ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ   ©️Shafi Cameo

ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ: ഉലയാതെ നയിച്ച കപ്പിത്താൻ

യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാന്റെ വേർപാട് ആ രാജ്യത്തിന്റെയോ അറബ് ലോകത്തിന്റെയോ മാത്രം നഷ്ടമല്ല, മറിച്ച്, ഏഴു ഭൂഖണ്ഡങ്ങളിലുമുള്ള നിരവധി രാജ്യങ്ങളിലെ ആയിരക്കണക്കിന് മനുഷ്യരെയാണ് ദുഃഖത്തിലാഴ്ത്തുന്നത്. ഇത്രയേറെ രാജ്യങ്ങളിൽനിന്നുള്ള ജനങ്ങൾ തൊഴിലിനും വ്യവസായത്തിനും നൈപുണ്യ പരിശീലനത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി ബന്ധപ്പെടുന്ന മറ്റൊരു ദേശം യു.എ.ഇ പോലെ ലോകത്തുണ്ടോ എന്ന് സംശയമാണ്.

ഇരുനൂറോളം രാജ്യങ്ങളിലെ ജനങ്ങളെ താമസത്തിനും ജോലിക്കും സഞ്ചാരത്തിനുമായി ക്ഷണിക്കുക മാത്രമല്ല, അവർക്കിടയിൽ ഒരു വിവേചനവുമുണ്ടാവുന്നില്ലെന്ന് നിയമം മൂലം ഉറപ്പുവരുത്തിയ, സന്തോഷം ഓരോ മനുഷ്യരുടെയും മൗലികാവകാശമാക്കി മാറ്റിയ രാജ്യമാണിത്. ഇതിനെല്ലാം നേതൃത്വം നൽകി, വരും തലമുറകൾക്കായി ചിന്തിച്ച, സഹിഷ്ണുതയുടെ പാഠങ്ങൾ പകർന്ന രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്റെ പാരമ്പര്യങ്ങളുടെ ഇടർച്ചയില്ലാത്ത തുടർച്ചക്കാരനായി ശൈഖ് ഖലീഫ.

ശൈഖ് സായിദ് അസ്തിവാരമിട്ട രാഷ്ട്രത്തിന്റെ മുകളിലേക്കുള്ള വളർച്ചക്ക് തീർച്ചയായും അതിന് ഉതകുന്ന മികവുള്ള നായകൻ ആവശ്യമായിരുന്നു. ശൈഖ് സായിദിന്റെ വിയോഗ ശേഷം രാജ്യത്തെ നയിച്ച ഖലീഫ ലോകം ഏറ്റവും രൂക്ഷമായ സാമ്പത്തിക- ആരോഗ്യ കെടുതികളെ അഭിമുഖീകരിച്ച കാലഘട്ടങ്ങളിൽ യു.എ.ഇയുടെ കൊടി ആകാശത്തോളമുയരത്തിൽ പറക്കുന്നതിന് നേതൃപരമായ നിർണായക പങ്കുവഹിച്ചാണ് ചരിത്രത്തിലേക്ക് മടങ്ങുന്നത്.

ആഗോള സാമ്പത്തിക തകർച്ചയുടെ ആഘാതത്തിൽ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും മൂന്നാം ലോക രാജ്യങ്ങളുമെല്ലാം ഒരുപോലെ ആടിയുലഞ്ഞ ഘട്ടത്തിൽ യു.എ.ഇയെ കാലത്തിന്റെ ഗതി മനസ്സിലാക്കി നയിക്കാൻ പ്രാപ്തനായിരുന്നു ഈ ക്യാപ്റ്റൻ. ശൈഖ് സായിദും ശൈഖ് റാഷിദും ചേർന്ന് രാജ്യത്തിന് പകർന്ന ഇഴയടുപ്പം കൂടുതൽ സുദൃഢമാക്കപ്പെട്ട കാലഘട്ടമാണിത്. ശൈഖ് ഖലീഫയും ശൈഖ് മുഹമ്മദുമാരും ചേർന്ന് ഇമാറാത്തി യുവതയെ പുതുലോകത്തിലേക്ക് പറത്തിവിട്ടു.

