ കാണാനില്ലാതിരുന്നതും സലീഷ് മാത്രം. ഞായറാഴ്ച ഉച്ചക്ക് അങ്കമാലി റെയില്‍വെ മേല്‍പ്പാലത്തില്‍ അപകടത്തില്‍ മരിച്ച നടനും സംവിധായകനുമായ സലീഷിന് സിനിമ കലാ രംഗം ഹരമായിരുന്നു.

പെന്‍റ മേനകയില്‍ മൊബൈല്‍ കട നടത്തി വരികയായിരുന്നു സലീഷ്​. സിനിമയില്‍ അഭിനയിക്കണമെന്നത് ചെറുപ്പം മുതലുള്ള മോഹമായിരുന്നു. മൊബൈല്‍ കട ആരംഭിച്ചതോടെ സിനിമ പ്രവര്‍ത്തകരുമായി ബന്ധപ്പെടാന്‍ അവസരമൊരുങ്ങി.

അതോടെ സിനിമയില്‍ അഭിനയിക്കാന്‍ അവസരം തേടി 20ാമത്തെ വയസുമുതല്‍ സംവിധായകരെയും മറ്റ് പ്രവര്‍ത്തകരെയും കാണാന്‍ ഓടി നടക്കുകയായിരുന്നു. അതിന് എത്ര പണം വേണമെങ്കിലും ചെലവഴിക്കാന്‍ സലീഷിന് മടിയില്ലായിരുന്നു.

ഇതിനകം 15ഓളം സിനിമകളില്‍ ചെറിയ വേഷമിട്ടിട്ടുണ്ട്. അനില്‍ പനച്ചൂരാന്‍ തിരക്കഥയെഴുതിയ 'ഏറ്' അടക്കമുള്ള ഏതാനും സിനിമകള്‍ സംവിധാനവും ചെയ്തു. തിരക്കഥകളും എഴുതിയിട്ടുണ്ട്. മനസില്‍ രഹസ്യമായി സൂക്ഷിച്ച തിരക്കഥ എഴുതാനുള്ള തയ്യാറെടുപ്പും നടത്തിവരുന്നതിനിടെയായിരുന്നു സലീഷിന്‍െറ അന്ത്യം.

അല്‍ അമന്‍ മൂവിസും അമ്മാ സിമൻറ്​സും അണിയിച്ചൊരുക്കുന്ന 'ലോക് ഡൗണായ ഓണം' ഹ്രസ്വചിത്രമാണ്​ സലീഷ്​ സംവിധാനം ചെയ്​തത്​. അത് ഉത്രാട നാളില്‍ റിലീസ് ചെയ്ത് തിരുവോണ നാളില്‍ ജനം കാണണമെന്ന് അതിയായ മോഹമായിരുന്നു.

എന്നാല്‍ ഇടവേള ബാബുവിന്‍െറ അമ്മയുടെ മരണവും കോവിഡ് പശ്ചാതലത്തില്‍ താരങ്ങള്‍ അഭിനയിക്കാന്‍ മടിക്കുകയും ചെയ്തു. എന്നിട്ടും എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് സിനിമയുടെ നിലവാരത്തിലുള്ള ഹ്രസ്വചിത്രം നിശ്ചയിച്ച ദിവസം തന്നെ റിലീസ് ചെയ്യാന്‍ വിശ്രമമില്ലാതെ ഓടുകയായിരുന്നു സലീഷ്.

സലീഷിന്‍െറ മോഹം പോലെ ഞായറാഴ്ച രാവിലെ ചാലക്കുടിയിലെ രാമന്‍ സ്മാരക കലാഗ്രഹത്തില്‍ ഹ്രസ്വചിത്രം പ്രകാശനം ചെയ്തു. ഞായറാഴ്ച രാത്രി ഏഴിന് യൂട്യൂബില്‍ സംപ്രേഷണം ചെയ്യാനുള്ള നടപടിയും പൂര്‍ത്തിയാക്കി. എന്നാല്‍ ഉച്ചക്കുണ്ടായ വാഹനാപകടത്തില്‍ സലീഷ് വിടപറഞ്ഞതോടെ ഹ്രസ്വചിത്രം കാണാനുള്ള അതിമോഹവും ബാക്കി വെച്ചായിരുന്നു ആ സിനിമ പ്രവര്‍ത്തകന്‍ വിടപറഞ്ഞത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.