അധ്യാപകരെ അവകാശ ബോധമുള്ളവരാക്കിയ നേതാവ്

മഞ്ചേരി: പ്രഗൽഭനായ അധ്യാപകൻ, അധ്യാപക നേതാവ്, കേൾവിക്കാരെ മണിക്കൂറുകളോളം പിടിച്ചിരുത്തുന്ന ഉജ്ജ്വ പ്രഭാഷകൻ, മികച്ച ഭരണാധികാരി തുടങ്ങി വിശേഷണങ്ങളേറെയാണ് ടി. ശിവദാസ മേനോന്. കെമിസ്ട്രി അധ്യാപകനായി ജീവിതം തുടങ്ങിയ ശിവദാസ മേനോൻ അധ്യാപകരിലെ രാഷ്ട്രീയക്കാരനും രാഷ്ട്രീയക്കാരിലെ അധ്യാപകനുമായാണ് അറിയപ്പെട്ടിരുന്നത്.

അധ്യാപകർക്ക് വേണ്ടി ശബ്ദിച്ച് അവരുടെ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയായിരുന്നു രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. പാലക്കാടൻ പോരാട്ടവീര്യം എന്നും കാത്തുസൂക്ഷിച്ചു. അസംഘടിത അധ്യാപകരെ അവകാശബോധമുള്ളവരാക്കി സംഘടനക്കൊപ്പം ചേർത്തു. തൃശൂർ മുല്ലേരി സ്കൂളിലെ 24 അധ്യാപകരെ പിരിച്ചുവിട്ട നടപടിക്കെതിരെ അദ്ദേഹം പ്രതിഷേധിച്ചു. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയുമായി സംസാരിച്ച് ഒരു ദിവസത്തിനകം തന്നെ അവരെ തിരിച്ചെടുക്കാൻ സർക്കാർ ഉത്തരവിട്ടത് ശിവദാസ മേനോന്‍റെ ഇടപെടലുകളിലൂടെയായിരുന്നു.

പ്രൈവറ്റ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (പി.എസ്.ടി.എ) എന്ന ഇടതനുകൂല സംഘടനയിലൂടെയാണ് കർമനിരതനായത്. പ്രഫ. ജോസഫ് മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കെതിരെ അധ്യാപകരെ സംഘടിപ്പിച്ച് നിരന്തര സമരമുഖങ്ങൾ തുറന്നു. എയ്ഡഡ് മാനേജ്മെൻറുകൾക്ക് തലവേദന സൃഷ്ടിച്ച് പലയിടത്തും സമര പരമ്പരകൾ അരങ്ങേറി. കമ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിൽ രൂപംകൊണ്ട കെ.പി.ടി.എഫിനും പിന്നീട് രൂപംകൊണ്ട കെ.പി.ടി.യുവിലും അദ്ദേഹം നേതൃസ്ഥാനങ്ങൾ വഹിച്ചു. യൂനിയനുകളുടെ സംസ്ഥാന നേതൃനിരയിലേക്ക് അതിവേഗം ഉയർന്നു. പ്രമുഖ കമ്യൂണിസ്റ്റ് നേതാക്കളുമായുള്ള ബന്ധം ദൃഢമാകുന്നത് ഇക്കാലയളവിലാണ്. കെ.പി.ടി.യു നേതൃത്വത്തിൽ 1971ൽ അധ്യാപകരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതിനെതിരെ 60 ദിവസം നീണ്ടുനിന്ന സമര പരമ്പര അരങ്ങേറിയപ്പോൾ നേതൃനിരയിൽ ടി. ശിവദാസമേനോനുണ്ടായിരുന്നു. കേരള ചരിത്രത്തിൽ സർക്കാറിനെതിരെ നടന്ന ദീർഘമായ സമരങ്ങളിലൊന്നായിരുന്നു ഇത്.

പെരിന്തൽമണ്ണ താലൂക്ക് കൗൺസിൽ അംഗമായിരിക്കെ വള്ളുവനാട്ടിൽ പാർട്ടി വളർത്താൻ പാർട്ടി നിയോഗിച്ചത് ശിവദാസമേനോനെയായിരുന്നു. സമ്പന്ന കുടുംബത്തിൽ പിറന്ന അദ്ദേഹത്തെ പഠിപ്പിച്ച് വലിയ പദവിയിലെത്തിക്കാനായിരുന്നു പിതാവ് ശ്രമിച്ചത്.

എന്നാൽ, വള്ളുവനാട്ടിലാകെ അലയടിച്ച പുരോഗമന ചിന്തയിലും കമ്യൂണിസ്റ്റ് ആശയങ്ങളിലും ആകൃഷ്ടനായ ശിവദാസമേനോൻ ജന്മിത്തത്തിനെതിരായ പോരാട്ടത്തിൽ കണ്ണിയായി. 1961ൽ മണ്ണാർക്കാട് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്വന്തം അമ്മാവനെതിരെ കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥിയായി തെരഞ്ഞെടുപ്പ് രംഗത്തെത്തി. വാശിയേറിയ മത്സരത്തിൽ ശിവദാസ മേനോൻ വിജയിച്ചു. 1987ലാണ് ആദ്യമായി മലമ്പുഴ മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.  

Tags:    
News Summary - Sivadasamonon: Making teachers rights conscious Leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.