കണ്ണൂർ: അരനൂറ്റാണ്ടിലേറെ നീണ്ട പൊതുപ്രവർത്തനത്തിൽ ഏറ്റവും വിലപ്പെട്ടതായി മുസ്ലിം ലീഗ് നേതാവ് വി.കെ അബ്ദുൽ ഖാദർ മൗലവി മനസ്സിൽ സൂക്ഷിച്ചത് കണ്ണൂർ കലക്ടറേറ്റ് മൈതാനത്തെ ആ സായാഹ്നമാണ്. പൗരത്വനിയമ ഭേദഗതിക്കെതിരായ ആയിരങ്ങൾ തിങ്ങിനിറഞ്ഞ മഹാറാലി. മുഖ്യപ്രഭാഷണം നിർവഹിക്കുകയാണ് സ്വാമി അഗ്നിവേശ്. പ്രസംഗം ഒന്നുനിർത്തിയ സ്വാമി വേദിയിൽ മുൻനിരയിലിരിക്കുകയായിരുന്ന മൗലവിയെ അടുത്തേക്ക് വിളിച്ചു. തെൻറ കാഷായ തലപ്പാവ് അഴിച്ചു മൗലവിയുടെ തലയിൽ ചാർത്തി. മൗലവിയുടെ വെള്ളത്തൊപ്പി സ്വാമി ധരിക്കുകയും ചെയ്തു. തൊപ്പിയിട്ട സ്വാമിയും കാവി തലപ്പാവണിഞ്ഞ മൗലവിയും ചേർന്നുനിന്നു.
പൗരത്വ പ്രക്ഷോഭകരെ വസ്ത്രം നോക്കി തിരിച്ചറിയാമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തോടുള്ള സ്വാമിയുടെ സർഗാത്മക പ്രതികരണമായിരുന്നു അത്. സ്വാമി അഗ്നിവേശ് കഴിഞ്ഞ വർഷം സെപ്റ്റംബർ 11ന് വിടവാങ്ങി. സ്വാമിയുടെ മരണവാർത്ത അറിഞ്ഞപ്പോൾ ജീവിതത്തിൽ വിലപ്പെട്ട അനുഭവം സമ്മാനിച്ച അഗ്നിവേശുമായി വീണ്ടും കാണാനും സംസാരിക്കാനും കഴിയാതെ പോയതിെൻറ ദുഖമാണ് മൗലവി പങ്കുവെച്ചത്. മൗലവി ഇന്ന് വിടപറയുേമ്പാൾ സമുദായ സൗഹാർദ്ദത്തിെൻറ പ്രതീകമായി ഇരുവരുടെയും 'തൊപ്പി - തലപ്പാവ് വെച്ചുമാറൽ' ചിത്രം ബാക്കിയാവുന്നു.
പേരിൽ മൗലവിയും വേഷത്തിൽ തൊപ്പിയും കൂടെ കൊണ്ടുനടന്ന വി.കെ. അബ്ദുൽഖാദർ മൗലവി, രാഷ്ട്രീയത്തിലും സമുദായങ്ങൾക്കിടയിലും എല്ലാവർക്കും സ്വീകാര്യനായിരുന്നു. സൗമ്യമായ പെരുമാറ്റവും മിതത്വവും പക്വതയും പാലിച്ചുള്ള വാക്കുകൾക്കും ലഭിച്ച അംഗീകാരമാണത്. മതസൗഹാര്‍ദത്തിനും സമുദായ ഐക്യത്തിനും വേണ്ടിയാണ് എന്നും നിലകൊണ്ടത്.
രാഷ്ട്രീയ സംഘർഷങ്ങളുടെ വിളനിലമായ കണ്ണൂരിൽ അദ്ദേഹം എന്നും സമാധാനത്തിെൻറ വാക്താവായിരുന്നു. അരനൂറ്റാണ്ടോളം നിറഞ്ഞുനിന്നിട്ടും കുറച്ചുകാലം ജില്ല കൗൺസിൽ/പഞ്ചായത്ത് അംഗമായത് ഒഴിച്ചാൽ പാർലമെൻററി രംഗത്ത് കാര്യമായ അവസരം ലഭിച്ചില്ല. അധികാരത്തിന് പിന്നാലെ ഓടിയ നേതാവായിരുന്നില്ല മൗലവി. 87ൽ അഴീക്കോട് മണ്ഡലത്തിൽ പത്രിക സമർപ്പിച്ച ശേഷം എം.വി. രാഘവന് വേണ്ടി പിൻവാങ്ങേണ്ടി വന്നപ്പോഴും വാക്കുകൊണ്ടുപോലും നീരസം പ്രകടിപ്പിച്ചില്ല. മുസ്ലിംലീഗ് രാഷ്ട്രീയത്തിൽ തലമുറകളെ കൂട്ടിയിണക്കിയ കാരണവരാണ് വിടവാങ്ങിയത്. അവസാന നാളുകളിലും പാർട്ടി പരിപരിപാടികളിൽ സജീവമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.