ബഹിരാകാശ സഞ്ചാരം മാത്രല്ല, ചൊവ്വയിൽ ഒരു നഗരം പോലും യു.എ.ഇയുടെ അജണ്ടയിലെ സുപ്രധാന ഇനമായി മാറി. കേരളം പ്രളയജലത്തിൽ മുങ്ങിത്താഴ്ന്നപ്പോൾ കൈപിടിച്ചുയർത്താനും സ്നേഹപ്പുതപ്പിനാൽ ചേർത്തുപിടിക്കാനും ഇമാറാത്തി ജനതയോട് ആഹ്വാനം ചെയ്തു ഖലീഫ. ലോകം പകച്ചുപോയ കോവിഡ് മഹാമാരിക്കാലത്ത് ഏതു രാജ്യക്കാരായാലും ചികിത്സയും ഭക്ഷണവും ഇവിടെ ഉറപ്പാക്കപ്പെട്ടു

ഏറെ ഐതിഹാസികമായ ഒട്ടേറെ നിയമനിർമാണങ്ങൾക്ക് ശൈഖ് ഖലീഫയുടെ പ്രസിഡൻഷ്യൽ കാലാവധിയിൽ രാജ്യം സാക്ഷ്യം വഹിച്ചു. അന്താരാഷ്ട്ര തലത്തിലും സൈനികമായും സാമ്പത്തികമായും സാംസ്കാരികമായും യു.എ.ഇയെ ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വിസ്മയാവഹമാണ്.

ഇന്ത്യയുമായി നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഹൃദയബന്ധം കൂടുതൽ ശക്തമായി ഇക്കഴിഞ്ഞുപോയ വർഷങ്ങളിൽ. സംരംഭകത്വം ഏറ്റവും സുഗമമാക്കപ്പെട്ടതോടെ ലോകമൊട്ടുക്കുനിന്നുള്ള വ്യവസായ സംഘങ്ങളുടെ ഒഴുക്കുതന്നെയുണ്ടായി. നൈപുണ്യവും വൈദഗ്ധ്യവുമുള്ള പ്രതിഭകൾക്ക് രാജ്യത്ത് സുദീർഘ കാലാവധിയിൽ കഴിയുവാനും പ്രവർത്തിക്കുവാനുമുള്ള വിസകൾ അനുവദിച്ചും ഇന്ത്യയിൽനിന്നുൾപ്പെടെയുള്ള പ്രവാസികൾക്ക് യു.എ.ഇ ദേശീയ ടീമുകളിൽ ഇടം നൽകിയും യു.എ.ഇയെ അക്ഷരാർഥത്തിൽ ഒരു ആഗോളഗ്രാമമാക്കി മാറ്റുന്ന പ്രയത്നങ്ങൾ വിജയകരമായി മുന്നോട്ടു നീങ്ങവെയാണ് ഈ സങ്കടകരമായ വേർപാട്.

വിടപറഞ്ഞുവെങ്കിലും ജീവകാരുണ്യ രംഗത്ത് ഏറ്റവുമധികം സംഭാവനകളർപ്പിക്കുന്ന ലോക രാഷ്ട്രത്തിന്റെ നായകനെ നിലനിൽക്കുന്ന ദാനത്തിന്റെ പ്രതിഫലനമായും ഉൾനാടൻ ഗ്രാമങ്ങളിൽനിന്നുള്ള കുഞ്ഞുങ്ങളുടെ പ്രാർഥനകളാലും ഓർമിക്കപ്പെടും.

ശൈഖ് മുഹമ്മദിന്റെ നായകത്വത്തിൽ സായിദിന്റെ പൈതൃകം ഉയർത്തിപ്പിടിച്ച് യു.എ.ഇ കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കുകതന്നെ ചെയ്യും.

Tags:    
News Summary - Sheikh Khalifa bin Zayed Al Nahyan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.