ഡോ. റോയി ചാലി: സംസ്ഥാനത്ത് വൃക്കമാറ്റത്തിന് നേതൃത്വം നൽകിയ ഡോക്ടർ

കോഴിക്കോട്: എറണാകുളത്ത് ജനിച്ച് കോഴിക്കോട്ടുകാരനായി ജീവിച്ച് സംസ്ഥാനത്തിന്‍റെ ചികിത്സ മേഖലയിൽ വൻ മാറ്റംകൊണ്ടുവന്ന ഡോക്ടറായിരുന്നു അന്തരിച്ച ഡോ. റോയി ചാലി. 1986ൽ സംസ്ഥാനത്ത് ആദ്യമായി വൃക്കമാറ്റ ശസ്ത്രക്രിയ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്നപ്പോൾ അതിൽ ഡോ. തോമസ് മാത്യുവിനൊപ്പം മുഖ്യ പങ്കുവഹിച്ചു. മലബാറിൽ ആദ്യമായി മൂത്രക്കല്ല് നീക്കാൻ താക്കോൽ ദ്വാര ശസ്ത്രക്രിയ നടത്തിയതും ഡോ. റോയിയാണ്.

തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് എം.ബി.ബി.എസും എം.എസും പൂർത്തിയാക്കി ഡൽഹി എയിംസിൽനിന്ന് യൂറോളജിയിൽ എം.സി.എച്ചും കഴിഞ്ഞു. തുടർന്ന് കോട്ടയത്ത് ജോലി തുടങ്ങി. 1973ലാണ് കോഴിക്കോട് മെഡിക്കൽ കോളജ് യൂറോളജി വിഭാഗത്തിൽ പ്രവേശിക്കുന്നത്. 1986ൽ സംസ്ഥാനത്തെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയയിൽ പങ്കാളിയായി. താക്കോൽ ദ്വാര ശസ്ത്രക്രിയ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തുന്നതിനായി ശ്രമിച്ചെങ്കിലും ഉപകരണങ്ങൾ ലഭ്യമാകാത്തതിനാൽ നടപ്പാക്കാനായില്ല. പിന്നീട് 1992ൽ വിരമിച്ച ശേഷം നാഷനൽ ഹോസ്പിറ്റലിൽ ജോലി തുടർന്നു. 1992 നവംബറിൽ നാഷനൽ ആശുപത്രിയിൽ വെച്ച് മലബാറിൽ ആദ്യമായി മൂത്രക്കല്ലിന് താക്കോൽ ദ്വാര ശസ്ത്രക്രിയ നടത്തി.

മരിക്കുന്നതിനു രണ്ടാഴ്ച മുമ്പു വരെ ഒ.പിയിൽ രോഗികളെ ചികിത്സിക്കുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു. എന്നും രോഗികൾക്കൊപ്പം നിന്ന ഡോക്ടറായിരുന്നു റോയ് ചാലിയെന്ന് അദ്ദേഹത്തിന്‍റെ ശിഷ്യനും സഹപ്രവർത്തകനുമായ യൂറോളജിസ്റ്റ് ഡോ. അബ്ദുൽ അസീസ് ഓർമിച്ചു. നല്ല അധ്യാപകനായിരുന്നു. മികച്ച ശസ്ത്രക്രിയാ വിദഗ്ധനും. രോഗികളോട് വളരെ സൗമ്യമായി പെരുമാറിയ അദ്ദേഹം രോഗികളുടെ മനസ്സിൽ സ്ഥാനം പിടിച്ച ഡോക്ടറാണെന്നും ഡോ. അസീസ് കൂട്ടിച്ചേർത്തു.

Tags:    
News Summary - Urologist roy chally doctor who led kidney transplantation in the state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.