കീഴാറ്റൂർ (മലപ്പുറം): പൂന്താനം ദിനാഘോഷ വേദിയിൽ പാട്ട് പാടി മുഴുവനാക്കുന്നതിന് മുമ്പ് പാട്ടുജീവിതത്തിൽ നിന്നും സംഗീത വേദികളിൽ നിന്നും ഉമ്മർക്ക വിടവാങ്ങി. സദസ്സ് മുഴുവൻ പാട്ടിൽ ലയിച്ചിരുന്ന നേരത്താണ് കുഴഞ്ഞുവീണ് ഒരു നാടിന്റെ പാട്ടുകാരൻ മൺമറഞ്ഞത്. പെരിന്തൽമണ്ണ ആക്കപ്പറമ്പ് പൂന്താവനത്ത് ദീർഘകാലമായി റേഷൻകട നടത്തുന്ന തൊട്ടിക്കുളത്തിൽ ഉമ്മറാണ് (72) കലാസ്നേഹികളെയും നാടിനെയും ദുഃഖത്തിലാഴ്ത്തി കുഴഞ്ഞുവീണ് ചികിത്സയിലിരിക്കെ മരിച്ചത്.
നാട്ടുകാർക്ക് മുഴുവൻ പ്രിയങ്കരനായ ഉമ്മർക്ക കല്ല്യാണവേദികളിലടക്കം പ്രായം മറന്ന് പഴയകാല പാട്ടുകൾ ലയിച്ചുപാടാറുണ്ട്. ശനിയാഴ്ച കവി പൂന്താനത്തിന്റെ ജന്മദിനാഘോഷ ഭാഗമായി നടന്ന കലാപരിപാടിയിൽ രാത്രി 10 മണിയോടെ പാട്ടുപാടുന്നതിനിടെയാണ് കുഴഞ്ഞുവീണത്. രണ്ടു ദിവസങ്ങളിലായി ഗുരുവായൂർ ദേവസ്വത്തിന്റെയും പൂന്താനം ഇല്ലം ക്ഷേത്രസമിതിയുടെയും ആഭിമുഖ്യത്തിൽ നടന്ന പരിപാടി നിലമ്പൂർ ആയിഷയാണ് ഉദ്ഘാടനം ചെയ്തത്. പൂന്താനം വിഷ്ണു-ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപമുള്ള വയലിലാണ് സ്റ്റേജ് സജ്ജീകരിച്ചിരുന്നത്. നാട്ടിലെ പാട്ടുകൂട്ടമായ ‘വോയ്സ് ഓഫ് പൂന്താനം’ അവതരിപ്പിച്ച ഗാനമേളക്കിടെ പാടാൻ ആഗ്രഹം പ്രകടിപ്പിച്ചെത്തിയ ഉമ്മർക്കക്കും അവസരം നൽകുകയായിരുന്നു.
പതിനാലാം രാവുദിച്ചത് മാനത്തോ കല്ലായികടവത്തോ.... എന്നു തുടങ്ങുന്ന പാട്ട് പാതിയിലെത്തിയതോടെ ഉമ്മർക്ക കുഴഞ്ഞുവീഴുകയായിരുന്നു. ഇതോടെ, തുടർന്നു നടക്കാനിരുന്ന കലാപരിപാടികൾ സംഘാടകർ നിർത്തിവെച്ചു. നാട്ടുകാർ ഉടനെ പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലായിരുന്ന ഉമ്മർക്ക ഞായറാഴ്ച രാത്രിയാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് പൂന്താവനം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ഭാര്യ: നൂർജഹാൻ. മക്കൾ: സമീല, സമീന, ഷമീമ, സെമിയ്യ. സഹോദരങ്ങൾ: അബ്ദുൽഖാദർ, മുഹമ്മദാലി, പരേതരായ മുഹമ്മദ്, അബൂബക്കർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.